ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ റോയല്‍ ചാലഞ്ചേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഫാഫ് ഡുപ്ലസിസിന്റെ നേതൃത്വത്തില്‍ പടയ്ക്കിറങ്ങുന്ന ടീം പ്ലേ ഓഫില്‍ പ്രവേശിക്കാതെ മടങ്ങാനാണ് സാധ്യയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്ന് തന്റെ വാക്കുകളെ തെറ്റാണെന്ന് തെളിയിക്കാന്‍ ബെംഗളൂരുവിന് കഴിയുമെന്നും, അഥവാ അവര്‍ക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍ തനിക്ക് ഒരു അത്ഭുതവും ഉണ്ടാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
‘ആര്‍.സി.ബി ഇത്തവണ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ സാധിക്കും,’ ആകാശ് ചോപ്ര പറയുന്നു.
ലോവര്‍ മിഡില്‍ ഓര്‍ഡറുകളില്‍ ടീമിന് വേണ്ടത്ര കാര്യക്ഷമതയില്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു.
10.75 കോടിക്ക് ശ്രീ ലങ്കന്‍ യുവതാരം വാനിന്ദു ഹസരങ്കയെ ബെംഗളൂരു വാങ്ങേണ്ടിയിരുന്നില്ലെന്നും പകരം ചഹലിനെയോ രാഹുല്‍ ചഹറിനെയോ സ്വന്തമാക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘ആര്‍.സി.ബിക്ക് ടോപ് ഓര്‍ഡറില്‍ ഫാഫ് ഡു പ്ലെസിസും ദിനേഷ് കാര്‍ത്തിക്കും മഹിപാല്‍ ലോമ്റോറും കളിക്കാനുണ്ട്. ഹസരങ്കയ്ക്കായി ഇത്രയും പണം ചെലവഴിക്കുന്നതിന് പകരം അവര്‍ക്ക് യുസ്വേന്ദ്ര ചഹലിനെയോ രാഹുല്‍ ചഹറിനെയോ ടീമിലെടുക്കാമായിരുന്നു. മുമ്പ് ടീമിന് ഉണ്ടായിരുന്ന ലോവര്‍ മിഡില്‍ ഓര്‍ഡറിന്റെ പോരായ്മകള്‍ ഇപ്പോഴും ടീമിനെ അലട്ടുന്നുണ്ട്,’ ആകാശ് ചോപ്ര പറയുന്നു.
വിരാട് കോഹ്‌ലി ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഫാഫ് ഡുപ്ലസിസ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. എല്ലാ സീസണിലെയും പോലെ ആരാധകര്‍ ഇത്തവണയും ടീമിന്റെ പ്രകടനത്തില്‍ പ്രതീക്ഷ വെക്കുന്നുണ്ട്.
മാര്‍ച്ച് 27നാണ് ആര്‍.സി.ബിയുടെ ആദ്യ മത്സരം. പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍.