മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യത തേടി ഫിലിം ചേംബര്‍. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും ഫിയോക്കും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് ഏറെക്കുറേ ഉറപ്പായ രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
എന്നാല്‍ തിയേറ്റര്‍ റിലീസ് ഉറപ്പുവരുത്താനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ഫിലിം ചേംബര്‍. ചിത്രത്തിന്റെ നിര്‍മാതാവും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കുമായി ഫിലിം ചേംബര്‍ ഒരു വട്ടം കൂടി ചര്‍ച്ച നടത്തും.
തിയേറ്ററില്‍ റിലീസ് ചെയ്താല്‍ ആദ്യത്തെ മൂന്നാഴ്ച എല്ലാ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണം, ഓരോ തിയേറ്റര്‍ ഉടമകളും 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം എന്നിവയായിരുന്നു ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ചര്‍ച്ചകളില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. ഇത് മുഴുവന്‍ ഫിയോക്ക് അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
അന്‍പത് ശതമാനം സീറ്റിങ്ങില്‍ തിയേറ്റര്‍ റിലീസ് ചെയ്താല്‍ ലാഭമുണ്ടാക്കാനാവില്ല എന്നാണ് നിര്‍മാതാക്കളുടെ വാദം. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റര്‍ ഉടമകള്‍ വ്യാപകമായി രംഗത്തെത്തിയിരുന്നു.
ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഫിയോക്ക് ചെയര്‍മാന്‍ ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്.
പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്.