പാരിസ്: ഫ്രാന്‍സില്‍ കൊവിഡ് നാലാം തരംഗം ജൂലൈ അവസാനത്തോടെയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങള്‍. ഡെല്‍റ്റ വേരിയന്റിന്റെ സാന്നിദ്ധ്യം രാജ്യത്ത് വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
‘കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുകയാണ്. 30 ശതമാനം പേരിലും ഡെല്‍റ്റാ വേരിയന്റിന്റെ സാന്നിദ്ധ്യം പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്,’ സര്‍ക്കാര്‍ മുഖ്യവക്താവ് ഗബ്രിയേല്‍ അറ്റാല്‍ പറഞ്ഞു.
ഇതെല്ലാം നാലാം തരംഗത്തിന്റെ ലക്ഷണങ്ങളാണെന്നും ജൂലൈ അവസാനത്തോട് കൊവിഡ് നാലാം തരംഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയയും മന്ദഗതിയിലാണ് നടക്കുന്നത്. എല്ലാവരിലേക്കും വാക്‌സിന്‍ എത്താത്തതും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാക്കുമെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊത്തം ജനസംഖ്യയുടെ 36ശതമാനം പേര്‍ക്ക് മാത്രമെ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളു. ബാക്കിയുള്ളവര്‍ക്കും എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടൊപ്പം വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായതാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാന്‍ കാരണമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞത്.