ജീവിതം തോല്‍ക്കാനും തോല്‍പ്പിക്കാനും കൂടിയുള്ളതാണ് ; ഫൈനല്‍സ് റിവ്യു
Film Review
ജീവിതം തോല്‍ക്കാനും തോല്‍പ്പിക്കാനും കൂടിയുള്ളതാണ് ; ഫൈനല്‍സ് റിവ്യു
ശംഭു ദേവ്
Saturday, 7th September 2019, 9:00 pm

ഇന്ത്യന്‍ അത്‌ലറ്റ്സിലെ പ്രതിഭയായിരുന്ന ഷൈനി സൈലസ്സിന് സമര്‍പ്പിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. പി.ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ആലീസ് എന്ന പെണ്‍കുട്ടിക്ക് സൈക്കിളിങ് ഏറെ ഇഷ്ടമാണ്, പാതി വഴിയില്‍ ചിതറി പോയ അച്ഛന്റെ കായിക സ്വപ്നങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു മകളുടെ കഥയാണ്. രജിഷയാണ് ആലീസ് ആയി എത്തുന്നത്.

ചിത്രം തുടങ്ങുന്നത് തന്നെ അതിരാവിലെ തന്നെ എഴുന്നേറ്റ് ഇന്നലകളെയും നാളെയെയും പറ്റി ഒട്ടും വാചാലയാവാതെ തന്റെ സ്വപ്‌നം ലക്ഷ്യമാക്കി ഒരു സൈക്കിള്‍ ചവിട്ടി മലമുകളിലേക്ക് കയറുന്ന നായികയില്‍ നിന്നാണ്. അവള്‍ക്കൊപ്പം ഒരു സാധാരണ സൈക്കിള്‍ ചവിട്ടി ഒപ്പം എത്താന്‍ ശ്രമിക്കുന്ന അവളെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍ മാനുവലും കൂടെ ഉണ്ട്. അവന്‍ പത്രം വിറ്റ് ജീവിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. ആലീസിനെ അവന് ഇഷ്ടമാണ്.

ഒളിമ്പിക്‌സിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി ആലീസ് സ്വന്തം നാട് വിട്ട് തിരുവനന്തപുരത്തേക്ക് പോകുന്നിടത്ത് നിന്ന് കഥ വികസിക്കുന്നു. തുടര്‍ന്ന് ആലീസിന്റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് തുടര്‍ക്കഥ. ഒറ്റ വായനയില്‍ ഇത് ഒരുപാട് വട്ടം കേട്ടതും കണ്ടതുമായ കഥയും കഥാസന്ദര്‍ഭങ്ങളും തന്നെയാണ്.

കായിക പ്രധാന്യമായുള്ള ചിത്രങ്ങള്‍ ഭൂരിഭാഗവും അവസാനിക്കുന്ന മത്സരത്തിന്റെ തട്ടില്‍ നിന്നാണ് ഫൈനല്‍സും നിലകൊള്ളുന്നത്. ഉയരെ എന്ന ചിത്രം ഒരു പെണ്‍കുട്ടിയുടെ സ്വപ്നവും അവള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയെയും കുറിച്ചു തന്നെ ആയിരുന്നു. എന്നാല്‍ ഫൈനല്‍സ് അത്തരത്തില്‍ ഉറക്കെ രാഷ്ട്രീയം വിളിച്ചു പറയുന്ന ഗണത്തില്‍ പെടുന്നില്ല, സ്‌നേഹ ബന്ധങ്ങളിലേക്കാണ് സംവിധായകന്‍ കൂടുതല്‍ ശ്രദ്ധ കേന്ധ്രികരിച്ചിരിക്കുന്നത്.

