ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായകവും അതേസമയം കലുഷിതവുമായ ഒരു അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ടാണ് നമ്മള്‍ സംസാരിക്കുന്നത്. പറയുന്നതും എഴുതുന്നതും ചെയ്യുന്നതും ചിന്തിക്കുന്നതും രാഷ്ട്രീയമല്ലാതെ മറ്റൊന്നും ആവാന്‍ സാധിക്കാത്ത അന്തരീക്ഷം.
എഴുത്തുകാരി കെ ആര്‍ മീരയാണ് ഇന്ന് നമ്മോടൊപ്പം ഉള്ളത്.
എഴുത്തുകാര്‍ ഈ ഫാസിസ്റ്റ് കാലത്ത് നിശബ്ദരാകുന്നുണ്ടോ? എന്തും രാഷ്ട്രീയമായി മാത്രം സംസാരിക്കാന്‍ ബാധ്യതപ്പെട്ട ഒരുകാലത്ത് ഇരുന്നുകൊണ്ട് എഴുത്തുകാര്‍ നിശബ്ദമാകുന്നു എന്ന് തോന്നുന്നുണ്ടോ?
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു സെല്‍ഫ് സെന്‍സറിങ്ങിന് വിധേയപ്പെടുന്ന ഒരു അവസ്ഥ, എഴുതുമ്പോള്‍ ഭയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ?
എണ്ണത്തില്‍ കുറവാണെങ്കിലും, ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ എഴുത്തുകാരുടെ ശബ്ദമാണ് ഉയര്‍ന്നുകേള്‍ക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് എഴുത്തുകാരാണ് ഇതിനെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. എന്‍ എസ് മാധവനും സച്ചിദാനന്ദനും ആനന്ദുമൊക്കെത്തന്നെയാണ് ആദ്യം ഇതിനെതിരെ രംഗത്തുവന്നത്. പ്രത്യേകിച്ചും ബീഹാര്‍ തെരഞ്ഞെടുപ്പിന് സമയത്ത്.
സമകാലിക ഇന്ത്യയിലെ ഫാസിസത്തിന്റെ ലക്ഷണങ്ങളെപ്പറ്റി ആദ്യം സൂചിപ്പിച്ചത് എന്‍ എസ് മാധവന്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞ പലകാര്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥയില്‍ അപ്ലിക്കബിള്‍ ആണെന്ന് എന്നെപ്പോലുള്ളവര്‍ അത്ഭുതത്തോടെയാണ് തിരിച്ചറിഞ്ഞത്. അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ വല്ലാതെ ഭയം തോന്നുകയുണ്ടായി. നമ്മുടെ തലമുറയില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പലതരം അനുഭവങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന തിരിച്ചറിവ്.
അതുകൊണ്ട് എഴുത്തുകാര്‍ നിശബ്ദരാണ് എന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. പക്ഷേ എന്റെ തലമുറയിലെ ഒരുപറ്റം എഴുത്തുകാര്‍ പലപ്പോഴും നിശബ്ദരാകുന്നു. അത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.
എഴുത്തുകാരികള്‍ ആണ് കൂടുതല്‍ മുന്നോട്ട് വരുന്നത് എന്ന് തോന്നാറുണ്ട്. പലപ്പോഴും പെണ്ണുങ്ങള്‍ക്കുള്ള ധൈര്യം, “പെണ്ണെഴുത്തുകാരി”കള്‍ക്ക് ഉള്ള ധൈര്യം ആണെഴുത്തുകാരന്‍മാര്‍ക്കില്ല എന്നതിനുള്ള തെളിവായി മാത്രം അതിനെ കണക്കാക്കിയാല്‍ മതി.
2007ലാണ് താങ്കള്‍ മൂന്ന്കഥകളെഴുതി ഒന്നിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് (സ്വച്ഛഭാരതി, സംഘിയണ്ണന്‍, മാധ്യമ ധര്‍മ്മന്‍) എന്നീ കഥകള്‍. അവ മൂന്നും നേരിട്ട് രാഷ്ട്രീയം പറയുന്ന കഥകള്‍ തന്നെയായിരുന്നു എന്തുകൊണ്ടാണ് അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയത്?
മുന്‍പ് എഴുതിയ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ക്രാഫ്റ്റും ശൈലിയും സ്വീകരിക്കുക എന്നത് എന്റെ എപ്പോഴുമുള്ള ഒരു നിര്‍ബന്ധമാണ്. നേരത്തെയും ഞാന്‍ രാഷ്ട്രീയം കൈകാര്യം ചെയ്തിട്ടുണ്ട്. മിക്കവാറും കഥകളില്‍ ഇടതുപക്ഷ വലതുപക്ഷ വ്യതിയാനം ധാരാളമായി കൈകാര്യം ചെയ്തിട്ടുണ്ട്.
പക്ഷേ ഈ കാലഘട്ടത്തില്‍ ഇങ്ങനെ മൂന്നു കഥകള്‍ തന്നെ വേണമെന്ന് എനിക്കൊരു നിര്‍ബന്ധം ഉണ്ടായിരുന്നു. കഥകള്‍ മൂന്നും ഒരു പൂങ്കുലയിലെ പൂക്കളെ പോലെ ഒരു സ്പീഷീസിന്റെ സ്വഭാവം പ്രകടിപ്പിക്കുകയും അതേസമയം വ്യത്യസ്തമാകുകയും ചെയ്യുന്ന കഥകള്‍ ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
ഇപ്പോഴെങ്കിലും വളരെ ഡയറക്ടായി നമുക്ക് സംസാരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. ആലങ്കാരികമായി സംസാരിച്ചത് കൊണ്ട് വലിയ പ്രയോജനമില്ല. ആലങ്കാരികമായി സംസാരിച്ചാലോ രൂപകങ്ങള്‍ കൊണ്ട് സംസാരിച്ചാലോ അത് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധം മനസ്സ് അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ് നമ്മളില്‍ പലരും.
അതുകൊണ്ട് വളരെ നേര്‍ക്കുനേരെ നേരെചൊവ്വേ പ്രത്യാക്രമണമാണ് നല്ലതെന്ന് എനിക്ക് തോന്നി.
ഇത്രയുംകാലത്തെ എഴുത്തിന്റെ അനുഭവങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ഒരു തീരുമാനമാണോ അത്?
