ന്യൂദല്‍ഹി: അഴിമതിക്ക് ജയില്‍ ശിക്ഷ അനുഭവിച്ച ആര്‍.ബാലകൃഷ്ണ പിള്ളയും അച്യുതാനന്ദനും ഒരേ വേദിയില്‍ വന്നത് ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ സമരത്തിന്റെ മുനയൊടിച്ചെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍. ഇടതു വേദികളില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ എത്തിയപ്പോള്‍ സോളാര്‍ തട്ടിപ്പിനെതിരായ ഇടതു സമരത്തിന്റെ തീവ്രതയാണ് ഇല്ലാതായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോളാര്‍, ബാര്‍കോഴ അഴിമതിയേക്കാള്‍ സാധാരണക്കാരുടെ നിത്യജീവിതത്തെ ദുരിത പൂര്‍ണാമാക്കുന്നത് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, ക്രമാതീതമായി കുതിച്ചുയരുന്ന വിദ്യാഭ്യാസ ആരോഗ്യ ചെലവുകള്‍, കാര്‍ഷിക രംഗം നേരിടുന്ന പ്രതിസന്ധികള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളാണ്.
ഇതൊക്കെ ചൂണ്ടിക്കാട്ടാനും ക്രിയാത്മക ബദല്‍ മാര്‍ഗം നിര്‍ദേശിക്കാനും കഴിയുന്ന രാഷ്ട്രീയം ഇടതുപക്ഷം മുന്നോട്ടുവയ്ക്കണം. അല്ലാത്ത പക്ഷം വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിയാതെവരും. അരുവിക്കരയിലെ പരാജയം അതിലേക്കുള്ള ചൂണ്ടു പലകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാക്ഷര സമ്പന്നമായ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നത് ആശങ്ക ഉളവാക്കുന്നതാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനു കിട്ടേണ്ടുന്ന വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടുന്നത് ഗൗരവമായി പരിശോധിക്കണ്ടേതുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പില്‍ പുതുതായി പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ ബി.ജെ.പിക്കാണ് കിട്ടിയത്. ഇത് സൂചിപ്പിക്കുന്നത്, ഭരണവിരുദ്ധ വോട്ടുകള്‍ ബി.ജെ.പിക്ക് മാത്രമായി കിട്ടി എന്നാണ്. യു.ഡി.എഫിനു ബദലായി ജനം എല്‍.ഡി.എഫിനെ പരിഗണിക്കാത്തത് ഇടതുപക്ഷത്തിന്റെ പരാജയമാണെന്നും ദേവരാജന്‍ വ്യക്തമാക്കി.
അരുവിക്കരയില്‍ ഇരുപതിനായിരം പുതിയ വോട്ടുകളാണ് ഉണ്ടായിരുന്നത്. പോളിംഗ് കണക്കുകളില്‍ 6 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജി.കാര്‍ത്തികേയന് (56797) കിട്ടിയതിനേക്കാള്‍ 349 വോട്ടുകള്‍ കുറവാണ് ശബരീനാഥിന് (56448) കിട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിനുള്ള അംഗീകാരമല്ല ഫലമെന്ന് വ്യക്തമാക്കുന്നതാണിത്.
ഇടതുപക്ഷത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ സി.പി.ഐ.എമ്മില്‍ വി.എസ് അച്യുതാനന്ദനും ഔദ്യോഗിക പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പവും നിരാശയുമുണ്ടാക്കി. വി.എസിന്റെ പൊതുയോഗങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടായെങ്കിലും ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.