ചണ്ഡിഗഢ്: പഞ്ചാബിനെ രക്ഷിക്കാനാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് കര്‍ഷക നേതാവും രാഷ്ട്രീയ പാര്‍ട്ടിയായ സംയുക്ത സമാജ് മോര്‍ച്ചയുടെ സ്ഥാപകനുമായ ബല്‍ബിര്‍ സിംഗ് രജ്‌വാള്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.ടി.വിയോടായിരുന്നു അവരുടെ പ്രതികരണം.
‘ഞങ്ങള്‍ പഞ്ചാബിനെ രക്ഷിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായാണ്. പഞ്ചാബിന്റെ അവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ കാരണം അവര്‍ നാടുവിട്ടുകൊണ്ടിരിക്കുകയാണ്. ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും,’ രജ്‌വാള്‍ പറയുന്നു.
രാഷ്ട്രീയക്കാര്‍ ഇവിടെ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഴിമതികളാണ് പഞ്ചാബില്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. സമൂഹത്തെ സേവിക്കുക എന്ന മൂല്യബോധത്തില്‍ നിന്നും രാഷ്ട്രീയക്കാര്‍ അകലുകയാണെന്നും ‘ആം ആദ്മി’ (സാധരാണക്കാരായ ജനങ്ങള്‍) ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ആം ആദ്മിയുമായി സഖ്യം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്് തങ്ങള്‍ ആരുമായും സഖ്യത്തിനില്ലെന്നും അദ്ദേഹം പറയുന്നു.
‘ എനിക്ക് വേണ്ടത് പഞ്ചാബിനെ രക്ഷിക്കാന്‍ കഴിയുന്നവരെ ആണ്. ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. കര്‍ഷക പാര്‍ട്ടിയുടെ ഈ മുന്നേറ്റം ഉടന്‍ അവസാനിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല’ രജ്‌വാള്‍ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നേതാക്കള്‍ക്ക് തങ്ങളുമായി ഒരു ബന്ധവുമില്ലെന്നാണ് നേരത്തെ കര്‍ഷക സംഘടനകളുടെ ഏകീകൃത രൂപമായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നത്.
കര്‍ഷകരോ കര്‍ഷകസംഘടനകളോ നേരിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ്.കെ.എം നേതാക്കള്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കര്‍ഷക നേതാക്കളോ കര്‍ഷക സംഘടനകളോ ഇനി മുതല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായിരിക്കില്ല. അവരുമായി മറ്റു തരത്തിലുള്ള ബന്ധങ്ങള്‍ തുടരുന്നതിനെ കുറിച്ച് എസ്.കെ.എമ്മിന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ തീരുമാനിക്കും,’ എസ്.കെ.എം നേതാവായ യുദ്ധ്വീര്‍ സിംഗ് പറയുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ചക്ക് അവരുമായി ഒന്നും തന്നെ ചെയ്യാനില്ല എന്നായിരുന്നു കര്‍ഷകനേതാവായ ജോഗീന്ദര്‍ സിംഗ് ഉഗ്രന്‍ പറഞ്ഞത്.
കര്‍ഷകസമരത്തിന്റെ മുഖമായി മാറിയ കര്‍ഷക നേതാവ് രാകേഷ് ടികായത് താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ തന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉപയോഗിക്കരുതെന്നും ടികായത് പറഞ്ഞിരുന്നു.
‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുത്,’ എന്നായിരുന്നു ടികായത് പറഞ്ഞത്.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനേതാക്കളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലാണ് കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടാനിറങ്ങുന്നത്.
നേരത്തെ സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രമുഖ നേതാക്കളായ ഗുര്‍നാം സിംഗ് ചൗധരിയും ബല്‍ബിര്‍ സിംഗ് രജ്‌വാളും രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകരെ കൂട്ടിയിണക്കി പ്രതിഷേധം നയിച്ചിരുന്നവരില്‍ പ്രധാനികളായിരുന്നു ഇരുവരും.
ബാബിര്‍ സിംഗ് രജ്‌വാള്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സംയുക്ത സമാജ് മോര്‍ച്ച എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. പഞ്ചാബില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ്ബല്‍ബിര്‍ സിംഗ് രജ്‌വാള്‍ അറിയിച്ചിരിക്കുന്നത്.