ഈ വിഷയങ്ങള്‍ കൃത്യമായും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂന്ന് അനുഭവങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയം എന്നു പറയുമ്പോള്‍ സാമൂഹികവും ജനാധിപത്യപരവും മാധ്യമസംബന്ധിയുമായ അവസ്ഥയെ സൂചിപ്പിക്കുന്ന മൂന്നു കഥകളാണ്. ശരിയായോ തെറ്റായോ എന്ന് എനിക്കറിയില്ല, അങ്ങനെയാണ് വേണ്ടത് എന്ന് എനിക്ക് തോന്നി.
അതിനോട് വായനക്കാരുടെ പ്രതികരണം എങ്ങനെയായിരുന്നു?
വളരെ നല്ല പ്രതികരണമായിരുന്നു. എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തെ ചരിത്രമെടുത്തു നോക്കിയാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവ്, വളര്‍ച്ച ഇതിന് സമാന്തരമായി സംഭവിക്കുന്നുണ്ട്. സമാന്തര എഴുത്തും മുഖ്യധാര എഴുത്തും തമ്മിലുള്ള വിടവ് ഇല്ലാതാവുകയും സമൂഹമാധ്യമങ്ങളിലെ എഴുത്ത് വളരെ ശക്തമായി മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്.
മുഖ്യധാരയിലും പ്രിന്റ്മീഡിയയിലും എഴുതിയിരുന്ന “എഴുത്തുകാര്‍” എന്ന് നമ്മള്‍ പറഞ്ഞിരുന്നവരില്‍നിന്ന് വ്യത്യസ്തമായി എല്ലാവരും എഴുതുകയും അതില്‍തന്നെ ധാരാളംപേര്‍ വളരെ ശക്തമായി രാഷ്ട്രീയം പറയുകയും ചെയ്യുന്ന വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.
എഴുത്തുകാരുടെ വരേണ്യത അപ്രസക്തമായി എന്ന് തോന്നുന്നുണ്ടോ?
ഈ സോകോള്‍ഡ് വരേണ്യത വാസ്തവത്തില്‍ വളരെക്കാലം മുന്‍പേ അപ്രത്യക്ഷമായി കഴിഞ്ഞതാണ്. ഞങ്ങളുടെ തലമുറ എഴുത്തില്‍ സജീവമായ സമയത്തുതന്നെ ഈ വരേണ്യത മാഞ്ഞു പോയിരുന്നു.
സോഷ്യല്‍മീഡിയ വന്നതോടെ എനിക്ക് അത്ഭുതം തോന്നുന്നത്, നന്നായി എഴുതുന്ന എത്രയോ ആളുകള്‍ ഉണ്ടായിരുന്നു നമ്മുടെ ഇടയില്‍. അതൊരിക്കലും തിരിച്ചറിയാതെ പോയി എന്നത് അത്ഭുതമായി തോന്നാറുണ്ട്. പ്രത്യേകിച്ച് പുതിയ കുട്ടികളൊക്കെ എത്ര വ്യക്തവും ശക്തമായാണ് രാഷ്ട്രീയം പറയുന്നത്.
എനിക്ക് സോഷ്യല്‍മീഡിയയെ പറ്റിയുള്ള ഏറ്റവുംവലിയ സന്തോഷം അത് സ്ത്രീകള്‍ക്കു ഒരു വലിയ പ്ലാറ്റ്‌ഫോം കൊടുത്തതിലാണ്. സ്ത്രീകള്‍ക്ക് ഈ വിധത്തില്‍ അഭിപ്രായങ്ങള്‍ ഉണ്ട് എന്നതും ഈ വിധത്തില്‍ അത് പ്രകടിപ്പിക്കാനുള്ള ധൈര്യമുണ്ട് എന്നതും ഭാഷയുണ്ട് എന്നതുമൊക്കെ തെളിയിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചു. ആ രീതിയില്‍ അതു വലിയൊരു അനുഗ്രഹം തന്നെയാണ്.
ഇതോടൊപ്പംതന്നെ ഭാഷയില്‍ നടന്നിട്ടുള്ള നവീകരണത്തിനും കാണേണ്ടതുണ്ട്. പണ്ടൊക്കെ ആലോചനയില്ലാതെ “കറുത്ത കൈകള്‍ ” എന്നപോലെയുള്ള പ്രയോഗങ്ങള്‍ എല്ലാവരും നടത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ നമ്മള്‍ ഭാഷയില്‍ ജന്റര്‍ സെന്‍സിറ്റീവ് ആവാന്‍ തുടങ്ങി.
കാലത്തിന്റെ മാറ്റമനുസരിച്ച് നമ്മള്‍ ഭാഷയിലും പ്രയോഗങ്ങളിലും ഒക്കെ സ്വയം നവീകരിക്കാന്‍ തുടങ്ങി. മുഖ്യധാരാ എഴുത്തുകാര്‍ ഉള്‍പ്പെടെ. ഈ മാറ്റത്തെ എങ്ങനെ യാണ് എഴുത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്?
പറ്റുന്ന തെറ്റുകള്‍ തിരുത്തി പോകണം എന്നതാണു തുടക്കം മുതലേ എന്റെ നിലപാട്. അതുകൊണ്ട് ആരെയെങ്കിലും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ എപ്പോഴും ഒഴിവാക്കിത്തന്നെയാണ് പോകാറുള്ളത്. ചില സമയത്ത് അറിവുകേടുകൊണ്ട്, അല്ലെങ്കില്‍ അശ്രദ്ധകൊണ്ട്, ചില വാക്കുകള്‍ കടന്നുകൂടും എന്നല്ലാതെ വലിയ കുഴപ്പങ്ങളൊന്നും മുന്‍പ് സംഭവിച്ചിരുന്നില്ല.
പക്ഷേ ഞാന്‍ വളരെ വിജിലന്റായി. ഞാന്‍ മാത്രമല്ല എല്ലാ എഴുത്തുകാരും വിജിലന്റായി. അതൊരു നല്ല സൂചനയാണ്.
അതില്‍ സോഷ്യല്‍ മീഡിയക്ക് പങ്കുണ്ട് എന്ന് തോന്നുന്നുണ്ടോ? രാഷ്ട്രീയ ശരികളില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടി. അങ്ങനെ പ്രയോഗിക്കുമ്പോള്‍ ഒക്കെ നമ്മള്‍ വിശദമായി വിമര്‍ശിക്കപ്പെടുന്നു എന്നതുകൊണ്ട്?
