പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം പാഴ്‌സല്‍ അയച്ചത്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്കാണ് ആനപിണ്ഡം അയച്ചത്. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ സംഘം ആനപിണ്ഡം പൊതിഞ്ഞ് പാഴ്‌സലായി അയക്കുകയായിരുന്നു.
പാലക്കാട് തിരുവിഴാം കുന്നില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടങ്ങി എട്ട് മാസം പിന്നിടുമ്പോഴും ഒരു പ്രതിയെ പോലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി.
‘ആദ്യം സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ എന്ന് പറഞ്ഞത് പിന്നീട് തേങ്ങയാക്കി മാറ്റി. അതില്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു എന്നല്ലാതെ അതില്‍ ആരെയും പിടികൂടിയില്ല,’ ആന പ്രേമി സംഘത്തിലൊരാള്‍ പറഞ്ഞു.
2020 മെയ് 25നാണ് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച ഫലം കഴിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞത്. സ്‌ഫോടക വസ്തു നിറച്ച ഫലം കഴിച്ച കാട്ടാനയുടെ മുഖം തകര്‍ന്നിരുന്നു. വായയും നാവും ഗുരുതരമായി പൊള്ളുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാനാകാതിരുന്ന ആന പട്ടിണികിടന്നാണ് മരിച്ചത്.
പരിക്കേറ്റതിന് ശേഷം ആന കിലോമീറ്ററുകളോളം സഞ്ചരിച്ചതിനാല്‍ തെളിവുകള്‍ കണ്ടെത്താനാവാത്തതാണ് അന്വേഷണത്തെ ബാധിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക