ഇത് ഫിറോസ് ലക്ഷ്മണന്റെ സ്വന്തം ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ്ബുക്കോ യൂട്യൂബോ നോക്കുന്ന സമയത്ത് നിങ്ങളുടെ കണ്ണുകള്‍ അറിയാതെ ഉടക്കി പോകുന്ന ഒരു വ്യക്തിയുണ്ട്. പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശി ഫിറോസ്. ഗ്രാമീണ തനിമയില്‍ പാചകകൂട്ടൊരുക്കി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പുന്ന അതേ ഫിറോസിന്റെ കാര്യം തന്നെ പറയുന്നത്.

പാചകത്തിന്റെ ബാലപാഠങ്ങള്‍ അറിയാതെ പാചകക്കാരനായ വ്യക്തിയാണ് ഫിറോസ്. അതും കേരളത്തിന്റെ സ്വന്തം പാചകക്കാരന്‍. അതിന്റെ പിന്നിലെ കഥ ഇങ്ങനെ.

ഗള്‍ഫിലെ വെല്‍ഡര്‍ ജോലി ഉപേക്ഷിച്ചാണ് ഫിറോസ് നാട്ടിലെത്തിയത്. പുതിയ ഉപജീവനമാര്‍ഗം എന്തെന്ന അന്വേഷണത്തിന് ഒടുവിലാണ് ഫോട്ടോസ്റ്റാറ്റ് കട എന്ന ആശയത്തിലെത്തുന്നത്. എന്നാല്‍ കടയില്‍ നിന്ന് പ്രതീക്ഷിച്ച പോലെ വരുമാനം വന്നില്ല. ഈ സമയത്താണ് യൂട്യൂബിലൂടെ വരുമാനം സമ്പാദിക്കാം എന്ന് ഫിറോസ് വായിക്കുന്നത്..

ഇതില്‍ നിന്നാണ് യൂട്യൂബില്‍ വീഡിയോ ചെയ്യാം എന്ന ആശയത്തിലേക്ക് ഫിറോസ് എത്തുന്നത്. അമ്മാവന്റെ പൊറോട്ട കടയില്‍ വെച്ച് ചിത്രീകരിച്ച ആദ്യ വീഡിയോ യൂട്യൂബിലിട്ടു. ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ വീഡിയോ നല്‍കിയ പ്രചോദനത്തില്‍ വിവിധ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന ഹെല്‍ത്ത് ടിപ്സുകളും ഫിറോസ് പങ്കുവെച്ചു. പാറയില്‍ മീഡിയ എന്ന ചാനലിലൂടെയാണ് ഈ വീഡിയോകള്‍ അപ്ലോഡ് ചെയ്തത്. കോപ്പിറൈറ്റ് വയലേഷനെ തുടന്ന് ഈ ചാനലിന്റെ പ്രവര്‍ത്തനം യൂട്യൂബ് അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ ചാനല്‍ നല്‍കിയ അനുഭവം ഉള്‍ക്കൊണ്ട ഫിറോസ് ട്രാവല്‍ മാസ്റ്റര്‍ എന്ന ചാനല്‍ ആരംഭിച്ചു. ആളുകള്‍ കാത്തിരുന്നത് പോലെയായിരുന്നു ഫിറോസിന്റെ ട്രാവല്‍ മാസ്റ്ററിന് ലഭിച്ച സ്വീകരണം. മാസങ്ങള്‍ക്കകം സബ്സ്‌ക്രൈഴ്സിന്റെ എണ്ണം നാല് ലക്ഷം കടന്നു.

പിന്നീട് ഒന്നരവര്‍ഷം മുമ്പാണ് ക്രാഫ്റ്റ് മീഡിയ എന്ന ഫുഡ് വ്ളോഗ് ആരംഭിക്കുന്നത്. പിന്നീട് പേര് മാറ്റി. വില്ലേജ് ഫുഡ് എന്നാക്കി. 1.54 മില്യണ്‍ ആളുകളാണ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ഇതിന്റെ എണ്ണം ദിനേന വര്‍ധിക്കുകയാണ്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയത്ത് കൂടെ താമസിച്ചിരുന്ന സുഹൃത്ത് അഷ്റഫ് ആണ് പാചകത്തിന്റെ ആദ്യ പാഠങ്ങള്‍ ഫിറോസിന് പരഞ്ഞുകൊടുക്കുന്നത്. പിന്നീട് ഗൂഗിളും ഫിറോസിനെ സഹായിച്ചു.

വീഡിയോയിലൂടെ ഫിറോസിനെ പോലെ തന്നെ ശ്രദ്ധേയനായ ലക്ഷ്ണനും സജിത്തും അരുണുമാണ് ഫിറോസിനെ സഹായിക്കാനുള്ളത്. ഫിറോസിന് യൂട്യൂബില്‍ നിന്ന് ലഭിച്ച ആദ്യ വരുമാനം 8000 രൂപയാണ്. പിന്നീടത് 40000 രൂപയായി. ഇപ്പോഴത് ലക്ഷങ്ങളാണ്. ഫിറോസ് തന്റെ പാചക പരീക്ഷണങ്ങളുമായി മുന്നേറുകയാണ്. ഫിറോസിനൊപ്പം കേരളവും.