ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 82 രോഗികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഇറാഖ് സര്‍ക്കാര്‍. സംഭവത്തില്‍ ഉന്നതാധികാരികള്‍ക്ക് നേരെ നടപടിയുണ്ടാകണമെന്ന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഹസന്‍ അല്‍-തമിമിയെ സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്കും ബാഗ്ദാദും ഗവര്‍ണര്‍ക്കുമെതിരെ പ്രധാനമന്ത്രി മുസ്തഫ അല്‍-കദേമി അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തത്തെ സ്മരിച്ചുകൊണ്ട് മൂന്ന് ദിവസത്തേക്ക് ദേശീയ അനുശോചന ദിനം ആചരിക്കുമെന്നും തിങ്കളാഴ്ചയിലെ പാര്‍ലമെന്റ് യോഗം ഈ ദുരന്തത്തിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
തീയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി വെന്റിലേറ്റര്‍ മാറ്റേണ്ടി വന്നതിനെ തുടര്‍ന്നാണ് 28 പേര്‍ മരിച്ചതെന്ന് ഇറാഖ് മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.
ആശുപത്രിയില്‍ തീപിടിത്തമുണ്ടായാല്‍ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ഉള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കെട്ടിടത്തിലെ സീലിങ്ങിലെ അപാകതകള്‍ തീ വേഗം പടര്‍ന്നുപിടിക്കാന്‍ ഇടയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇക്കാരണങ്ങള്‍ കൂടി പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉന്നതാധികാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക