Kerala News
രാജ്യദ്രോഹ നിയമത്തിലെ സുപ്രീം കോടതിയുടെ താക്കീതിന് പോലും കേന്ദ്രം വിലകല്‍പ്പിക്കുന്നില്ല; ഐഷ സുല്‍ത്താനക്ക് ഡി.വൈ.എഫ്.ഐയുടെ ഐക്യദാര്‍ഢ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 11, 04:54 pm
Friday, 11th June 2021, 10:24 pm

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ. വിമര്‍ശനം ഉന്നയിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

‘രാജ്യദ്രോഹ നിയമത്തിന് പരിധി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ താക്കീതിന് പോലും കേന്ദ്രസര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. തങ്ങളുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് എതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് ബി.ജെ.പിയുടെ തെറ്റിദ്ധാരണ മാത്രമാണ്,’ ഡി.വൈ.എഫ്.ഐ. പറഞ്ഞു.

ദ്വീപ് ജനതയുടെ ജനാധിപത്യാവകത്തിനും വിശ്വാസങ്ങള്‍ക്കും നേരെ കടന്നുകയറുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററെ വിമര്‍ശിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമാക്കി, രാജ്യദ്രോഹ നിയമത്തെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്, ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രതികരിച്ച ഐഷയെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്നും ഐഷ സുല്‍ത്താനക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം,ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജിയുണ്ടായി. ദ്വീപിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അടക്കമുള്ള 12 പ്രവര്‍ത്തകരാണ് രാജിവെച്ചത്.

ബി.ജെ.പി. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിര്‍ സാലിഹത്ത്, അബ്ദുള്‍ സമദ്, അന്‍ഷാദ്, അബ്ദുഷുക്കൂര്‍, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീന്‍ ആര്‍.എം., മുനീര്‍ മൈദാന്‍ തുടങ്ങിയവരാണ് രാജിക്കത്ത് നല്‍കിയത്.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്. നേരത്തെയും ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് കൂട്ടരാജി ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന്ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : DYFI Solidarity to Aisha Sultana