പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക്; ഫ്രാന്‍സിലെ നിയമപരിഷ്‌കരണം അംഗീകരിച്ച് ഭരണഘടനാ സമിതി; സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍
World News
പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക്; ഫ്രാന്‍സിലെ നിയമപരിഷ്‌കരണം അംഗീകരിച്ച് ഭരണഘടനാ സമിതി; സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 8:19 am

പാരിസ്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നിയമപരിഷ്‌കരണം അംഗീകരിച്ച് ഫ്രാന്‍സിലെ ഭരണഘടന സമിതി. നിയമനിര്‍മാണത്തിനെതിരെ മൂന്ന് മാസത്തോളമായി നടക്കുന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെയാണ് വെള്ളിയാഴ്ച നിയമം അംഗീകരിച്ചത്.

ഇതോട് കൂടി 15 ദിവസത്തിനുള്ളില്‍ ബില്‍ നിയമമാക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ നിയമം നടപ്പിലാക്കി തുടങ്ങുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണിന്റെ ഓഫീസ് അറിയിച്ചു. വര്‍ഷാവസാനത്തോട് കൂടി നിയമം പൂര്‍ണമായി നടപ്പിലാക്കാനാണ് തീരുമാനമെന്ന് മാക്രോണ്‍ പറഞ്ഞു.

അതേസമയം നിയമനിര്‍മാണത്തിനെതിരെ വെള്ളിയാഴ്ചയും നൂറുക്കണക്കിനാളുകള്‍ ബാസ്റ്റില്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ സമാധാനപരമായി നടന്ന മാര്‍ച്ചിനെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയും ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുമെന്ന് യൂണിയന്‍ പ്രതിനിധികളും പ്രതിപക്ഷവും ആഹ്വാനം ചെയ്തിട്ടുണ്ട്.

പരിഷ്‌കരണ ബില്ലിലെ ചില ആവശ്യങ്ങളും കൗണ്‍സില്‍ തള്ളി കളഞ്ഞെങ്കിലും പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്തുക, 43 വര്‍ഷം സര്‍വീസിലിരിക്കുന്നവര്‍ക്ക് മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ തുടങ്ങിയ ആവശ്യങ്ങള്‍ സമിതി അംഗീകരിച്ചിട്ടുണ്ട്.

പരമാവധി ഔദ്യോഗിക പ്രായം 62ല്‍ നിന്ന് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ റഫറണ്ടം അനുവദിക്കണമെന്ന ഇടതുപക്ഷ നിയമനിര്‍മാതാക്കളുടെ അഭ്യര്‍ത്ഥനയും സമിതി നിരസിച്ചു.

തീരുമാനത്തില്‍ നിരാശനാണെന്നും എന്നാല്‍ അതില്‍ അതിശയിക്കാനില്ലെന്നും പ്രതിഷേധക്കാരനായ ബാര്‍ട്ടര്‍ ലെന കായോ പറഞ്ഞു.

‘ഞങ്ങള്‍ ഇത്രയും ആഴ്ചകളായി പ്രതിഷേധിക്കുകയാണ്. ജനുവരി മുതല്‍ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച യൂണിയന്‍ നോതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ മാക്രോണ്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പ് നടത്തിയ ചര്‍ച്ചകളിലെ ആവശ്യങ്ങള്‍ തള്ളിയത് ചൂണ്ടിക്കാട്ടി യൂണിയന്‍ മാക്രോണിന്റെ ക്ഷണം നിരസിച്ചു.

അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ്  ഒന്നിന് പുതിയ പ്രതിഷേധങ്ങള്‍ നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നെതര്‍ലാന്‍ഡ്സിലെത്തിയ ഇമ്മാനുവല്‍ മക്രോണിന് നേരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.

ബുധനാഴ്ച ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ആണ് ഫ്രാന്‍സിലെ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധമുണ്ടായത്.

content highlight: France constitutional council agreed pension reformation bill