കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന എമര്‍ജെന്‍സി എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്ന ചിത്രം അടിയന്തിരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
‘സംരക്ഷകയോ ഏകാധിപതിയോ? രാജ്യത്തിന്റെ നേതാവ് സ്വന്തം ജനങ്ങളോട് തന്നെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്’ എന്നാണ് ടീസര്‍ പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ചത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും ടീസറിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ റീനു പിട്ടിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്.
ജയപ്രകാശ് നാരായണനായി അനുപം ഖേര്‍ ചിത്രത്തിലെത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായി മലയാളി താരം വിശാഖ് നായരും അഭിനയിക്കുന്നുണ്ട്.
എമര്‍ജന്‍സി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു. മണികര്‍ണികക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജന്‍സി.