'2023 ലോകകപ്പ് ഇന്ത്യക്ക്'
World Cup 2023
'2023 ലോകകപ്പ് ഇന്ത്യക്ക്'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 3:19 pm

2011ന് ശേഷം ഏകദിന ലോകകപ്പിന് ഇന്ത്യ ഒരിക്കല്‍ക്കൂടി വേദിയാവുകയാണ്. 1983ല്‍ കപില്‍ ദേവിന്റെ ചിറകിലേറി ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ, അതിന് ശേഷം ലോകകപ്പില്‍ മുത്തമിടുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ യുവരാജ് സിങ്ങിനെ സാക്ഷി നിര്‍ത്തി ധോണി ഗ്യാലറിയിലേക്ക് സിക്‌സര്‍ പായിച്ചപ്പോള്‍ ക്രിക്കറ്റ് ലോകമൊന്നാകെ ഇന്ത്യക്കായി കയ്യടിച്ചു. ‘ധോണി ഫിനിഷസ് ഇന്‍ സ്റ്റൈല്‍, ഇന്ത്യ ലിഫ്റ്റ്‌സ് ദി വേള്‍ഡ് കപ്പ്’ എന്ന രവി ശാസ്ത്രിയുടെ വാക്കുകള്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല.

പക്ഷേ, പിന്നാലെ വന്ന രണ്ട് ലോകകപ്പിലും ഇന്ത്യക്ക് നഷ്ടം മാത്രമായിരുന്നു സ്വന്തമായുണ്ടായിരുന്നത്. 2015ലും 2019ലും ധോണിപ്പട തല താഴ്ത്തി മടങ്ങുകയായിരുന്നു.

എന്നാല്‍ 2023 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് പ്രവചിക്കുകയാണ് ഇതിഹാസ താരം ജോണ്ടി റോഡ്‌സ്. 2023 ഐ.സി.സി ലോകകപ്പ് ഫേവറിറ്റുകള്‍ ഇന്ത്യയാണെന്നാണ് റോഡ്‌സ് പറഞ്ഞത്.

ബൈലാറ്ററല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പുലര്‍ത്തുന്ന മികവാണ് ജോണ്ടി റോഡ്‌സ് ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ ഷെല്‍ഫിലേക്ക് മറ്റൊരു ലോകകപ്പ് കിരീടം ഇന്ത്യക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ശേഷം ഒരിക്കല്‍ പോലും ഇന്ത്യക്ക് ഒരു ഐ.സി.സി കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. പല ലോകകപ്പുകളുടെ നോക്ക് റൗണ്ടുകളില്‍ പ്രവേശിച്ചെങ്കിലും കിരീടം എന്നത് ഇന്ത്യക്ക് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.

തങ്ങളുടെ അവസാന കിരീടം നേടി ഒരു ദശാബ്ദം തികയുന്ന വേളയില്‍ ഇന്ത്യക്കായി അടുത്ത കിരീടമെന്നത് ഒരോ ഇന്ത്യക്കാരനും സ്വപ്‌നം കാണുകയാണ്.

ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീം സമീപകാലത്ത് പുറത്തെടുക്കുന്ന മികച്ച പ്രകടനം തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. 2023ലെ മാത്രം ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം മാത്രം കണക്കിലെടുത്താല്‍ ഇക്കാര്യം മനസിലാകും.

ശ്രീലങ്കക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയും ഇന്ത്യ പുറത്തെടുത്ത മികവ് ലോകകപ്പിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യ വീണ്ടും ലോകകപ്പുയര്‍ത്തുമെന്നുറപ്പാണ്.

എന്നാല്‍ ബൈലാറ്ററല്‍ സീരീസുകള്‍ ക്ലീന്‍ സ്വീപ് ചെയ്ത് വിജയിക്കുകയും ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുമ്പോഴും ലോകകപ്പുകളില്‍ മുട്ടിടിക്കുന്നത് ഇന്ത്യയുടെ പ്രധാന പ്രശ്‌നമാണ്, മുമ്പും അത് പലകുറി കണ്ടതുമാണ്.

എന്നാല്‍ ഇത്തവണ ലോകകപ്പ് ഒരിക്കല്‍ക്കൂടി ഇന്ത്യ വേദിയാകുമ്പോള്‍ സ്വന്തം മണ്ണില്‍ വെച്ച് രോഹിത്തും സംഘവും ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Former South African star Jonty Rhodes says India id favorites to win World Cup