തീര്‍ച്ചയായും വളരെ വലിയ പങ്കുണ്ട്. വിമര്‍ശിക്കപ്പെടുന്നു എന്നത് മാത്രമല്ല, ഒരു ഭൂരിപക്ഷത്തിന്റെ നമ്മളിതുവരെ കേട്ടിട്ടില്ലാത്ത ശബ്ദം, അവരുടെ ദൃശ്യത അവരുടെ ശബ്ദമുയര്‍ത്താനുള്ള ഒരു പ്ലാറ്റ്‌ഫോം ഇതാകുന്നു എന്നത് വലിയ കാര്യമാണ്.
നമുക്ക് അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഇതുവരെ നമുക്ക് നേരിട്ട് സംവദിക്കാന്‍ സാധിക്കാതിരുന്ന ഒരുപാട് വായനക്കാരുമായി, വ്യക്തികളുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന അവസരങ്ങള്‍ വളരെ വലുതാണ്. നേരത്തെ ഞാനിതിനെ വളരെ കാര്യമായി എടുത്തിരുന്നില്ല.
ഇപ്പോഴും ഞാന്‍ സോഷ്യല്‍ മീഡിയ സാവി അല്ല . എങ്കില്‍പോലും എനിക്ക് അതിലൂടെ പരിചയപ്പെടാന്‍ സാധിക്കുന്ന തരം മനുഷ്യജീവിതങ്ങള്‍ നിത്യജീവിതത്തിലോ മറ്റ് സാമൂഹികമായ ചുറ്റുപാടുകളിലോ കാണാത്തവയാണ്. അത് വലിയൊരു തുറസ്സ് ആണ്. അതിന്റെ ശക്തി വലുതാണ് മാരക ശേഷിയും വലുതാണ്.
അത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു സ്ത്രീക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ എനിക്കും നേരിടേണ്ടി വരാറുണ്ട്. പക്ഷേ ഞാന്‍ അതിനെ വളരെ സന്തോഷത്തോടെയാണ് കാണുന്നത്. ഇത്തരത്തില്‍ പ്രതികരിക്കുന്ന ആളുകളെ പഠിക്കാന്‍ ഇത് ഒരു അവസരം തരുന്നുണ്ട്.
മുന്‍പാണെങ്കിലും ഇപ്പോഴാണെങ്കിലും നേര്‍ക്കുനേരെ വന്ന് അസഭ്യം പറയാന്‍ ഇവര്‍ക്കാര്‍ക്കും ധൈര്യമില്ല. . ആള്‍ക്കൂട്ടത്തിന്റെ അനോണിമിറ്റിയുടെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് ഇവര്‍ക്ക് സ്വയം എക്‌സ്പ്രസ് ചെയ്യാനുള്ള ഒരു വേദി സോഷ്യല്‍ മീഡിയ നല്‍കുന്നു.
ഒരു എഴുത്തുകാരി എന്ന നിലയില്‍ അതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ എനിക്കവരെ പഠിക്കാന്‍ സാധിക്കുന്നുണ്ട്. ഒരു പൊതു സ്ഥലത്തോ സമ്മേളന സദസ്സിലോ കണ്ടുമുട്ടിയാലോ നേര്‍ക്കുനേരെ സംസാരിച്ചാലോ ഒരു പക്ഷേ ഇവരുടെ ഈ മുഖം അല്ലെങ്കില്‍ ആത്മാവ് ഒരിക്കലും കാണാന്‍ സാധിക്കില്ല. അതവര്‍ പൊതിഞ്ഞുപിടിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത് എഴുത്തുകാരെ സംബന്ധിച്ച് വലിയ സ്രോതസ്സ് തന്നെയാണ്.
അതിനോടൊപ്പം പറയേണ്ട ഒന്നാണ് മീറ്റു മൂവ് മെന്റ്. അങ്ങേയറ്റം പുരോഗമനപരമായ ഒന്നായി രൂപം കൊള്ളുകയും മുന്നോട്ട് പോവുകയും ചെയ്തു ഒരു പ്രസ്ഥാനമാണ് മീ ടൂ.
കഴിഞ്ഞദിവസം സ്ലാവോയ് സിസെസക്കിന്റെ ഒരു ടോക്ക് കേട്ടിരുന്നു. മീ ടൂ പ്രസ്ഥാനത്തെ അംഗീകരിക്കുമ്പോള്‍തന്നെ ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്ന രീതിയില്‍ അത് ഒരു പരാജയമാണ് എന്ന ഒരു വിലയിരുത്തല്‍ അദ്ദേഹം നടത്തുന്നുണ്ട്. വര്‍ഗ്ഗ വ്യത്യാസത്തെ അത് അഭിസംബോധന ചെയ്യുന്നില്ല എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം അത് പറയുന്നത്.
മീ ടൂ പ്രസ്ഥാനം ആരംഭിച്ചത് കറുത്തവര്‍ഗ്ഗക്കാരായ തൊഴിലാളിസ്ത്രീകളുടെ ഇടയില്‍ നിന്നാണ്. അവര്‍ നിരന്തരം ഏറ്റു കൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് അതിന് എതിരായ ഒരു പ്രസ്ഥാനമായിട്ടാണ് ഉണ്ടായിവന്നത്. പിന്നീടത് പടര്‍ന്നുപിടിക്കുമ്പോള്‍ മധ്യവര്‍ഗ്ഗം അതിനെ ഏറ്റെടുക്കുന്നു. സാമ്പത്തികമായ അന്തരത്തെ അഭിസംബോധന ചെയ്യപ്പെടാതെ പോവുകയും ആ രാഷ്ട്രീയം മനസ്സിലാക്കപ്പെടാതെ പോവുകയും യഥാര്‍ത്ഥ കാരണങ്ങളെ മനസ്സിലാക്കാതെ പോവുകയും ചെയ്യുന്നു എന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
വര്‍ഗ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാതെ ലൈംഗികപീഡനം എന്ന വിഷയത്തില്‍ നിന്നുകൊണ്ട് സംസാരിക്കുമ്പോള്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇല്ലാതാകുന്നുണ്ടോ എന്നതാണ് സിസെക് ഉന്നയിക്കുന്ന വിമര്‍ശനം.
എനിക്ക് തോന്നുന്നത്, ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒന്നു രണ്ടെണ്ണത്തിനെ അത്അഡ്രസ്സ് ചെയ്യാതെ പോകുന്നുണ്ട്. പക്ഷേ ഉദ്ദേശിക്കാത്ത ലക്ഷ്യങ്ങള്‍ കൈവരിക്കാനും അതുവഴി സാധിച്ചിട്ടുണ്ട്. അങ്ങനേയേ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ വിശദീകരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു.
