വിവരം ചോര്‍ത്തലിനെ ന്യായീകരിച്ച് ഒബാമ, നിഷേധക്കുറിപ്പുമായി ഇന്റര്‍നെറ്റ് കമ്പനികള്‍
World
വിവരം ചോര്‍ത്തലിനെ ന്യായീകരിച്ച് ഒബാമ, നിഷേധക്കുറിപ്പുമായി ഇന്റര്‍നെറ്റ് കമ്പനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2013, 11:27 am

[]വാഷിങ്ടണ്‍:  പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നതിനെ ന്യായീകരിച്ച് യു.സ് പ്രസിഡന്റ് ബറാക് ഒബാമ. സുരക്ഷാ കാരണങ്ങളുടെ പേരില്‍ സ്വന്തം പൗരന്മാരുടെയും വിദേശികളുടേയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ദേശീയ സുരക്ഷാ ഏജന്‍സിയാണ്(എന്‍.എസ്.എ) ഫോണ്‍ ചോര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, യാഹൂ, സ്‌കൈപ്പ് എന്നിവയില്‍ നി്ന്നും വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്.[]

ഉപയോക്താക്കളുടെ ഇ-മെയില്‍, ചാറ്റ്, അപ്‌ലോഡ, ഡൗണ്‍ലോഡ് അങ്ങനെ എല്ലാം തന്നെ നിരീക്ഷണത്തിലാണ്. പ്രിസം എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒബാമ ഭരണകൂടം. രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് ഒബാമയുടെ വിശദീകരണം.

ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് നേരിട്ട് വിവരം ചോര്‍ത്തുകയാണെന്നാണ് അറിയുന്നത്. എഫ്.ബി.ഐക്കും എന്‍.എസ്.എക്കും ഇവയുടെ സര്‍വറുകളിലേക്ക് നേരിട്ട് കടന്ന് ചെല്ലാമെന്നും വാര്‍ത്തിയില്‍ പറയുന്നു.

എന്നാല്‍ ഒബമ ഭരണകൂടത്തിന്റെ നടപടിക്കെതിരെ സര്‍ക്കാരിന്റെ ഭാഗമായുള്ളവരില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ നടപടി നിയമലംഘനമാണെന്നാണ് പ്രധാന വാദം.

” നിങ്ങളുടെ സ്വകാര്യതയ്ക്കാണ് ഞങ്ങളുടെ മുന്‍ഗണന” എന്ന് പറയുന്ന മൈക്രോസോഫ്റ്റാണ് പ്രിസം പദ്ധതിയില്‍ ആദ്യം ഭാഗമായതെന്നാണ് അറിയുന്നത്.

നിങ്ങളുടെ സ്വകാര്യതയ്ക്കാണ് ഞങ്ങളുടെ മുന്‍ഗണന എന്ന് പറയുന്ന മൈക്രോസോഫ്റ്റാണ് പ്രിസം പദ്ധതിയില്‍ ആദ്യം ഭാഗമായതെന്നാണ് അറിയുന്നത്.

അതേസമയം, വാര്‍ത്ത വിവാദമയായതിനെ തുടര്‍ന്ന് ഗൂഗിളും ഫേസ്ബുക്കും നിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രിസം പദ്ധതിയില്‍ തങ്ങള്‍ പങ്കാളികളല്ലെന്നാണ് ഫേസ്ബുക്കും ഗൂഗിളും പറയുന്നത്.

പ്രിസം പദ്ധതിയെ കുറിച്ച് തങ്ങള്‍ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ കമ്പനികള്‍ പറയുന്നത്. സര്‍ക്കാറിന്  വിവരങ്ങള്‍ നല്‍കുന്നത് നിയമം അനുശാസിക്കുന്ന പ്രകാരം മാത്രമാണെന്നും സര്‍ക്കാറിന്റെ പുതിയ നടപടി സ്വാതന്ത്ര ലംഘനമാണെന്നും ഗൂഗിള്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്കി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗും പറയുന്നത് ഇതേ കാര്യങ്ങള്‍ തന്നെയാണ്. യു.എസ് സര്‍ക്കാറിന്റെ പദ്ധതിയില്‍ തങ്ങള്‍ പങ്കാളികളല്ലെന്നും ഒരു സര്‍ക്കാറിന്റേയും ഇത്തരം പദ്ധിതകളെ പ്രോത്സാഹിപ്പിക്കില്ലെന്നും സക്കര്‍ ബര്‍ഗ് കുറിപ്പില്‍ പറയുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാരുകളുടെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും പൗരന്മാരുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്നും സക്കര്‍ബര്‍ഗ് പറയുന്നു.

കമ്പനികള്‍ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയെങ്കിലും വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഒബാമ തന്നെ വ്യക്തമാക്കിയതിനാല്‍ പൂര്‍ണമായോ ഭാഗികമായോ കമ്പനികള്‍ ഉപഭോക്താക്കളെ രഹസ്യമായി പിന്തുടരാന്‍ ഭരണകൂടത്തെ അനുവദിക്കുന്നുണ്ടെന്ന് വേണം അനുമാനിക്കാന്‍.

അമേരിക്കയിലെ ഏറ്റവും വലിയ ടെലിഫോണ്‍ ശൃംഖലയായ വെരിസോണ്‍ എന്ന കമ്പനിയുടെ ഉപയോക്താക്കളുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രഹസ്യ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. കോടതി ഉത്തരവു പ്രകാരം വിളിക്കുന്ന നമ്പറുകള്‍, കോളിന്റെദൈര്‍ഘ്യം, സ്ഥലം, സമയം എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് കമ്പനി ചോര്‍ത്തി നല്‍കുന്നത്.

എന്നാല്‍ ജനങ്ങളുടെ സംഭാഷണങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്നാണ് ഒബാമയുടെ വിശദീകരണം.

വെരിസോണ്‍ ദിനംപ്രതി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്നാണ്  റിപ്പോര്‍ട്ട്്. അമേരിക്കയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കോളുകളുടെ വിശദാംശങ്ങളും വെരിസോണ്‍ നല്‍കുന്നുണ്ട്.