Interview
നോട്ടു നിരോധനത്തിന് ശേഷം ബി.ജെ.പി കേരളത്തിലേക്ക് കോടികള്‍ ഒഴുക്കി; മുന്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സിബി സാം സംസാരിക്കുന്നു
അലി ഹൈദര്‍
2018 Dec 28, 10:27 am
Friday, 28th December 2018, 3:57 pm

ബി.ജെ.പിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട പത്തനംതിട്ട യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ഡ്യൂള്‍ന്യൂസിനോട് സംസാരിക്കുന്നു

  • ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാനുള്ള സാഹചര്യം എന്തായിരുന്നു?

ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നങ്ങളോ പരസ്പരം കലഹിക്കുന്ന പാര്‍ട്ടി നേതൃത്വമോ അല്ല ഞാന്‍ പാര്‍ട്ടി വിടാനുള്ള കാരണം. ഞാനുന്നയിക്കുന്ന വിഷയം ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും ബി.ജെ.പി ആസൂത്രിതമായി നീങ്ങുന്നു എന്നതാണ്. കാരണം കേരളത്തിലടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് ബി.ജെ.പി നേതൃത്വം എത്തിക്കഴിഞ്ഞു.

  •  ന്യൂനപക്ഷ സമുദായങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു എന്നതില്‍ കൂടുതല്‍ വിശദീകരിക്കാമോ?

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാനത്തെ സി.പി.ഐ.എം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. വരു ദിവസങ്ങളില്‍ കൂടുതല്‍ അറിയും.
സി.പി.ഐ.എം നേതൃത്വം തന്നെ വെളിപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ പറഞ്ഞ റെലവന്റായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ കീഴിലുള്ള അനാഥാലയങ്ങളുടെ അക്കൗണ്ടുകളൊക്കെ ഇവര്‍ മരവിപ്പിച്ചിട്ടുണ്ട്.

ചിലയിടത്തു നിന്നു റെയ്ഡ് നടത്തി രേഖകള്‍ കൊണ്ടുപോയിട്ടുണ്ട്. അതേസമയം ആര്‍.എസ്.എസ് ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. കേരളത്തില്‍ തന്നെയുണ്ട്. അവരെയൊന്നും തൊടുന്നുപോലുമില്ല.

ഈ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി വോട്ട് ബാങ്കിങ് ധ്രുവീകരണമുണ്ടാക്കുകയാണ് ലക്ഷ്യം. അതിന്റെയൊക്കെ ഭാഗമായിരിക്കാം മലപ്പുറത്തെ ക്ഷേത്രത്തിന് നേരയുള്ള അക്രമം.

  •    കേരളത്തില്‍ ബി.ജെ.പിയുടെ ഇത്തരം ശ്രമങ്ങള്‍ വിജയിക്കും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

കേരളമെന്നും ഉയര്‍ത്തിപ്പിടിച്ച ഒരു മൂല്യമുണ്ട്. ആ മൂല്യത്തില്‍ മാറ്റി ജനങ്ങളെ ചിന്തിപ്പിക്കുക, കമ്മ്യൂണലായി മാത്രം ജനങ്ങള്‍ ചിന്തിക്കുക. അതാണ് അവര്‍ ഉദ്ദേശിക്കുന്നത്. ശബരിമല വിഷയത്തിലടക്കം കമ്മ്യൂണലായി ചിന്തിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കിണഞ്ഞുശ്രമിച്ചിട്ടും അതൊന്നും നടക്കാതെപോയ സംസ്ഥാനമാണ് കേരളം.

