ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ആരാധകരുടെ മനം കവര്‍ന്ന താരമാണ് നീലപ്പടയുടെ വലസൂക്ഷിപ്പുകാരന്‍ എമിലിയാനോ മാര്‍ടിനെസ്. ലോകകപ്പില്‍ അസാധ്യ സേവുകള്‍ നടത്തിയാണ് താരം കയ്യടി നേടിയത്.
സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ എമി മാര്‍ടിനെസിന്റെ കൈകരുത്തിന്റെ ബലത്തിലാണ് ടീം അര്‍ജന്റീന ജയമുറപ്പിച്ചത്. മത്സരം അവസാനിച്ചയുടന്‍ നായകന്‍ ലയണല്‍ മെസി ആദ്യം ഓടിച്ചെന്നത് മാര്‍ടിനെസിനെ ചേര്‍ത്തുപിടിക്കാനായിരുന്നു.
ആദ്യ മത്സരത്തിന് ശേഷം അര്‍ജന്റൈന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ അഭിമുഖീകരിച്ച മാനസിക സമ്മര്‍ദത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മാര്‍ടിനെസ്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരെ തോല്‍വി വഴങ്ങേണ്ടി വന്നപ്പോള്‍ ലോകം മുഴുവന്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞതുപോലെ തോന്നിയെന്നും തങ്ങള്‍ ലോകകപ്പ് നേടുന്നത് ആര്‍ക്കും ഇഷ്ടമല്ലെന്ന് പോലും ചിന്തിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
”ജനം ഞങ്ങള്‍ക്കെതിരെ തിരിഞ്ഞതുപോലെ തോന്നി. ആദ്യ മത്സരത്തിന് ശേഷം ഞങ്ങള്‍ സ്തബ്ദരായി ഡ്രസിങ് റൂമിലിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ തോല്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. കാരണം ലോകകപ്പ് നേടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങള്‍ പരസ്പരം പ്രചോദനം നല്‍കി. എന്തുവന്നാലും ഫൈനല്‍ വരെ പോരാടി കിരീടമുയര്‍ത്തണമെന്ന് ദൃഢനിശ്ചയമെടുത്തു. എന്നാല്‍ പിന്നീട് നടന്ന ഓരോ മത്സരത്തിലും കണ്ടത് ആളുകള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ്.
ആളുകളുടെ സ്‌നേഹവും സമീപനവും കണ്ടപ്പോള്‍ ഞങ്ങള്‍ വീട്ടിലാണെന്ന് തോന്നി. ആദ്യ മത്സരത്തില്‍ തോല്‍ക്കുകയും പിന്നീട് എല്ലാം തകിടം മറിയുകയും ചെയ്തത് എനിക്ക് അത്ഭുതമായി തോന്നുന്നു.
എല്ലാത്തിലുപരി ഞങ്ങള്‍ക്ക് 45 ദശലക്ഷം അര്‍ജന്റീനക്കാരുടെ പിന്തുണയുണ്ട്. ഓരോ മത്സരത്തിലും 40,000 മുതല്‍ 50,000 വരെ അര്‍ജന്റീന ആരാധകര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടാറുണ്ട്. അവരെ കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നും,’ എമിലിയാനോ മാര്‍ടിനെസ് വ്യക്തമാക്കി.
അതേസമയം ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളിന്റെയും നായകന്‍ ലയണല്‍ മെസ്സിയുടെ ഒരു ഗോളിന്റെയും പിന്‍ബലത്തിലാണ് യൂറോപ്പ്യന്‍ ടീമിനെ പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. ഡിസംബര്‍ 18 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഫൈനല്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് എതിരാളികള്‍.