കർണാടകയിൽ മുൻ ബി.ജെ.പി എം.എൽ.എ കോൺഗ്രസിൽ; രണ്ടുപേർ കൂടെ താവളം മാറാൻ ഒരുങ്ങുന്നു
national news
കർണാടകയിൽ മുൻ ബി.ജെ.പി എം.എൽ.എ കോൺഗ്രസിൽ; രണ്ടുപേർ കൂടെ താവളം മാറാൻ ഒരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th October 2023, 3:57 pm

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ചേർന്ന് മുൻ ബി.ജെ.പി എം.എൽ.എ രാമണ്ണ എസ്. ലമനി. ബെംഗളൂരുവിലെ കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ കർണാടക ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ്‌ അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

രണ്ടുപ്രാവശ്യം എം.എൽ.എ ആയിരുന്ന രാമണ്ണക്ക് മെയ്‌ മാസത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടിക ജാതിക്കായി സംവരണം ചെയ്ത ഷിരാഹട്ടി മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുൻ ബി.ജെ.പി എം.എൽ.എയായ എം.പി. കുമാരസ്വാമിയും രാമണ്ണയോടൊപ്പം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ‌യെ സന്ദർശിച്ച് കോൺഗ്രസിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സിദ്ധരാമയ്യയുടെ കാവേരിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

മുൻ ബി.ജെ.പി എം.എൽ.എ പൂർണിമ ശ്രീനിവാസ് ഒക്ടോബർ 20ന് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ്‌ അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെയും സന്ദർശിച്ച ശേഷമായിരുന്നു പൂർണിമ ശ്രീനിവാസിന്റെ തീരുമാനം. 2018 മുതൽ 2023 വരെ ഹിരിയൂർ മണ്ഡലത്തിൽ എം.എൽ.എ ആയിരുന്നു പൂർണിമ.

ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂർണിമ കോൺഗ്രസ്‌ പാർട്ടിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ ബി.ജെ.പിയിൽ തന്നെ തുടരുകയും മണ്ഡലത്തിൽ നിന്ന് പരാജയം ഏറ്റുവാങ്ങുകയുമായിരുന്നു.

താൻ ഉൾപ്പെടുന്ന ഗൊല്ല സമുദായത്തോടുള്ള ബി.ജെ.പിയുടെ വാദ്ഗാനങ്ങൾ പഠിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു പൂർണിമയുടെ ആരോപണം.

ഉടൻ തന്നെ ധാരാളം ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് ശിവകുമാർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

Content Highlight: Former BJP MLA joins Karnataka Congress; Two more former BJP MLAs are expected to join