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കിണഞ്ഞ് ശ്രമിച്ചിട്ടും, നിരന്തരം കേരളത്തിലെത്തിയിട്ടും, ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിലുള്ള സംഘടനാ സംവിധാനം മുഴുവനായി ഉപയോഗിക്കുകയും, കോടാനുകോടി രൂപ കേരളത്തില്‍ ഒഴുക്കുകയും ചെയ്തിട്ടും അതില്‍ അവര്‍ക്ക് വിജയിക്കാനാവുന്നില്ല. ബി.ജെ.പിക്ക് ഒരു വേരോട്ടവുമില്ലാത്ത വയനാട്ടിലും കണ്ണൂരിലുമടക്കം ഹൈടക് ഓഫീസുകള്‍, ഒരു ഓഫീസിനുവേണ്ടി ചിലവഴിച്ചത് അഞ്ചുകോടി, സ്ഥലം കണ്ടെത്താന്‍ മൂന്നുകോടി, അങ്ങനെ കോടാനുകോടി രൂപ മുടക്കിയിട്ട് സമൂഹത്തിന്റെ മുന്നില്‍ സ്വധീനം നേടാനോ വോട്ടുനേരെ അധികാരത്തിലെത്താനോ ബി.ജെ.പിക്ക് കഴിയുന്നില്ലല്ലോ.

  •  ഇത്രയും ആഢംബരമുള്ള ഓഫീസ് കെട്ടിടങ്ങള്‍ക്കുള്ള പണം എവിടെ നിന്നാണ് ?

കേരളത്തിന്റെ പതിനാല് ജില്ലകളിലും അതിനൂതന ടെക്നോളജിയുള്ള ഓഫീസ് കെട്ടിടങ്ങള്‍ ഉണ്ടാക്കിയിടാന്‍ കോടികളാണ് നേതൃത്വം കൊടുക്കുന്നത്. അതില്‍ കണ്ണൂര്‍ ഓഫീസിന്റെ ഉദ്ഘാടനമാണ് അമിത് ഷാ നേരിട്ട് വന്ന് നടത്തിയത്. അതുപോലെ തന്നെ വയനാട്ടിലും എറണാകുളത്തും കൊല്ലത്തും കോട്ടയത്തുമെല്ലാം ബി.ജെ.പി കോടാനുകോടി രൂപ മുടക്കി ഓഫീസ് പണിതുകൊണ്ടിരിക്കുകയാണ്.

നോട്ടുനിരോധനത്തിനുശേഷം ബി.ജെ.പി കോടാനുകോടി രൂപയാണ് കേരളത്തില്‍ ഓഫീസുകള്‍ പണിയാനായി എത്തിച്ചുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനവുമായി ഇതിന് ബന്ധമുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. നോട്ടുനിരോധനത്തിനുശേഷം സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടങ്ങള്‍ പണിയുകയുമാണ് ചെയ്തത്. ഇപ്പോഴുളള പല ഓഫീസുകളും പൊളിച്ചുകളഞ്ഞ് പുതിയത് പണിയുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലൊക്കെ കോടിക്കണക്കിന് രൂപമുടക്കി ബി.ജെ.പി സ്ഥലം വാങ്ങിക്കഴിഞ്ഞു. നോട്ടുനിരോധനത്തിനുശേഷം കേരളത്തില്‍ ബി.ജെ.പി ഓഫീസുകള്‍ക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ട്, ഫണ്ട് കിട്ടുന്നുണ്ട്. കണ്ണൂരിലെ ഓഫീസിന്റെ കാര്യം തന്നെ നോക്ക്. ചിത്രങ്ങള്‍ നോക്കിയാല്‍ തന്നെ കുറേ മനസിലാകും.

ദല്‍ഹിയില്‍ നിന്നും അമിത് ഷായ്ക്ക് നേരിട്ട് കോണ്‍ഫറന്‍സ് നടത്താന്‍ സൗകര്യമുള്ള, ആയിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയങ്ങളടക്കമുള്ള നാലും അഞ്ചും നില കെട്ടിടങ്ങളാണ് എടുത്തിട്ടിരിക്കുന്നത്.

Image result for amithsha at kannur

  •   ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ഗൂഢാലോചനയുണ്ടായിരുന്നോ?

