ഇത്തവണ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കും; എട്ട് സീറ്റ് നേടാന്‍ സാധ്യത: ഇ. ശ്രീധരന്‍
Kerala News
ഇത്തവണ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കും; എട്ട് സീറ്റ് നേടാന്‍ സാധ്യത: ഇ. ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2024, 4:14 pm

മലപ്പുറം: കേരളത്തില്‍ എന്‍.ഡി.എ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ഇ. ശ്രീധരന്‍. അത് പൊന്നാനി മണ്ഡലത്തില്‍ ആയിരിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ 8-10 സീറ്റ് നേടുമെന്നും  ഇത്തവണയും കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അത് മന്‍മോഹന്‍ സിങ് മുമ്പ് പറഞ്ഞതാണെന്നും ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘പൗരത്വ ഭേദഗതിയെക്കുറിച്ച് വ്യക്തമായി പഠിക്കാതെ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്. ഈ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല. മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല.

ഞാന്‍ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കില്ല. പ്രായം കണക്കിലെടുക്കുമ്പോള്‍ മത്സരിക്കാനാകില്ല. വികസന കാര്യങ്ങളില്‍ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. നാട്ടുകാര്‍ക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും പാര്‍ട്ടി നോക്കാതെ ആരുമായും സഹകരിക്കും,’ ഇ. ശ്രീധരന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഗ്യാരന്റി, ഒരു ഗ്യാരന്റി തന്നെയാണെന്നും കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുവെന്ന് നടിക്കുന്നവര്‍ ഉണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ വിദ്യാഭ്യസമുള്ള സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാം ആരാണ് വികസനം സാധ്യമാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മോദി ഭരണത്തിലെത്തിയാല്‍ താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചില വികസന പദ്ധതികള്‍ ഉണ്ടെന്നും അവ നടപ്പിലാക്കന്‍ ശ്രമിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Content Highlight: E. Sreedharan says NDA will open an account in Kerala this time