കാരണം ഇന്ത്യയില്‍ പ്രത്യേകിച്ച്, തുറന്ന് പറയാന്‍, അതായത് ദൃശ്യതയുള്ളതും ശബ്ദം പുറത്ത് കേള്‍ക്കുന്നതുമായ ഒരു വിഭാഗം സ്ത്രീകള്‍ ഇപ്പഴും മധ്യ വര്‍ഗ്ഗത്തില്‍ നിന്നാണ് . അവര്‍ കണക്കു തീര്‍ക്കാന്‍ തുടങ്ങിഎന്നത് കാണാതിരുന്നു കൂടാ.
താഴെത്തട്ടില്‍ നിന്നുള്ള സ്ത്രീകള്‍ ആ വിധത്തില്‍ മുന്നോട്ട് വരാനുള്ള വേദി ഇപ്പഴും ഒരുങ്ങിയിട്ടില്ല. ഇനി വരാനുള്ള മീടൂ വിന്റെ കഥകളൊക്കെ വല്ലാതെ നമ്മളെ ഞെട്ടിപ്പിക്കുന്നതായിരിക്കും.
തൊഴിലാളി സ്ത്രീകളുടെ റിവോള്‍ട്ട്, മധ്യ വര്‍ഗ്ഗം ഏറ്റെടുക്കുമ്പോള്‍ അതില്‍ അധികാരം കയറി വരുന്നില്ലേ എന്നതാണ്.
ഇന്ത്യയില്‍ പ്രധാനമായും മീഡിയ എക്‌സ്‌പോഷര്‍ കിട്ടുന്ന ഒരു വിഭാഗം ഇപ്പോഴും മധ്യവര്‍ഗ്ഗം ആണ് എന്നതുകൊണ്ട് താഴെത്തട്ടിലേക്ക് അത് ഇറങ്ങിച്ചെന്നിട്ടില്ല എന്ന് വേണം കരുതാന്‍. പക്ഷേ അതുകൊണ്ട് അത് ചെല്ലുകയില്ല എന്ന് വിചാരിക്കരുത്.
തീര്‍ച്ചയായും വരും വര്‍ഷങ്ങളില്‍ നമ്മളെയൊക്കെ പിടിച്ചുകുലുക്കിക്കൊണ്ട് നമ്മുടെയൊക്കെ വീട്ടിനകത്തേക്ക് കടന്നു വരുന്ന വലിയ വിസ്‌ഫോടനകരമായ സംഭവങ്ങള്‍, വെളിപ്പെടുത്തലുകള്‍, ആരോപണങ്ങള്‍ ചോദ്യം ചെയ്യലുകള്‍ ഒക്കെ നേരിടേണ്ടി വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഇപ്പോള്‍ സംഭവിച്ചത് മധ്യവര്‍ഗ്ഗമാണല്ലോ കൃത്യമായി പുറം ലോകവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കുന്നവരും സ്വാംശീകരിക്കുന്നവരും. അതുകൊണ്ടാകാം, ഇന്ത്യയിലെ മീടൂ ആ വിഭാഗക്കാര്‍ ഏറ്റെടുത്തത്. മധ്യ വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ഒരു വലിയ സാധ്യത ഇത് തുറന്ന് കൊടുത്തു. അത് ഞാന്‍ വിചാരിക്കുന്നത്, സ്വന്തം മുറിവുണക്കാനുള്ള ഒരു വലിയ സാധ്യതയാണത് എന്നാണ്.
ഇതില്‍ പലതും പ്രതികാരം ചെയ്യുന്നതിനോ നിയമപരമായ നടപടികള്‍ക്കോ വേണ്ടിയുള്ളതല്ല. അങ്ങനെയുള്ളത് ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഒരു വലിയ വിഭാഗവും ഇത് തുറന്ന് പറയുന്നത് ഉള്ളിലെ മുറിവുണക്കാന്‍ വേണ്ടിയാണ്.. അത് നാം കാണാതിരുന്നു കൂടാ. ഇത് സൂചിപ്പിക്കുന്നത് മധ്യവര്‍ഗ്ഗത്തിന്റെ പ്രഡേറ്റേഴ്‌സ് ആയ പുരുഷന്‍മാര്‍ ഇന്നും സമൂഹത്തില്‍ വളരെ വലിയ പദവികള്‍ അലങ്കരിക്കുന്നവരോ പ്രിവിലേജ്ഡ് ആയിരിക്കുന്നവരോ ആണ്.
സാമൂഹിക ബഹിഷ്‌കരണം പോലുള്ള ആവശ്യങ്ങളൊക്കെ ഉയരുന്നുണ്ടെങ്കിലും ഇവരെയൊന്നും അതധികം ബാധിച്ചിട്ടില്ല. എപ്പോഴും ആരോപിതനായ പുരുഷനെ പിന്‍തുണയ്ക്കാനും അദ്ദേഹത്തിന് ശക്തി പകരാനും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഒരു വലിയ കൂട്ടമുണ്ടാവും. കാരണം അയാള്‍ അന്നുമിന്നും അധികാരം കയ്യാളുന്ന ആളായിരിക്കും. വളരെ ചുരുക്കം പേര്‍ മാത്രമേ അതിന്റെ പേരില്‍ ഒറ്റപ്പെടുകയും വേദനിക്കുകയും ഒക്കെ ചെയ്യുന്നത് കാണാറുള്ളൂ .
അധികാരം കയ്യാളുന്ന മധ്യ വര്‍ഗ്ഗത്തിലെ പുരുഷന്‍മാരുടെ സാമൂഹിക ബഹിഷ്‌കരണത്തെക്കുറിച്ച് നാം വേവലാതിപ്പെടേണ്ടതില്ല. നേരത്തേ പറഞ്ഞത് പോലെ, മീ ടൂ മൂവ്‌മെന്റ് കൊണ്ട് ലക്ഷ്യമിട്ടത് ഇന്ത്യന്‍ സമൂഹത്തിലേക്ക് വൈകാതെ തുറന്ന് വരും. അതു വൈകുന്നതു നമ്മുടെ സാമൂഹികമായ പിന്നാക്കാവസ്ഥയുടെ പ്രതിഫലനം മാത്രമാണ്.
