കൊച്ചി: ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48 പൈസയാണ് വില.
ഡീസല്‍ വിലയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയില്‍ 91 രൂപ 48 പൈസയുമാണ് ഡീസലിന്റെ വില.
13 ദിവസം തുടര്‍ച്ചയായി വര്‍ധിപ്പിച്ച ഇന്ധനവില രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ സമാനമായ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയില്‍ വര്‍ധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.
വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനത്തെ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക