പതിനൊന്നാംഘട്ട ചര്‍ച്ചയും പരാജയം; കുറഞ്ഞത് 18 മാസം വരെ നിയമം നടപ്പാക്കാതെയിരിക്കാമെന്ന് കേന്ദ്രം, പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
farmers protest
പതിനൊന്നാംഘട്ട ചര്‍ച്ചയും പരാജയം; കുറഞ്ഞത് 18 മാസം വരെ നിയമം നടപ്പാക്കാതെയിരിക്കാമെന്ന് കേന്ദ്രം, പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2021, 6:56 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയത്തില്‍ അവസാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്രം പറഞ്ഞു.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ ഈ ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്.

നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായുള്ള പത്താം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.

നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന നിര്‍ദേശം രണ്ട് മാസത്തോളമായി സമരം ചെയ്യുന്ന കര്‍ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ടായിരുന്നു.

എന്നാല്‍ ആ പഴുതും കര്‍ഷകര്‍ അടച്ചതോടെ കേന്ദ്രം ഇനിയെന്ത് തീരുമാനത്തിലെത്തുമെന്നത് ഉറ്റുനോക്കുകയാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍.

ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം ബുധനാഴ്ച പിന്‍വലിച്ചിരുന്നു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Talks Between Farmers  Stalemet