Kerala News
സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ല; രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 09, 09:25 am
Tuesday, 9th April 2024, 2:55 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിലെ പൊരുത്തക്കേട് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സത്യവാങ്ങ്മൂലം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ആക്‌സസിന് നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസിന്റെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പരാതി നൽകിയത്. സി.പി.ഐ.എമ്മും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ വിവരങ്ങളും കണക്കുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയല്ലെന്ന് ഇരു പാര്‍ട്ടികളും ആരോപിച്ചു. ആ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ഇടപെട്ടത്.

സത്യവാങ്മൂലവും അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ആക്‌സസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

Content Highlight: Election Commission to check Rajiv Chandrasekhar’s affidavit