അതു തന്നെയാണ്, പുരുഷനെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റങ്ങളിലേക്കും അക്രമങ്ങളിലേക്കും ലൈംഗികാക്രമണങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടാതെ പോവുകയും ആ ആക്ട് വിചാരണ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ നീതി എന്ന സങ്കല്പത്തെ നമ്മള്‍ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നാണ് ചോദ്യം
സ്ത്രീകള്‍ക്കെതിരായ എല്ലാ അട്രോസിറ്റീസിലും നമ്മള്‍ അത് നേരിടുന്നുണ്ട്. അത് മറികടക്കേണ്ട സമയം എപ്പോഴോ കഴിഞ്ഞിരിക്കുന്നു. പുതിയ തലമുറയില്‍ അത് മാറും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നു പഠിക്കാനും സമപ്രായക്കാരെ തിരിച്ചറിയാനുമൊക്കെയുള്ള വേദി ഒരുക്കാത്തിടത്തോളം ഇന്ത്യയില്‍ ഇത് നേടിയെടുക്കാന്‍ സാധ്യമല്ല.
നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഇപ്പോഴും കിട്ടുന്നത് വേറൊരു രീതിയിലുള്ള വിദ്യാഭാസമാണ്.
സാമൂഹികപരമായ ബഹിഷ്‌കരണം എന്ന തരത്തിലേക്ക് ഇതിന്റെ നടപടികള്‍ മാറുമ്പോള്‍ അത്ത് സാമൂഹികമായും നിയമപരമായും എത്രത്തോളം പുരോഗമനപരമാണ് എന്ന് പറയാന്‍ കഴിയും?
വാസ്തവത്തില്‍, ഇത്തരമൊരു കുറ്റകൃത്യത്തില്‍ നീതി പൂര്‍ണമായി എങ്ങനെ സാധ്യമാക്കും എന്നത് ഒരു വലിയചോദ്യമാണ്. ഒരു സ്ത്രീയെ മാത്രം ബാധിക്കുന്നതായി ലോകത്ത് ഒരു പ്രശ്നവുമില്ല. സ്ത്രീയെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ആത്യന്തികമായി ത്‌നിലവിലുള്ള ജെന്റര്‍ വ്യവസ്ഥയുടെ ഗുണഭോക്താവെന്ന നിലയില്‍ പുരുഷനെയാണ് കുടുതല്‍ ബാധിക്കുന്നത്. സ്ത്രീയെ ബാധിക്കുന്നതിന് റ 10 ഇരട്ടിയായി പുരുഷനെ ബാധിക്കും എന്നതിന്റെ തെളിവാണ് മീ ടൂ വെളിപ്പെടുത്തലില്‍ തകര്‍ന്നു പോകുന്ന ആണഹന്തകള്‍.
ഇപ്പോള്‍ സംഭവിക്കുന്നത് സാമൂഹിക ബഹിഷ്‌കരണം നേരിടുന്ന പുരുഷന്മാരുടെ ഭാരം പതിന്‍മടങ്ങാണെന്ന് പുറം ലോകത്തിന് തോന്നുന്ന സാഹചര്യത്തിലേക്ക് എത്തുന്നു എന്നതാണ്. നമ്മുടെ സിമ്പതി എപ്പോഴും പുരുഷന്മാരോടൊപ്പം ആണ്, അത് വേറെ കാര്യം.
പക്ഷേ, ഇപ്പോഴെങ്കിലും സമൂഹം അത് തിരിച്ചറിയണം ഒരു സ്ത്രീ വേദനിപ്പിക്കപ്പെടുമ്പോള്‍ മുറിവേല്‍പ്പിക്കപ്പെടുമ്പോള്‍ നാം പട്ടില്‍പ്പൊതിഞ്ഞ് മഹത്തരമായി അവതരിപ്പിക്കുന്ന സാമൂഹിക വ്യവസ്ഥ ഇന്നല്ലെങ്കില്‍ നാളെ തകിടംമറിയും. പുതിയതൊന്ന് ഉണ്ടാകാന്‍ സമയമെടുക്കും. അതുകൊണ്ട്, കൂടുതല്‍ മെച്ചപ്പെട്ട ഒരു പ്രശ്നനിര്‍ദ്ധാരണപദ്ധതി ഈ കാര്യത്തില്‍ ഉരുത്തിരിഞ്ഞു വരുന്നതുവരെ കുറെ മുറിവുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഏല്‍ക്കേണ്ടി വരും.
ഇങ്ങനെ അല്ലാതെ ഒരുപ്രശ്ന പരിഹാര സാധ്യത ഈ പ്രശ്‌നത്തില്‍ ഇല്ല. സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുന്നത് മോശപ്പെട്ട അനുഭവങ്ങളാണ്. എന്നാല്‍ സ്ത്രീകള്‍ പകപോക്കാന്‍് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും പറയുന്നവരുണ്ട്. അതു കേള്‍ക്കുമ്പോള്‍ ബിനോദിനി ദാഷി ബംഗാളിലെ ആദ്യ നാടക നടിയായിരുന്നു അവര്‍ പറഞ്ഞതാണ് ഓര്‍മ്മ വരാറ്. ഞാന്‍ ആരാച്ചാറില്‍ അത് എഴുതിയിട്ടുമുണ്ട് ” ഞങ്ങള്‍ സ്ത്രീകളെ വഞ്ചിക്കാന്‍ പഠിപ്പിച്ചത് നിങ്ങളാണ് എന്നത്. മീ ടൂവിലൂടെ പകപോക്കാന്‍ ശ്രമമുണ്ടെങ്കില്‍ അതവര്‍ പഠിച്ചത് ആരില്‍നിന്നാണ്?
പുരുഷന്മാരെ ഇത്തരം പ്രവര്‍ത്തികളിലേക്ക് പ്രേരിപ്പിക്കുന്ന സാമൂഹ്യ അവസ്ഥയെ അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നുള്ള അര്‍ത്ഥത്തിലാണ് അദ്ദേഹം അത് ഉപയോഗിച്ചത്
ആ സാമൂഹിക അവസ്ഥ അധികാരത്തിന്റെ അല്ലെങ്കില്‍ പാട്രിയാര്‍ക്കിയുടേതാണ്. വേട്ടക്കാരാവുന്ന പുരുഷന്മാരും ഒരുതരത്തില്‍ ജെന്‍ഡര്‍ വ്യവസ്ഥയുടെ ഇരകള്‍ തന്നെയാണ്. അത് അവരുടെ സെല്‍ഫ് എസ്റ്റീമിനെ നശിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ഈ വിധത്തില്‍ ഒരുപാട് ഇരകളെ ഉല്‍പ്പാദിപ്പിക്കേണ്ടിവരുന്നത്. അത് അവരുടെ സെല്‍ഫ് എസ്റ്റീം നിലനിര്‍ത്തുന്നതിന് വേണ്ടിയിട്ടാണ് എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇതിന് ഒരു പ്രശ്ന പരിഹാരം ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു.
ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചപ്പോള്‍ താങ്കള്‍ ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഒന്‍പത് വര്‍ഷം മുന്‍പാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് കഥാപാത്രമായി വരുന്ന ഒരു കഥയെഴുതുന്നത്.
വിമര്‍ശനാത്മകമായി ചോദിക്കുകയാണെങ്കില്‍ ട്രേഡ് യൂണിയന്‍ പാരമ്പര്യമുള്ള ജോര്‍ജ് ഫെര്‍ണാസ് പിന്നീട് എന്‍.ഡി.എയുടെ ഭാഗമാവുകയും ബി.ജെ.പി യോട് അടുത്ത നില്‍ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ കഥയിലും ഒറ്റ വാചകത്തില്‍ മാത്രമാണ് അതിനോടൊരു വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
രാഷട്രീയമായി വിമര്‍ശിക്കുമ്പോള്‍ ചരിത്രത്തെ മുഴുവന്‍ പരിഗണിക്കേണ്ടതില്ലേ? രാഷ്ട്രീയവും ചരിത്രവും തുടര്‍ച്ചയാണെന്നിരിക്കേ അതിനെ വിമര്‍ശനാത്മകമായിത്തന്നെ കാണേണ്ടിയിരുന്നില്ലേ?
ആ കഥയില്‍ അതുണ്ട് “”ചില തല കീഴ്മറിച്ചിലുകള്‍, തകിടം മറിച്ചിലുകള്‍ എങ്കിലും സേനാപതിക്ക് ഹസ്തദാനം മാത്രം നല്‍കി സൈനികനെ ഗാഢം പുണര്‍ന്ന ഒരു പ്രതിരോധ മന്ത്രിയെ വെറുക്കുന്നതെങ്ങനെ “” എന്ന ചോദ്യത്തിലൂടെ. ഒരു റൊമാന്റിക്ക് സങ്കല്‍പ്പത്തോടെ നോക്കുമ്പോള്‍ ബഹുമാനിക്കാതിരിക്കാന്‍ വയ്യ എന്നുള്ളതാണ് അതിനകത്തെ പ്രധാനപ്പെട്ട സൂചന.
കഥയേക്കാള്‍, പിന്നീട് നമ്മളെഴുതുമ്പോഴും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലിരുന്ന് ജോര്‍ജ് ഫെര്‍ണാസിനെ വിലയിരുത്തുമ്പോള്‍ അങ്ങനെയോരു വിമര്‍ശനത്തനിന് സാധ്യതയുണ്ടല്ലോ?
അന്നത് എഴുതുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം സംഭവിച്ചു കഴിഞ്ഞിരുന്നില്ല. അതിലോരു പ്രധാന കാരണം അതിന് മുന്‍പുള്ള, ജോര്‍ജ് ഫെര്‍ണാണ്ടസ് ഭാഗമായിരുന്ന. എന്‍.ഡി.എ. ഗവണ്‍മെന്റ് നമ്മുടെ ജനാധിപത്യബോധത്തെയോ ഭരണഘടനയെയോ വെല്ലുവിളിക്കുന്നതായി എനിക്ക് അുഭവപ്പെട്ടിരുന്നില്ല. എ.ബി. വാജ്‌പേയി എന്ന നേതാവിന്റെ തലമുറപുലര്‍ത്തിയിരുന്ന ചില നെഹ്റുവിയന്‍ സങ്കല്‍പ്പങ്ങളിലും മൂല്യങ്ങളിലും എനിക്കു പ്രതീക്ഷയുണ്ടായിരുന്നു.
ഇന്നത്തേതുപോലത്തെ ഒരു പിന്തുടര്‍ച്ചയാണ്അതിന് ഉണ്ടാവാന്‍ പോകുന്നതെന്ന് അന്ന് മുന്‍കുട്ടി കണ്ടിരുന്നില്ല. അന്ന് എന്‍.ഡി.എയുടെ ഭാഗമായി നില്‍ക്കുന്നതു ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന നേതാവിന്റെ ജീവിതത്തിലുള്ള അപചയമായും ചേരിമാറ്റമായും ഒക്കെ മനസ്സിലാക്കിയിരുന്നെങ്കിലും ആ കഥയെഴുതുമ്പോള്‍ വരാനിരിക്കുന്നത് ഇങ്ങനെ വ്യാജങ്ങളുമായി യുദ്ധം ചെയ്യേണ്ട സാമൂഹികസാഹചര്യമാണ് എന്നു തിരിച്ചറിഞ്ഞിരുന്നില്ല. ആ കഥയെ മുന്നോട്ടു കൊണ്ടുപോയത് വാഗ്ദത്ത ഭൂമിയിലേക്കു പുറപ്പെടാന്‍ ഇന്ത്യന്‍ ജനത കാത്തിരുന്ന തീവണ്ടിയുടെ താളമായിരുന്നു. ഇന്ത്യയിലെ ജനത
യുടെ നെഞ്ചിലുടെ ഓടി കൊണ്ടിരുന്ന ഒരു തീവണ്ടി. അതായിരുന്നു അതിന്റെ കാഴ്ച്ചപാട്.
ഇന്നത്തെകാലത്തു നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ അതിനെ എങ്ങനെയാണ് തോന്നുന്നത്?
കഥയെയല്ല, ഈ വ്യക്തിയുടെ പരിണാമം ഇന്ത്യന്‍ രാഷ്ട്രീയ പരിണാമത്തിന്റെ സ്‌പെസിമെന്‍ ആയി എടുക്കാന്‍ കഴിയില്ലേ?
ശരിയാണ്. കാരണം ആ കാലം മുതല്‍ ഇന്ന് വരെയുള്ള മാറ്റമല്ല അന്നുണ്ടായിരുന്നത്. അന്ന് നമ്മള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ എന്‍.ഡി.എ സര്‍ക്കാരിന്റെ പിന്തുടര്‍ച്ച ഇ
ത്രമേല്‍ രൂക്ഷമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
ഇന്നും ആരോഗ്യത്തോടെ ഉണ്ടായിരുന്നെങ്കില്‍ ജോര്‍ജ്ഫെര്‍ണാണ്ട്സ് ഏത് ചേരിയില്‍ നില്‍ക്കുമായിരുന്നു എന്നത് എനിക്ക് സംശയമുള്ള കാര്യമാണ് .
