ഇന്ത്യ-ബംഗ്ലാദേശ് ഡെഡ് റബ്ബര്‍ മത്സരത്തില്‍ ഇതുവരെ കാണാത്ത ഇന്ത്യയെയായിരുന്നു ലിട്ടണ്‍ ദാസിനും സംഘത്തിനും നേരിടേണ്ടി വന്നത്. ഇഷാന്‍ കിഷനും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലിച്ചതച്ചപ്പോള്‍ ഒരുപിടി തകര്‍പ്പന്‍ റെക്കോഡുകളും പിറന്നിരുന്നു.
ഇരട്ട സെഞ്ച്വറി തികച്ചാണ് ഇഷാന്‍ കിഷന്‍ ഇന്ത്യക്കായി തിളങ്ങിയത്. 131 പന്തില്‍ നിന്നും 160.31 സ്‌ട്രൈക്ക് റേറ്റില്‍ 210 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 24 ഫോറും പത്ത് സിക്‌സറുമടങ്ങുന്നതായിരുന്നു ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന ഇഷാന്‍ കിഷന്‍ ലഭിച്ച അവസരം കൃത്യമായി മുതലാക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യയുടെ മാറുപിളര്‍ന്ന് ചോരകുടിച്ച ബംഗ്ലാ കടുവകളുടെ പല്ലടിച്ചുകൊഴിച്ചാണ് മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ മറുപടി നല്‍കിയത്.
ഇഷാന്‍ കിഷന്റെ മികച്ച പ്രകടനം ആഘോഷമാക്കമ്പോഴും ആരാധകരുടെ മനസില്‍ ചില ആശങ്കകളും ഉടലെടുക്കുന്നണ്ട്. വരും മത്സരങ്ങളില്‍ ബി.സി.സി.ഐ റിഷബ് പന്തിനെ തന്നെ ടീമിലെത്തിച്ചേക്കാം എന്നതുതന്നെയാണ് വരുടെ പ്രധാന ആശങ്ക.
ഇന്ത്യന്‍ നിരയിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും, മികച്ച ഫോം നിലനിര്‍ത്തുമ്പോഴും ഫോം ഔട്ടായ റിഷബ് പന്തിനെ തന്നെയാണ് ക്രിക്കറ്റ് ബോര്‍ഡ് പിന്തുണക്കുന്നത് എന്നതുതന്നെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സമീപകാലത്ത് മോശം ട്രാക്ക് റെക്കോഡുള്ള പന്തിനെ തന്നെ പിന്തുണക്കുന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലടക്കം ഇക്കാര്യം വ്യക്തമായിരുന്നു.
പരിക്കേറ്റതിന് ശേഷവും ഇന്ത്യ-ബംഗ്ലാദേശ് സ്‌ക്വാഡില്‍ പന്തിനെ നിലനിര്‍ത്തിയ ബി.സി.സി.ഐ ആദ്യ മത്സരത്തിന് കേവലം മിനിട്ടുകള്‍ മാത്രം മുമ്പാണ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുന്നതായി അറിയിച്ചത്. പകരം മറ്റാരെയും ടീമിലെടുക്കാന്‍ തങ്ങള്‍ക്ക് ഒരു ഉദ്ദേശവുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.
മോശം ഫോമില്‍ തുടരുന്ന പന്തിനെ അന്ധമായി പിന്തുണക്കുന്ന നിലപാട് ക്രിക്കറ്റ് ബോര്‍ഡ് വെച്ചുപുലര്‍ത്തുന്ന കാലം വരെ ഇഷാന്‍ കിഷനോ സഞ്ജു സാംസണോ മറ്റേതെങ്കിലും താരമോ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തില്ല എന്നും ഇവര്‍ പറയുന്നു.
അതേസമയം, മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്റെയും വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും ഇന്ത്യക്ക് സാധിച്ചിരുന്നു.
നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
410 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 75/3 എന്ന നിലയിലാണ്.