തീര്‍ച്ചയായിട്ടും. ഹിന്ദി ഹൃദയഭൂമിയില്‍ പയറ്റി വിജയിച്ച തന്ത്രം കേരളത്തിലേക്കും കടത്തിവിടാനുള്ള അവരുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ശബരിമല വിഷയത്തില്‍ അവരുടെ നിലപാട് മാറ്റം. കാരണം വിധി വരുന്നതിന് മുമ്പു തന്നെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനുകൂലമായ നിലപാടെടുത്ത സംഘടനയാണ് ആര്‍.എസ്.എസ്.

വിധി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം ജന്മഭൂമി പത്രത്തില്‍ ഈ വിധിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രതികരണം ഉള്ളത്. അതിനുശേഷം ഒരു പറ്റം വിശ്വാസികള്‍ക്ക് ഇതില്‍ പ്രതിഷേധമുണ്ടെന്ന് മനസിലാക്കി അതിന്റെ മുന്നില്‍ കയറി നില്‍ക്കുകയാണ് ബി.ജെ.പി ചെയ്തത്.

Image result for sabarimala strike

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാനൊന്നും വിശ്വാസ സമൂഹം ചെന്നിട്ടില്ല. സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കാനായി നാമജപ ഘോഷയാത്രയെന്നു പറഞ്ഞ് ബി.ജെ.പി നടത്തിയ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകളാണ് ശബരിമലയില്‍ നടന്നിരിക്കുന്നത് മുഴുവന്‍. ഓരോ ദിവസത്തെയും നാമജപം എന്നു പറഞ്ഞ് നടത്തിയിരിക്കുന്ന പരിപാടി ബി.ജെ.പിയുടെ അതിശക്തരായ, പമ്പയിലേയും ശബരിമലയിലേയും പൊലീസുകാര്‍ക്കുപോലും പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പ്രവര്‍ത്തകരാണ്.

കേരളത്തില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ എണ്ണത്തില്‍ ഭീമമായി കുറഞ്ഞിട്ടുണ്ട്. അത് നിഷ്പക്ഷരായ ഭക്തരാണ്. അവര്‍ പോകാത്തത് അവിടെ ആര്‍.എര്‍.എസിന്റെ അക്രമം ഭയന്നിട്ടാണ്. സുവര്‍ണാവസരം എന്ന് പറഞ്ഞ ശബരിമല ബി.ജെ.പിക്ക് സത്യത്തില്‍ വലിയ രീതിയില്‍ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. അത് ഭാവിയില്‍ കൂടുതല്‍ വ്യക്തമാകും.

  •  ശബരിമല സമരത്തില്‍ എന്‍.എസ്.എസിന്റെ പങ്കെന്താണ്?

മന്നത്തു പത്മനാഭന്റെ കാലം തൊട്ടേ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന്റെ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംഘടനയാണ് എന്‍.എസ്.എസ്. നിലവില്‍ ബി.ജെ.പിയുടെ ഭാരവാഹികളും സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരുമായ 80%ത്തോളം പേര്‍ എന്‍.എസ്.എസുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ്.

എന്നും സമദൂരത്തില്‍ ശരിദൂരം കണ്ടെത്തിയിരുന്ന പ്രസ്ഥാനം ഇന്ന് ബി.ജെ.പിയുടെ ബി.ടീമായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അയ്യപ്പജ്യോതിയിലുള്‍പ്പെടെ എന്‍.എസ്.എസ് സ്വീകരിച്ച നിലപാട് അതാണ് വ്യക്തമാക്കുന്നത്.

  • രാഹുല്‍ ഈശ്വറിനെ മുന്നില്‍ നിര്‍ത്തിയത് ബി.ജെ.പിയാണോ ?

രാഹുല്‍ ഈശ്വറും ബി.ജെ.പിയും തമ്മില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും പഴയകാല ചെയ്തികളും എടുത്തുനോക്കിയാല്‍ ബി.ജെ.പി കേരളത്തില്‍ എത്രത്തോളം വര്‍ഗീയത പറയുന്നുവോ അതിനൊരു പടി മുകളിലായി കേരളത്തില്‍ വര്‍ഗീയത പറയുന്ന ഒരാളാണ് അദ്ദേഹമെന്ന് മനസിലാകും. പണ്ടുകാലത്ത് ഇവര്‍ നടപ്പിലാക്കിക്കൊണ്ടിരുന്ന ഒരു ചിന്താഗതിയുണ്ടല്ലോ, ബ്രാഹ്മണര്‍ ഭരിക്കേണ്ടവരും മറ്റുള്ളവര്‍ ഭരിക്കപ്പെടേണ്ടവരുമാണെന്ന ചിന്താഗതി, ആ ചിന്താഗതിയോട് ചേര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ നില്‍ക്കുന്നത്.

രാജ്യത്തെ ഏറ്റവും വര്‍ഗീയ സംഘടനയായ ബി.ജെ.പി പറയാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ കൂടി അതിനൊരുപടി മുന്നോട്ടുചേര്‍ന്ന് പറയുന്നയാളാണ് രാഹുല്‍ ഈശ്വര്‍.

Related image

  • കെ. സുരേന്ദ്രന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെ അല്ലേ വ്യക്തമാക്കുന്നത്?

ശബരിമല വിഷയം ആളിക്കത്തിച്ച് അതിന്റെ മുന്നില്‍ നിന്ന് കേരളത്തിലെ ബി.ജെ.പിയുടെ ശക്തനായ നേതാവാകാന്‍ ശ്രമിച്ചയാളാണ് സുരേന്ദ്രന്‍. നേതൃത്വത്തിന് അറിയാതെയാണ് അദ്ദേഹം ശബരിമലയില്‍ പോയതും അറസ്റ്റു വരിച്ചതുമൊക്കെ.

സംസ്ഥാന പ്രസിഡന്റാകാന്‍ പറ്റാതിരുന്ന നേതാവിന് കേരളത്തിലെ ബി.ജെ.പിയുടെ ശക്തിയായി മാറാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയത്. ബി.ജെ.പി നേതൃത്വം പറഞ്ഞിട്ടാണ് സുരേന്ദ്രന്‍ പോയതെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം ജയിലില്‍ പോയപ്പോള്‍ തന്നെ ദിവസങ്ങള്‍ക്കുശേഷമാണ് സംസ്ഥാന പ്രസിഡന്റ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കകത്തെ ഗ്രൂപ്പിസം ഒന്നുകൂടി മൂര്‍ച്ഛിക്കുകയാണുണ്ടായത്.

Related image

സുരേന്ദ്രനെ അറസ്റ്റു ചെയ്തത് സത്യത്തില്‍ ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചുകളഞ്ഞു. കാരണം നേതൃത്വത്തിന്റെ അറിവോടയല്ലാതെ അവിടെ പോയ വ്യക്തി അറസ്റ്റു ചെയ്യപ്പെട്ടിട്ടും അതിന് വാര്‍ത്താ പ്രാധാന്യം ലഭിച്ചതുമെല്ലാം ബി.ജെ.പി നേതൃത്തെ ഞെട്ടിപ്പിച്ചു. എങ്ങനെയെങ്കിലും സുരേന്ദ്രന്‍ ജയിലില്‍ പോകാതെ അദ്ദേഹത്തെ പുറത്തിറക്കാനാകുമോയെന്ന് ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയയാളും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാണ്. കാരണം പുറത്തുള്ള സുരേന്ദ്രനെക്കാളും കരുത്തനാകുമോ അകത്തുള്ള സുരേന്ദ്രനെന്ന് ബി.ജെ.പിക്കുള്ളില്‍ ഭയമുണ്ടായിരുന്നു.

  • ബി.ജെ.പിയിലെ യുവാക്കളുടെ സാന്നിധ്യം?

യുവമോര്‍ച്ച എന്നു പറയുന്ന സംഘടനകൊണ്ട് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലയെന്ന് ബോധ്യപ്പെട്ട ഒരു വ്യക്തിയാണ് ഞാന്‍. പത്തോ ഇരുപതോ പേരെക്കൂടി പരിപാടി നടത്തിയതല്ലാതെ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന എന്ത് പരിപാടിയാണ് കേരളത്തില്‍ യുവമോര്‍ച്ച നടത്തിയിട്ടുള്ളത്.

