ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് ജിദ്ദയില്‍ ഡോക്ടര്‍ക്കെതിരെ കേസ്
News of the day
ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് ജിദ്ദയില്‍ ഡോക്ടര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th December 2014, 2:35 pm

medicalnegligenceimage
ജിദ്ദ: ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് സംഭവിച്ചതിന് ജിദ്ദയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. സൗദിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറബ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തലവേദനക്ക് ചികിത്സിക്കാനെത്തിയ തന്നെ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തന്റെ മുഖം വികൃതമാക്കിയെന്നുമാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതി.

തലവേദനയുമായി എത്തിയ പരാതിക്കാരനെ നിരവധി പരിശോധനകള്‍ക്ക് ശേഷം ഇടത് നാസ ദ്വാരത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഡോക്ടര്‍ ആദ്യം ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. എന്നാല്‍ ആശുപത്രി വിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വേദന മാറാത്തതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ചില പരിശോധനകള്‍ നടത്തിയ ശേഷം ഒരിക്കല്‍ കൂടെ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് ശേഷവും വേദന മാറാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ കാണിച്ചതിന് ശേഷമാണ് ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞത്.

ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചതായാണ് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ് ജിദ്ദ ഫോറന്‍സിക് വിഭാഗം. ഇതിനാല്‍ അടുത്ത മാസം വിധി വരുന്നത് വരെ സ്ഥലം വിട്ടു പോവുന്നതില്‍ നിന്നും ഡോക്ടറെ വിലക്കിയിരിക്കുകയാണ് പോലീസ്‌