Kerala News
ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി; മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എ.ബി.വി.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 07, 05:07 pm
Friday, 7th September 2018, 10:37 pm

കോഴിക്കോട്: ഇന്ധനവില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എ.ബി.വി.പി സംസ്ഥാന നേതാവ് കെ. ഷിജില്‍. ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളുടെ ജീവിത സമരത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഷിജില്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ഭാരതബന്ദ് നടത്താനിരിക്കെയാണ് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ സംസ്ഥാന നേതാവ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

“ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളുടെ ജീവിത സമരത്തോടുള്ള വെല്ലുവിളിയാണ്..പെട്രോള്‍ബ 83.36…പ്രതിഷേധം” എന്നായിരുന്നു ഷിജില്‍ ഫേസ്ബുക്ക് പോസ്റ്റ്. എ.ബി.വി.പി കോഴിക്കോട് സഭാംഗ്(പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളുടെ) സെക്രട്ടറിയാണ് നിലവില്‍ ഷിജില്‍.


Read Also : പഞ്ചാബ് സര്‍വകവലാശാലയില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇടതുസംഘടന; തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ വനിതാ പ്രസിഡന്റ്


ഇന്ധനവിലയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒമ്പതു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ പെട്രോളിന് 49 പൈസയുടെയും ഡീസലിന് 55 പൈസയുടേയും വര്‍ധനയാണുണ്ടായത്. ഇതോടെ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ് വില. ഡീസലിന് 75 രൂപ 96 പൈസയും. ദല്‍ഹിയില്‍ പെട്രോളിന് 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 49 പൈസ കൂടി 83.36 രൂപയായി. ഡീസലിന് 55 പൈസ വര്‍ധിച്ച് 77. 23 രൂപയായി.

കോഴിക്കോട് പെട്രോളിന് 82.24 രൂപയും കൊച്ചിയില്‍ 81 രൂപ 55 പൈസയുമാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 81.41 രൂപ.