രാജ്യത്ത് നരേന്ദ്രമോദി തരംഗമുണ്ടായപ്പോള്‍ അത് ഒരു ശതമാനംപോലും ഉണ്ടാവാത്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ട് യുവാക്കള്‍ കൂടുതലായി യുവമോര്‍ച്ചയിലേക്ക് വന്നുവെന്നൊന്നും പറയാനാവില്ല. എന്നും ഉള്ള പത്തോ നൂറോ ആളുകളുണ്ട് എല്ലാ ജില്ലയിലും. അത് കാലാകാലങ്ങളായി ഉള്ളതാണ്. എല്ലാ തവണയും ഇവര്‍ തന്നെ കാണും. പുതിയതായും ആരും വരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓരോ ജില്ലയിലും നടന്ന പരിപാടികള്‍ എടുത്തുനോക്കൂ. പുതിയ മുഖങ്ങളെയൊന്നും ഇവര്‍ അവതരിപ്പിച്ചിട്ടില്ല.

  • കുമ്മനത്തിന്റെ ഗവര്‍ണര്‍ സ്ഥാനം?

അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി. കേരളത്തിലെ ആര്‍.എസ്.എസിന്റെ പ്രചാരകനും സജീവ പ്രവര്‍ത്തകനുമായ ഒരാളെ എടുത്തു കളയാന്‍ പറ്റാത്തതുകൊണ്ട് ഗവര്‍ണറാക്കി. അദ്ദേഹം പ്രസിഡന്റായതിനുശേഷം ഒരു നേട്ടവുമുണ്ടാക്കാന്‍ പറ്റിയില്ലയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കാരണം അതിനുശേഷം വന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹത്തിന് വലിയ ചലനങ്ങളുണ്ടാക്കാന്‍ പറ്റിയിട്ടില്ലല്ലോ.

  • ബി.ജെ.പി സംസ്ഥാനഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയനേതൃത്വം തൃപ്തരാണോ?

ഇപ്പോള്‍ ബി.ജെ.പി എന്ന പാര്‍ട്ടിക്കൊരു ഐഡന്റിറ്റിയുണ്ടോ. ഒരു സമരം നടത്തി അത് വിജയിപ്പിക്കാനുള്ള ത്രാണിയൊന്നും ഇപ്പോഴത്തെ ബി.ജെ.പിക്കില്ല. ആര്‍.എസ്.എസ് നേതൃത്വം പോലും ബി.ജെ.പി നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് നല്ലൊരു തുക ഫണ്ട് വേണം. കേന്ദ്രത്തില്‍ നിന്നും വരുന്ന പണം ആര്‍.എസ്.എസാണ് കൈകാര്യം ചെയ്യുന്നത്. പണം നല്‍കാന്‍ പോലും ബി.ജെ.പി നേതാക്കളെ ദേശീയ ഘടകത്തിന് വിശ്വാസമില്ല. എന്നിട്ടാണ് ആര്‍.എസ്.എസ് ബി.ജെ.പ്പിക്കാരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി അവര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നത്.

Image result for sreedharan pillai

ഉത്തരേന്ത്യയിലൊക്കെ നടപ്പിലാക്കിയ കളി ഇവിടെയും പയറ്റാന്‍ നോക്കി അമ്പേ പരാജയപ്പെടുകയാണുണ്ടായത്. കേരളത്തിനൊരു മതനിരപേക്ഷമനസ്സുണ്ട്. അതൊന്നും പെട്ടന്ന് മാറില്ല. അത് മലയാളിയുടെ ഒരു സത്തയാണ്. അതൊന്നും തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കാവില്ല. അത് കുറച്ചൊക്കെ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പുറത്തു പറയുന്നില്ലെങ്കിലും.