ഇതുപോലെത്തന്നെ പറയേണ്ട ഒരു വ്യക്തിത്വമാണ് അമൃതാനന്ദമയിയുടേത്. അവര്‍ സ്ത്രീയാണെന്ന് പറയുമ്പോഴും ദളിത് ആണെന്ന് പറയുമ്പോഴും എല്ലാത്തരം കഷ്ടപ്പാടുകളും അനുഭവിച്ച ഒരു പില്‍ക്കാല ജീവിതം അവര്‍ക്ക് ഉണ്ട് എന്ന് പറയുമ്പോഴും അവരുടെ ഉള്ളിലെ വയലന്‍സിനെ നമ്മള്‍ കാണാതെ പോകുന്നുണ്ട്, വേണ്ടവിധത്തില്‍ അവര്‍ വിമര്‍ശിക്കപ്പെടാതെ പോകുന്നുണ്ട്.
മാധ്യമങ്ങളായാലും രാഷ്ട്രീയ നേതൃത്വങ്ങളായാലും അവരോട് ചേര്‍ന്ന് നില്‍ക്കുകയാണ്. അവരെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് എല്ലാ വിമര്‍ശനങ്ങളും നമ്മളുന്നയിക്കുന്നത്. അത് എന്ത് കൊണ്ടായിരിക്കും?
അത് പുതിയ കാലത്ത് സംഭവിച്ച വലിയ മാറ്റമാണ്. നിങ്ങള്‍ ശരിയുടെ കൂടെയല്ല നില്‍ക്കുന്നത്. നിങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ കൂടെയാണ്. അതാണ് നിങ്ങളുടെ ചോയ്‌സ്. നിങ്ങള്‍ അതിന് തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ശരിയല്ല, സത്യമല്ല ആവശ്യം. നിങ്ങള്‍ക്ക് ഭൂരിപക്ഷത്തിന്റെ വലിയ സുരക്ഷിതത്വമാണ് ആവശ്യം.
അങ്ങനെ തീരുമാനിച്ച്, തെരഞ്ഞെടുത്ത ഒരു മാധ്യമ സംസ്‌കാരത്തിന്, രാഷ്ട്രീയ സംസ്‌കാരത്തിന് ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനേ സാധിക്കുകയുള്ളൂ. അവര്‍ക്കത് വിളിച്ച് പറയാനുള്ള ധൈര്യം ഒരിക്കലും ഉണ്ടാവുകയില്ല.
അമൃതാനന്ദമയിയുടെ മറുപുറത്ത് നില്‍ക്കുന്ന ഒരാളെപ്പറ്റി മീര മുന്‍പ് എഴുതിയിട്ടുണ്ടല്ലോ? ദയാബായിയെക്കുറിച്ച്. അതില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഇമേജ് അവരുടെ വിണ്ടു കീറിയ കാല്‍പ്പാദങ്ങളെക്കുറിച്ച് എഴുതിയതാണ്.
മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നീട് കാണുന്നുണ്ട്, വിണ്ടുകീറിയ പാദങ്ങളുള്ള മനുഷ്യരെ. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍, മാധ്യമങ്ങളില്‍ മുഴുവന്‍ വിണ്ട് കീറിയ കാല്‍പ്പാദങ്ങളോട് കൂടിയ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ചിത്രങ്ങള്‍. ഒരാള്‍ ജീവിച്ച ജീവിതം അയാളുടെ ശരീരത്തില്‍, കാലുകളില്‍ അടയാളപ്പെടുത്തുന്നത് എങ്ങനെയാണെന്നാണ് തോന്നുന്നത്?
കാലുകള്‍ തന്നെയാണ് അത് ആദ്യം അടയാളപ്പെടുത്തുന്നത്.
ആ കര്‍ഷകരുടെ വീടുകള്‍ക്ക് പോലും ആ വിണ്ടപാദങ്ങളുടെ പാറ്റേണ്‍ ഉണ്ട് എന്നതാണ് സത്യം.
അതെ. സത്യം. അവരുടെ ഭിത്തികളില്‍ മുഴുവന്‍ ആ വിണ്ടു കീറലുകള്‍ കാണാം. അവരുടെ മുഖത്തുണ്ടാവും. പാദങ്ങളില്‍ ഉണ്ടാവും, കൈകളില്‍ ഉണ്ടാവും. അവരെക്കുറിച്ചൊന്നും സംസാരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത സമൂഹമാണ് നമ്മള്‍
ഈ കര്‍ഷക പ്രക്ഷോഭങ്ങളൊക്കെ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന് കരുതുന്നുണ്ടോ?
പ്രതിഫലിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. പ്രതിഫലിക്കാതിരിക്കാന്‍ സാധ്യതയില്ല എന്നും കരുതുന്നു. ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ പി. സായ്‌നാഥ് അഭിപ്രായപ്പെട്ടതു പോലെ പെട്ടെന്ന് എന്തെങ്കിലും മധുരം കാണിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമം ചിലപ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.
അതായത് ഒരിക്കലും പാലിക്കപ്പെടാന്‍ ഇടയില്ലാത്ത പാലിക്കപ്പെടേണ്ടതില്ലാത്ത ചില വാഗ്ദാനങ്ങള്‍ ഇലക്ഷന് മുന്‍പ് നല്‍കി ശ്രദ്ധ തിരിച്ച് ചിലരെയെങ്കിലും സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാവാള്‍ സാധ്യതയുണ്ട്. എങ്കില്‍പ്പോലും ആ വലിയ ജനവിഭാഗത്തിന്റെ മനസ്സിലേറ്റ, അവര്‍ തിരിച്ചറിഞ്ഞ ഒരു ബോധ്യമുണ്ടല്ലോ അത് അത്ര പെട്ടെന്ന് മായ്ചു കളയാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
നമ്മളൊക്കെ വിചാരിക്കുന്നതിലും എത്ര ക്രൂരവും എത്ര സങ്കടകരവുമാണ് ഉത്തരേന്ത്യയിലെ കര്‍ഷകരുടെ ജീവിതം എന്ന് ആലോചിക്കുമ്പോള്‍ ഈ പാപത്തിന് മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ എങ്ങനെയാണ് പരിഹാരം ചെയ്യുന്നത് എന്ന് എനിക്കറിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു വര്‍ഗ്ഗീയ കലാപത്തിന് ഇവിടെ സാധ്യതയുണ്ട് എന്നാണ് ഇന്നത്തെ പത്രവാര്‍ത്ത. ശബരിമല വിഷയത്തെയും നമ്മള്‍ അങ്ങനെയല്ലേ കാണേണ്ടിയിരുന്നത്?
