'രോഹിത്തിന്റെ ക്യാച്ചും വിട്ടു, ഒരു ഓവറില്‍ അഞ്ച് വൈഡും എറിഞ്ഞു, സിറാജ് അംബാനിയോട് കോഴ വാങ്ങിച്ചത് തന്നെ'; സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍
IPL
'രോഹിത്തിന്റെ ക്യാച്ചും വിട്ടു, ഒരു ഓവറില്‍ അഞ്ച് വൈഡും എറിഞ്ഞു, സിറാജ് അംബാനിയോട് കോഴ വാങ്ങിച്ചത് തന്നെ'; സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd April 2023, 11:25 am

കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ആര്‍.സി.ബി വിജയിച്ചിരുന്നു. 22 പന്തും എട്ട് വിക്കറ്റും ബാക്കിയിരിക്കെയാണ് ബെംഗളൂരു വിജയിച്ചത്.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്റര്‍മാരുടെ മോശം പ്രകടനം ചര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ അടക്കമുള്ള താരങ്ങള്‍ ബാറ്റിങ്ങില്‍ പരാജയമായിരുന്നു.

കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമില്ലാതിരുന്ന ജോഫ്രാ ആര്‍ച്ചറും ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയ ബെഹന്‍ഡ്രോഫും നല്ല രീതിയില്‍ തന്നെ അടിവാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.

മുംബൈ താരങ്ങളുടെ മോശം പ്രകടനത്തിനൊപ്പം ആര്‍.സി.ബിയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനവും ചര്‍ച്ചയായിരുന്നു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സിറാജ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെങ്കില്‍ കൂടിയും മുംബൈ ഇന്നിങ്‌സിലെ 19ാം ഓവര്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ താരത്തെ വിമര്‍ശിക്കുന്നത്.

ആ ഓവറില്‍ തുടര്‍ച്ചയായ മൂന്ന് വൈഡ് ഉള്‍പ്പെടെ അഞ്ച് വൈഡുകളാണ് താരം എറിഞ്ഞത്. ഇതടക്കം 11 ഡെലിവറികളാണ് താരത്തിന് 19ാം ഓവറില്‍ എറിയേണ്ടി വന്നത്.

ഇതിന് പിന്നാലെ സിറാജ് അംബാനിയോട് കോഴ വാങ്ങിയെന്നും സൂപ്പര്‍ സിറാജ് വീണ്ടും ചെണ്ട സിറാജായെന്നും ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. മത്സരത്തില്‍ നേരത്തെ രോഹിത് ശര്‍മയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

ദിനേഷ് കാര്‍ത്തിക്കും സിറാജും തമ്മിലുള്ള കൂട്ടിയിടിയില്‍ രോഹിത് ശര്‍മക്ക് ജീവന്‍ ലഭിച്ചിരുന്നെങ്കിലും അത് മുതലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഐ.പി.എല്ലിലെ തന്റെ മോശം പ്രകടനങ്ങളിലൊന്ന് പുറത്തെടുത്താണ് രോഹിത് ശര്‍മ പുറത്തായത്. പത്ത് പന്ത് നേരിട്ട് കേവലം ഒറ്റ റണ്‍സ് മാത്രമായിരുന്നു താരത്തിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

 

 

19ാം ഓവറില്‍ 16 റണ്‍സ് വഴങ്ങിയ സിറാജ് തന്റെ ആദ്യ മൂന്ന് ഓവറില്‍ വഴങ്ങിയത് വെറും അഞ്ച് റണ്‍സായിരുന്നു. ഇത് റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്. തന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച സീസണാക്കി സിറാജ് ഈ എഡിഷനെ മാറ്റുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Fans trolls Mohammed Siraj