Advertisement
IPL
സഞ്ജുവിന് സാധിക്കാത്തത് അവന് സാധിച്ചു; തുറന്നടിച്ച് ഹെയ്ഡന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 26, 02:15 pm
Thursday, 26th May 2022, 7:45 pm

ഐ.പി.എല്‍ പ്ലേ ഓഫില്‍ പുത്തന്‍ താരോദയത്തിനായിരുന്നു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയായത്. മുന്‍നിര താരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ് ദിശയറിയാതെ അലഞ്ഞുതിരിയാന്‍ തുടങ്ങിയ ബെംഗളൂരു ഇന്നിംഗ്‌സിനെ നങ്കൂരമിട്ട് നിര്‍ത്തിയത് രജത് പാടിദാറിന്റെ അണ്‍ബീറ്റണ്‍ ഇന്നിംഗ്‌സാണ്.

ഒരു അണ്‍ക്യാപ്ഡ് താരത്തിന്റെ വേഗതയേറിയ സെഞ്ച്വറിയായിരുന്നു ലഖ്‌നൗവിനെതിരെ പാടിദാറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. താരത്തിന്റെ പ്രകടന മികവിലായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് വിജയിച്ചത്.

ഇതിന് പിന്നാലെ പാടിദാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം മാത്യു ഹെയ്ഡന്‍. സഞ്ജുവിന് ചെയ്യാന്‍ സാധിക്കാത്തത് പാടിദാര്‍ ചെയ്തു എന്നായിരുന്നു ഹെയ്ഡന്‍ പറഞ്ഞത്.

മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം അനലൈസ് ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് രജത് പാടിദാര്‍ ചെയ്തിരിക്കുന്നത്. ഇത് അവന്റെ രാത്രിയാണ്. ഓഫ് സൈഡിലും ലെഗ് സൈഡിലും മനോഹരമായ ഷോട്ടുകളാണ് അവന്‍ കളിച്ചത്. കിടിലന്‍ ഇന്നിംഗ്‌സ്,’ ഹെയ്ഡന്‍ പറഞ്ഞു.

ആര്‍.സി.ബിയുടെ മുന്നേറ്റനിര തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് പാടിദാര്‍ കളത്തിലിറങ്ങിയത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസും 24 പന്തില്‍ നിന്നും 25 റണ്‍സുമായി കിംഗ് കോഹ്‌ലിയും 10 പന്തില്‍ നിന്നും ഒമ്പത് റണ്ണുമായി മാക്സ്വെല്ലും പുറത്തായപ്പോള്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കേണ്ട ചുമതല രജത് ഏറ്റെടുക്കുകയായിരുന്നു.

28 പന്തില്‍ നിന്നും 178.5 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു പാടിദാര്‍ തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവിടം കൊണ്ടും നിര്‍ത്താതെ താരം അടി തുടരുകയായിരുന്നു. പിന്നീടുള്ള 21 പന്തിലായിരുന്നു താരം സെഞ്ച്വറിയിലേക്ക് നടന്നുകയറിയത്.

ഒടുവില്‍ 54 പന്തില്‍ നിന്നും പുറത്താവാതെ 112 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 207.41 എന്ന പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ കൊട്ടിക്കലാശം. 12 ഫോറും ഏഴ് സിക്സറും ഇതില്‍ ഉള്‍പ്പെടും.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനെയാണ് ആര്‍.സി.ബിക്ക് ഇനി നേരിടാനുള്ളത്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

 

Content highlight: Former Australian Superstar Mathew Hayden Praises Rajat Patidar