World News
മാര്‍പാപ്പയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; യാത്ര ചെയ്യുന്നതിന് തടസമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 08, 09:51 am
Thursday, 8th June 2023, 3:21 pm

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായതായി വത്തിക്കാന്‍ അറിയിച്ചു. വയറിലെ ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയയാണ് ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ വെച്ച് നടന്നത്.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായും സുഖം പ്രാപിച്ചതിന് ശേഷം അദ്ദേഹത്തിന് യാത്ര ചെയ്യുന്നതിന് തടസമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ ആയിരുന്നു ഇന്നലെ നടന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും കുറച്ച് ദിവസം മാര്‍പാപ്പക്ക് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരും. ലാപ്രോട്ടയിലൂടെയായിരുന്നു മാര്‍പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ശസത്രക്രിയക്കിടെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ജൂണ്‍ 18വരെ അദ്ദേഹം വിശ്വാസികളെ കാണില്ലെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. 2021 ജൂലൈയില്‍ ജെമല്ലി ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന്റെ 33 സെന്റിമീറ്റര്‍ നീളമുള്ള വന്‍കുടല്‍ നീക്കം ചെയ്തിരുന്നു.

നേരത്തെ, പനി ബാധിച്ചതിനെ തുടര്‍ന്ന് മെയ് അവസാനത്തോടെ മാര്‍പാപ്പ പല പരിപാടികളും റദ്ദാക്കിയിരുന്നു. മുന്‍പ് അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗവും നീക്കംചെയ്തിരുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹം നേരിടുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം വീല്‍ചെയറും വാക്കറും ഉപയോഗിക്കുന്നുണ്ട്.

Content Highlight: Francis pope abdominal surgery completed