അത് നല്ല രീതിയില്‍ തന്നെ പ്രതിഫലിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധ്യമായി. സംഭാഷണങ്ങള്‍ക്ക് അപ്പുറം നീളുന്ന അച്ഛനും മകളും തമ്മിലുള്ള ബന്ധങ്ങളെ സുരാജ് വെഞ്ഞാറമൂടിലൂടെയും രജിഷയിലൂടെയും നല്ല രീതിയില്‍ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ തിരക്കഥയ്ക്കും സംവിധാനത്തിനും സാധിച്ചു. അച്ഛനും മകളും തമ്മിലുള്ള ബന്ധം ജൂണിലും, ഉയരെയിലും മുന്‍പും ഒരുപാട് തവണ പല തലങ്ങളില്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മേല്‍ പറഞ്ഞ രണ്ട് ചിത്രങ്ങളിലെ പോലെ മകള്‍ക്ക് പിന്തുണ നല്‍കുന്ന അച്ഛന്‍ വേഷം തന്നെയാണ് ഇവിടെയും, എന്നാല്‍ സുരാജ് എന്ന നടന്‍ മൗനങ്ങളിലും, നോട്ടത്തിലും ഒരു അച്ഛന്റെ പ്രതീക്ഷയും നോവും പ്രകടമാക്കുന്ന ചിത്രമാണ് എന്നൊരു സവിശേഷത ഫൈനല്‍സിനുണ്ട്. ഇതിലെ അച്ഛന്റെ സ്‌നേഹം വാക്കുകള്‍ കൊണ്ട് അത്ര ‘ലൗഡ്’ അല്ല, പക്ഷെ കരുതലുകള്‍ നിറഞ്ഞ നോട്ടവും പ്രവര്‍ത്തികളും കൊണ്ട് വര്‍ഗീസ് എന്ന അച്ഛന്‍ മുന്നിട്ട് നില്‍ക്കുന്നു. സുരാജ് എന്ന നടന്റെ മികച്ച അച്ഛന്‍ വേഷം തന്നെയാണ് വര്‍ഗീസ്.

രജിഷ വിജയന്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന സൂക്ഷ്മത അവരുടെ സിനിമകളിലും പ്രകടമാണ്, കഥാപാത്രത്തിന്റെ ദൈര്‍ഘ്യമല്ല, പ്രാധാന്യമാണ് പ്രസക്തം എന്നത് ഈ ചിത്രം കൊണ്ട് രജിഷ പറയുകയാണ്. ആലീസ് എന്ന കഥാപാത്രം ചിത്രത്തില്‍ ഉടനീളം പ്രാധാന്യമുണ്ട്. എന്നാല്‍ ഏറെ അമ്പരിപ്പിച്ചത് മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്റെ പ്രകടനമാണ്. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നില്‍ക്കുന്നുണ്ട്. നാട്ടിന്‍ പുറത്തുകാരനായ പത്രം വില്‍ക്കുന്ന പയ്യനില്‍ നിന്ന് ആലീസിനെ സ്‌നേഹിക്കുന്നവനില്‍ നിന്ന് സെക്കന്റ് ഹാഫിലേക്ക് വരുമ്പോള്‍ സംഭവിക്കുന്ന ‘ഷിഫ്റ്റ്’ സ്വഭാവികതയോടെ അദ്ദേഹം അവതരിപ്പിച്ചു.

ധ്രുവന്‍ ദീപു, മണിയന്‍ പിള്ള രാജു, മുത്തുമണി സോമസുന്ദരന്‍, ടിനി ടോം, സോനാ നായര്‍ എല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. സുനില്‍ ഇളമോന്റെ ക്യാമറ പല കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്നുള്ള കാഴ്ചകള്‍ എടുത്തു കാണിക്കുന്നതില്‍ മികച്ചു നിന്നു.

സൈക്ലിങില്‍ ക്യാമറ ട്രാക്ക് ചെയ്യുന്ന രംഗങ്ങള്‍ എല്ലാം സിനിമയ്‌ക്കൊപ്പം ചേര്‍ന്ന് നിന്നു.എന്നിരുന്നാലും മികച്ച ക്യാമറ വര്‍ക്ക് എന്ന അഭിപ്രായം ഇല്ല.

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കൈലാസ് മേനോന്‍ ആണ് ചിത്രത്തിലെ സംഗീതസംവിധാനം. അന്തരിച്ച പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനമടക്കം എല്ലാ ഗാനങ്ങളും മികച്ച് നിന്നു.

ഒറ്റവാക്കില്‍ ഫൈനല്‍സ് പ്രതിസന്ധികളെ അതിജീവിക്കുന്ന സ്‌നേഹ ബന്ധങ്ങളുടെ കഥയാണ്. നമ്മള്‍ ഓടി വീഴുമ്പോള്‍, നമ്മുടെ സ്വപ്നത്തിന് വേണ്ടി നമ്മെ സ്‌നേഹിക്കുന്നവര്‍ ആ യാത്ര നമുക്ക് വേണ്ടി തുടരുന്ന കഥ.

Doolnews video