Advertisement
Football
'പി.എസ്.ജി സൂപ്പര്‍താരങ്ങളെ മാത്രം ആശ്രയിച്ച് കളിക്കുന്നു, എംബാപ്പെ അപകടകാരി'; പരാമര്‍ശവുമായി മുന്‍ ഫ്രഞ്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 06, 09:32 am
Monday, 6th February 2023, 3:02 pm

ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ടോളോസിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജി വിജയിച്ചിരുന്നു. ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ട് ഗോളുകള്‍ നേടി പി.എസ്.ജി വിലപ്പെട്ട രണ്ട് പോയിന്റുകള്‍ തങ്ങളുടെ അക്കൗണ്ടിലാക്കിയത്.

നെയ്മറും എംബാപ്പെയും ടോളോസിനെതിരെയുള്ള സ്‌ക്വാഡില്‍ ഇടം പിടിച്ചിരുന്നില്ല. പരിക്ക് മൂലമാണ് ഇരുതാരങ്ങള്‍ക്കും ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. മത്സരത്തില്‍ ലയണല്‍ മെസിയും അഷ്‌റഫ് ഹക്കിമിയുമാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്.

ഹക്കിമി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മെസി പന്ത് പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

പരിക്കിന്റെ പിടിയിലായതിനാല്‍ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെയും, നെയ്മറും സ്‌ക്വാഡിലുണ്ടായിരുന്നില്ല. മത്സരത്തിന് ശേഷം അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് മുന്‍ ബയേണ്‍ മ്യൂണിക് ഫ്രഞ്ച് താരം ബിഷന്റെ ലിസഹാസു.

പി.എസ്.ജിയുടെ പരിശീലകന്‍ ക്രിസറ്റഫ് ഗാള്‍ട്ടിയര്‍ മെസി, എംബാപ്പെ, നെയ്മര്‍ എന്നീ താരങ്ങളെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് ലിസഹാസു പറഞ്ഞു. ടെലിഫൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ക്രിസറ്റഫ് ഗാള്‍ട്ടിയര്‍ സൂപ്പര്‍താരങ്ങളെ വളരെയധികം ആശ്രയിച്ചാണ് മത്സരം പ്ലാന്‍ ചെയ്യുന്നത്. അതല്ലാതെ ടീം ബാലന്‍സ് ചെയ്യാന്‍ അദ്ദേഹത്തിനായിട്ടില്ല. തീര്‍ച്ചയായും എംബാപ്പെ ഇല്ലാത്ത മത്സരം വലിയ പ്രതിസന്ധി സൃഷ്ടിക്കും. കാരണം അദ്ദേഹത്തിന്റെ വേഗതയും പ്രതിരോധത്തെ വിറപ്പിച്ച് നിര്‍ത്തുന്ന രീതിയും അങ്ങനെയാണ്. കിലിയന്‍ എംബാപ്പെ ഇല്ലാത്ത പി.എസ്.ജി അത്ര അപകടകാരിയല്ല,’ ലിസഹാസു പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14നാണ് പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നത്. പരിക്കിന്റെ പിടിയിലായതിനാല്‍ എംബാപ്പെക്ക് മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ നെയ്മര്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ലീഗ് വണ്ണില്‍ 22 മത്സരങ്ങളില്‍ നിന്നും 17 വിജയം ഉള്‍പ്പെടെ 54 പോയിന്റുമായി ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഫെബ്രുവരി ഒമ്പതിന് ഫ്രഞ്ച് കപ്പില്‍ ചിര വൈരികളായ മാഴ്‌സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Former French player Bixente Lizarazu talking about Christophe Galtier and PSG