Football
കഴിവുകള്‍ കൊണ്ട് ദൈവതുല്യനാണ് അയാള്‍; ഗോട്ട് ഡിബേറ്റില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗബ്രിയേല്‍ ഹെയ്ന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 07, 05:53 am
Sunday, 7th May 2023, 11:23 am

ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ആരാണ് GOAT എന്ന് തുറന്നുപറഞ്ഞ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ ഗബ്രിയേല്‍ ഹെയ്ന്‍സ്. കരിയറില്‍ ഇരുതാരങ്ങള്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഹെയ്ന്‍സ്. 2004 മുതല്‍ 2007 വരെ റൊണാള്‍ഡോക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച താരം അര്‍ജന്റൈന്‍ ദേശീയ ടീമില്‍ മെസിക്കൊപ്പവും കളം പങ്കുവെച്ചിട്ടുണ്ട്.

ഇരുവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ റൊണാള്‍ഡോയുടെ പേര് പറയുമെന്ന് ഹെയ്ന്‍സ് പറഞ്ഞു. ഫുട്ബോളറെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതലൊന്നും നേടാനില്ലെന്നും തന്റെ കഴിവുകള്‍ കൊണ്ട് റോണോ ദൈവത്തിനോടടുത്ത് നില്‍ക്കുന്നയാളാണെന്നും താരം പറഞ്ഞു. ദ സണ്ണിനോടാണ് ഹെയ്ന്‍സ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘രണ്ടുപേരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ റൊണാള്‍ഡോയുടെ പേര് പറയും. എനിക്ക് തോന്നുന്നില്ല, ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് കൂടുതല്‍ എന്തെങ്കിലും നേടാനുണ്ടെന്ന്. കഴിവുകള്‍ കൊണ്ട് അദ്ദേഹം ദൈവത്തിനടുത്താണ് ഇപ്പോള്‍.

ലിയോയെ കുറിച്ച പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം വിവരിക്കാനാവില്ല. അദ്ദേഹം ഈ ഗ്രഹത്തില്‍ നിന്നല്ല വരുന്നത്. എല്ലാത്തിലുപരി വളരെ ശാന്തമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്,’ ഹെയ്ന്‍സ് പറഞ്ഞു.

ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം. എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡോയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Gabriel Heinz talking about his favorite football player