Sports News
രോഹിത്തിനെ പുറത്താക്കുന്നതിനെ കുറിച്ച് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുക? ഇന്ത്യന്‍ നായകനെ പിന്തുണച്ച് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
15 hours ago
Friday, 14th March 2025, 11:39 am

ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരണമെന്ന ആവശ്യവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ നവ്ജോത് സിങ് സിദ്ദു. ഇന്ത്യയ്ക്ക് ഇപ്പോഴും രോഹിത് ശര്‍മയ്ക്ക് അനുയോജ്യമായ പകരക്കാരനെ കണ്ടെത്താനായിട്ടില്ല എന്ന് പറഞ്ഞാണ് മുന്‍ താരം ഈ ആവശ്യം ഉന്നയിച്ചത്.

രോഹിത് ശര്‍മയെ പുറത്താക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നതെന്നും ഇംഗ്ലണ്ടില്‍ ക്യാപ്റ്റന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും സിദ്ദു പറഞ്ഞു. യുവ താരങ്ങളെയും പരിചയ സമ്പന്നരായ കളിക്കാരുടെയും സംയോജനം ആവശ്യമാണെന്നും ടീമില്‍ സന്തുലിതാവസ്ഥ കണ്ടെത്തുന്നത് വരെ രോഹിത് ക്യാപ്റ്റനായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ടോക്കിനോട് സംസാരിക്കവെയാണ് മുന്‍ താരം അഭിപ്രായം പറഞ്ഞത്.

 

‘രോഹിത് ശര്‍മയെ പുറത്താക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുക? ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സെഞ്ച്വറി. സീനിയര്‍ താരങ്ങളെയും യുവ കളിക്കാരെയും സന്തുലിതമാക്കി നിലനിര്‍ത്തുകയാണ് പ്രധാനം.

2027 വരെ പരിചയസമ്പന്നരായ കളിക്കാരുടെയും യുവ പ്രതിഭകളുടെയും സംയോജനം നമുക്ക് ആവശ്യമാണ്. ആ സന്തുലിതാവസ്ഥ കണ്ടെത്തുന്നതുവരെ, നമുക്ക് ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ കഴിയില്ല. ഇതൊരു അടിസ്ഥാനരഹിതമായ ചോദ്യമാണ്; രോഹിത് ക്യാപ്റ്റനായി തുടരണം,’ സിദ്ദു പറഞ്ഞു.

കൂടാതെ, ഓസ്ട്രേലിയക്കെതിരെ മാറി നില്‍ക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം നിസ്വാര്‍ത്ഥമാണെന്നും ടീമിന് കഴിവുള്ള ബാക്കപ്പ് ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് 10 പേര്‍ക്ക് 20 വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവസാന നിമിഷം ഒരു ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോള്‍, നമ്മള്‍ ആരെയാണ് ആശ്രയിക്കുന്നത്? ഉദാഹരണത്തിന് രോഹിത് ശര്‍മയെ എടുക്കുക.

ഓസ്‌ട്രേലിയക്കെതിരെ നടന്ന അഞ്ചാം ടെസ്റ്റില്‍ അദ്ദേഹം കളിച്ചില്ല, കാരണം അദ്ദേഹം നിസ്വാര്‍ത്ഥമായി മാറിനില്‍ക്കാനുള്ള തീരുമാനമെടുത്തു. അദ്ദേഹത്തിന് പകരക്കാരനായി വന്ന കളിക്കാരന് 150 റണ്‍സ് നേടാന്‍ കഴിഞ്ഞോ? കഴിവുള്ള ഒരു ബാക്കപ്പ് ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണ്,’ സിദ്ദു പറഞ്ഞു.

രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 2024ല്‍ ടി 20 ലോകകപ്പും ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷക്കൊത്തുള്ള പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോടും ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാന മത്സരത്തില്‍ നിന്ന് രോഹിത് മാറിനിന്നിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മത്സരം നയിച്ചിരുന്നത്.

Content Highlight: Former Indian Cricketer Navjot Singh Sidhu Supports Indian Captain Rohit Sharma