ഇവന്‍ ബെഞ്ചിലിരിക്കേണ്ടത് അത്യാവശ്യമാണെന്ന് വീണ്ടും തെളിയിച്ചു; റൊണാള്‍ഡോ അല്ല, മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരത്തെ എയറിലാക്കി ആരാധകര്‍
Football
ഇവന്‍ ബെഞ്ചിലിരിക്കേണ്ടത് അത്യാവശ്യമാണെന്ന് വീണ്ടും തെളിയിച്ചു; റൊണാള്‍ഡോ അല്ല, മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരത്തെ എയറിലാക്കി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th September 2022, 4:19 pm

വ്യാഴാഴ്ച റയല്‍ സോസിഡാഡുമായുണ്ടായ ഏറ്റുമുട്ടലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനെതിരെ ആരാധകരുടെ രൂക്ഷവിമര്‍ശനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മികച്ച താരങ്ങളിലൊരാളായ കാസിമെറോ കാഴ്ചവെച്ച മോശം പ്രകടനത്തിനെതിരെയാണ് ആരാധകര്‍ കലിപ്പായിരിക്കുന്നത്.

റയല്‍ സോസിഡാഡിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 1-0നാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെട്ടത്.   യൂറോപ്പ ലീഗ് ഓപ്പണറില്‍ ബ്രെയ്സ് മെന്‍ഡസിന്റെ പെനാല്‍റ്റിയായിരുന്നു സ്പാനിഷ് ടീമിന് വിജയത്തിളക്കം നല്‍കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെന്‍ ഹാഗ് മത്സരത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുകയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍, വിക്ടര്‍ ലിന്റലോഫ് എന്നീ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ റെഡ് ഡെവിള്‍സ് മത്സര വേദിയായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

മത്സരത്തിലുടനീളം കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും കാസിമെറോ മോശം പ്രകടനം കാഴ്ചവെച്ചുവെന്നുള്ളതാണ് ആരാധകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് കാസെമിറോക്കെതിരെ പ്രതിഷേധമറിയിച്ച് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

കാസിമെറോ ബെഞ്ചില്‍ ഇരിക്കേണ്ടവനാണ് വീണ്ടും തെളിയിച്ചിരിക്കുകയാണ്, റയല്‍ മാഡ്രിഡ് ഒമ്പത് സീസണില്‍ കാസിമെറോയെ പിഴിഞ്ഞെടുത്ത് ബാക്കി വന്നത് 80 മില്യണിന് മാഞ്ചസ്റ്ററിന് കൊടുത്തു തുടങ്ങിയ ട്വീറ്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ കാസിമെറോ 2013 മുതല്‍ റയലിന്റെ ഭാഗമായിരുന്നു. റയല്‍ മാഡ്രിഡില്‍ ഒമ്പത് സീസണ്‍ ചെലവഴിച്ചാണ് ബ്രസീലുകാരനായ താരം മാഞ്ചസ്റ്ററിലേക്കെത്തുന്നത്.

അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് ജേതാവായിരുന്ന കാസിമെറോ റയലിനൊപ്പം മൂന്ന് ലാ ലിഗ കിരീടങ്ങളും യുവേഫ സൂപ്പര്‍ കപ്പും, ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ കൂറ്റന്‍ താരനിര മാഞ്ചസ്റ്ററിനുണ്ടെങ്കിലും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ അഭാവം നികത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു കാസിമെറോയെ പൊന്നും വില കൊടുത്ത് ടീം സ്വന്തമാക്കുന്നത്.

ബാഴ്സലോണയില്‍ ലയണല്‍ മെസി കളിക്കുമ്പോള്‍, താരത്തിന്‍രെ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടാന്‍ റയല്‍ പരിശീലകര്‍ ആശ്രയിച്ചത് കാസിമെറോയെയാണ്. റയലില്‍ നിന്നും 70 മില്യണ്‍ യൂറോക്ക് നാല് വര്‍ഷത്തേക്കാണ് 30കാരനായ കാസെമിറോ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തിയത്.

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് ജയങ്ങളുമായി പഴയ ഫോമിലേക്ക് ടീം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും യൂറോപ്പയിലെ തോല്‍വി ടെന്‍ ഹാഗിനും ടീമിനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

സെപ്തംബര്‍ 15ന് നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ ഷെരിഫ് (SHERIFF) ആണ് യുണൈറ്റഡിന്റെ അടുത്ത എതിരാളികള്‍.

 

Content highlight: Fans slams Manchester United Midfielder Casemiro after his poor Performance against Real Sociedad