പോർച്ചുഗീസ് പരിശീലക സ്ഥാനത്ത് നിന്ന് കോച്ച് ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി
2022 FIFA World Cup
പോർച്ചുഗീസ് പരിശീലക സ്ഥാനത്ത് നിന്ന് കോച്ച് ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th December 2022, 8:17 am

 

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ആഫ്രിക്കൻ ശക്തരായ മൊറൊക്കൊയോട് പരാജയപ്പെട്ടതിനെ തുടർന്ന് പോർച്ചുഗീസ് പരിശീലക സ്ഥാനത്ത് നിന്ന് കോച്ച് ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി.

കോച്ചിനെ പുറത്താക്കിയ വാർത്ത പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനാണ് പുറത്ത് വിട്ടത്. 2014ലാണ് സാന്റോസ് പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. കരാർ അവസാനിക്കാൻ രണ്ട് വർഷംകൂടി ബാക്കി നിൽക്കെയായിരുന്നു 68കാരനായ സാന്റോസിന്റെ ടീമിൽ നിന്നുള്ള പടിയിറക്കം.

പോർച്ചുഗൽ ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്ക് ആര് എത്തുമെന്ന് ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

സാന്റോസിന്റെ നേതൃത്വത്തിലാണ് പോർച്ചുഗീസ് ടീം 2016ലെ യൂറോകപ്പും 2019ലെ നേഷൻസ് ലീഗ് ടൈറ്റിലും സ്വന്തമാക്കിയത്. സാന്റോസിന്റെ നേതൃത്വത്തിൽ ലഭിക്കുന്ന യൂറോ കപ്പാണ് പോർച്ചുഗീസ് ഫുട്ബോൾ ടീം നേടുന്ന അവരുടെ ആദ്യത്തെ മേജർ ടൈറ്റിൽ.

ഖത്തറിൽ മൊറൊക്കൊക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയാണ് പോർച്ചുഗീസ് ടീം ലോകകപ്പിൽ നിന്നും പുറത്തായത്.
എൻ നെസ്രി യാണ് പോർച്ചുഗലിനെതിരെ മൊറൊക്കൊയുടെ വിജയ ഗോൾ നേടിയത്.

മൊറൊക്കൊക്കെതിരായ മത്സരത്തിൽ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് കടുത്ത പ്രതിഷേധം സാന്റോസ് നേരിട്ടിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലിലെ ഞെട്ടിക്കുന്ന പരാജയം ആരാധകരില്‍ കടുത്ത രോഷം സൃഷ്ടിച്ചതിന് പിന്നാലെയാണ് സാന്റോസിന്റെ പോർച്ചുഗീസ് ടീമിൽ നിന്നുള്ള പടിയിറക്കം. തുടർച്ചയായ എട്ട് വർഷങ്ങൾ പോർച്ചുഗീസ് ടീമിനെ പരിശീലിപ്പിച്ച ശേഷമുള്ള സാന്റോസിന്റെ പടിയിറക്കം ടീമിനെ എങ്ങനെ ബാധിക്കും എന്നാണ് ആരാധകർ നോക്കിക്കാണുന്നത്.

അതേസമയം ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലോകകപ്പ് ഫൈനലിൽ ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിൽ കിരീടധാരണത്തിനായി പരസ്പരം ഏറ്റുമുട്ടും.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസ്സിലണിയുന്നത്.

Content Highlights:Fernando Santos resigns as Portugal coach