കേരളത്തിലെ ബി.ജെ.പി നേതൃത്വം മന്ദബുദ്ധികളുടെ ഒരുകൂട്ടമാണെന്നാണ് ദേശീയ നേതൃത്വം വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ സുവര്‍ണാവസരം എന്നുള്ള പ്രസംഗമൊക്കെ പുറത്തുവരാനുള്ള സാഹചര്യമുണ്ടായത്. ബി.ജെ.പിക്ക് അകത്ത് വ്യക്തമായ ഗ്രൂപ്പിസമാണ്. ഉത്തരേന്ത്യയില് നടത്തുന്ന വര്‍ഗീയ സംഘര്‍ഷവും മറ്റുകാര്യങ്ങളുമൊക്കെ ഇവിടെ നടത്താന്‍ കഴിയാതെ പോകുന്നത് ബി.ജെ.പിക്ക് അകത്ത് ഗ്രൂപ്പിസമുള്ളതുകൊണ്ട് കൂടിയാണ്. ഗോള്‍ഡന്‍ ഓപ്പര്‍ച്യുണിറ്റി പ്രസംഗം വരെ ഇവര് റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടുന്നത് ഈ ഗ്രൂപ്പിസം കാരണമാണ്. പല സംസ്ഥാന ഭാരവാഹികളുടെയും ഫേസ്ബുക്ക് വഴിയാണ് പ്രസംഗം പുറത്തായത്.

  • താങ്കള്‍ക്ക് പിന്നാലെ ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷയും പാര്‍ട്ടിവിടുന്നു, ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമോ?

ഞാന്‍ പറഞ്ഞില്ലേ എന്തു കൊണ്ട് രാജിവെച്ചുവെന്ന്. പശുവിന്റെ പേരില്‍ എത്രയെത്ര നിരപരാധികളെയാണ് പേരെയാണ് കൊന്നൊടുക്കിയത്. എതിരഭിപ്രായം പറയുന്നവരെയൊക്കെ തീവ്രവാദികളാക്കുന്നു. അസഹിഷ്ണുത. ഒരു കാര്യവുമില്ലാതെ അക്രമം ഉണ്ടാക്കുക. ഇപ്പോള്‍ ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹമുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ വെറുതെ വിടുമോ. വീടാക്രമിക്കില്ലേ. പോയവരെയൊക്കെ അങ്ങനെ ചെയ്തില്ലേ. ഇതൊക്കെ ആര്‍ക്കേലും അംഗീകരിക്കാന്‍ പറ്റുമോ. എനിക്ക് മാത്രമല്ല. ഈ വൃത്തികെട്ട രാഷ്ട്രീയത്തോട് വിയോജിപ്പുള്ള നിരവധി പേരുണ്ട് അതിനകത്ത്.

ബി.ജെ.പിയുടെ നയത്തില്‍ പ്രതിഷേധിച്ച് ഇനിയും നിരവധി പേര്‍ രാജിവെക്കും. ഞാന്‍ ആരെയും രാജിവെപ്പിക്കാന്‍ ശ്രമിക്കില്ല പക്ഷെ. ഒത്തിരി പേര്‍ പുറത്തു ചാടാന്‍ വേണ്ടി കാത്തു നില്‍ക്കുകയാണ്. വലിയൊരു കൊഴിഞ്ഞു പോക്ക് അടുത്തു തന്നെ പ്രതീക്ഷിക്കുന്നു.

  • രാജിവെച്ചതിന് ശേഷം ഭീഷണി വല്ലതും ഉണ്ടായിരുന്നോ?

എനിക്കെതിരെ വ്യാജ ആരോപണങ്ങളുയര്‍ത്തി വ്യക്തിഹത്യ ചെയ്യകയാണിപ്പോള്‍ സംഘപരിവാര്‍. എന്നെ മാനസീകമായി തകര്‍ക്കുക എന്നതാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചരണമാണ് നടക്കുന്നത്. അതിലൊന്നും തളരുകയോ ഭയപ്പെടുകയോ ഇല്ല നരേന്ദ്രമോദിയെ അല്ലങ്കില്‍ അമിത്ഷായെ ഭയമില്ല പിന്നെ അല്ലേ കേരളത്തിലെ ബി.ജെ.പിക്കാര്‍.

  • ഭാവി പരിപാടി ?

കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