വാസ്തവത്തില്‍ ഈ വിധി വന്ന ദിവസം എന്റെ ഏറ്റവും വലിയ ഭയം അതായിരുന്നു. ഈ തരത്തിലുള്ള ഒരു കലാപമല്ല അന്ന് പ്രതീക്ഷിച്ചത്. ഹിന്ദുത്വ പാര്‍ടികളോ ഹിന്ദുത്വ പാര്‍ടികളില്‍ വിശ്വസിക്കുന്നവരോ ഒരു കേസ് കൊടുത്ത് അനുകൂലമായ വിധി സമ്പാദിച്ച് അതിനെ ഏതാണ്ട് ഏകകണ്ഠമായി സ്വാഗതം ചെയ്ത ഒരവസ്ഥയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഒരു ചേരിതിരിവ് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കാരണം ആ സമയത്ത് തന്ത്രി കുടുംബത്തിലെ ഒരു വ്യക്തിയല്ലാതെ ആരും ഇതിനെ എതിര്‍ത്ത് സംസാരിക്കുകയുണ്ടായില്ല. ആ സമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയന്നത്, ഇതിനൊരു വര്‍ഗ്ഗീയ കലാപത്തിനുള്ള മാര്‍ഗ്ഗമായി തത്പരകക്ഷികള്‍ ഉപയോഗിച്ചേക്കും എന്നതായിരുന്നു. പക്ഷേ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അത് ഒഴിവായി. വേറൊരു തരം ചേരിതിരിവാണ് സമൂഹത്തില്‍ ഇപ്പോള്‍ ഉണ്ടായത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ഇവിടത്തെ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും പ്രശ്‌നത്തെ ആ രീതിയില്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടോ? കാരണം, ജന്റര്‍ ജസ്റ്റിസ് എന്ന് പറയുന്ന സംഗതിയെ ഇതിലേക്ക് കൃത്യമായി കൂട്ടിയിണക്കിക്കൊണ്ട്, ശബരിമലയില്‍ കയറുന്നതോടെയാണ് സ്ത്രീ വിമോചനം ഉണ്ടാവുന്നത് എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരികയും അത്തരം സൈദ്ധാന്തിക ന്യായീകരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പക്ഷേ അത് കൃത്യമായും സംഘപരിവാര്‍ പ്ലോട്ട് ചെയ്ത ഒന്നാണ് എന്ന് മനസ്സിലാക്കുന്നതില്‍ പൊതു സമൂഹം പരാജയപ്പെട്ടോ?
ഇല്ല. ഞാനങ്ങനെ വിചാരിക്കുന്നില്ല. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനെതിരായ പ്രതിഷേധം സംഘപരിവാര്‍ പ്ലോട്ട് ചെയ്തതാണ് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. അത് അങ്ങനെ വന്ന് ഭവിച്ചതാണ് എന്നാണ് വിചാരിക്കുന്നത്.
അവര്‍ക്കുണ്ടായിരുന്ന അജണ്ട മറ്റൊന്നായിരുന്നു. നാനാജാതി മതസ്ഥര്‍ വന്ന് ചേരുന്ന പ്രദേശമാണ്. മറ്റ് മതസ്ഥരുമായി അലോസരത്തിനോ ഏറ്റുമുട്ടലിനോ ഒക്കെ വേദിയാകാവുന്ന ഒരു സ്ഥലമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ സ്ത്രീകളുടെ പേരിലുള്ള ഈ ചേരിതിരിവ് വാസ്തവത്തില്‍ അതിനു ശേഷം അതിന്റെ സാധ്യത മനസ്സിലാക്കി കടന്നു വന്നതാണ് എന്നു ഞാന്‍ വിചാരിക്കുന്നു.
അത് കലാപത്തിനുള്ള ഭൂമികയാക്കി മാറ്റാന്‍ പലരും ശ്രമിച്ചിരുന്നു എന്നുള്ളത് വ്യക്തമായിരുന്നു. അത് തുറന്ന് സമ്മതിക്കാന്‍ അവര്‍ക്കൊരു വിഷമവുമുണ്ടായില്ല എന്നതാണ് അതിനകത്തെ വലിയ രാഷ്ട്രീയ പാഠം.
അത് തുല്യനീതിയുടെ പ്രശ്‌നമല്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല. തുല്യനീതിയുടെ പ്രശ്‌നം നമ്മുടെ മൊത്തം നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നമായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അതില്‍ വലിയൊരു രാഷ്ട്രീയ സദാചാരത്തിന്റെ പ്രശ്‌നം ഉദിക്കുന്നുണ്ട്.
നോക്കൂ, ഹിന്ദുത്വ സംഘടനകളാണ്, സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്തത്. അതിനെ അനുകൂലിച്ചത് ഹിന്ദുത്വ പാര്‍ടികളുടെ അംഗങ്ങളോ ഭാരവാഹികളോ ആണ്. ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള എല്ലാവരും അതിനെ സ്വാഗതം ചെയ്തിരുന്നു.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആര്‍. സഞ്ജയന്റെ ലേഖനമൊക്കെ നാം വായിച്ചതാണ്. അവരുടെ പ്രഖ്യാപിത നയം അതായിരിക്കേ പെട്ടെന്ന് അവസരവാദപരമായ ദിശാ മാറ്റം ഉണ്ടാവുകയും ഇതിനെ സുവര്‍ണാവസരമായി കാണുകയും അത് വിളിച്ച് പറയാന്‍ ഒരു ലജ്ജയുമില്ല എന്ന് നമ്മളെ ധരിപ്പിക്കാന്‍ കഴിയുകയും ചെയ്തു എന്നതാണ് ഞാനതില്‍ കാണുന്ന വലിയ പ്രശ്‌നം.
അതിലേറെ മിനുട്ടിന് മിനുട്ടിന് വാക്കു മാറിയിട്ടും നിലപാട് മാറിയിട്ടും അത്തരക്കാരെ വിശ്വാസത്തിലെടുക്കാന്‍ ഭൂരിപക്ഷം എന്ന് നാം വിശ്വസിക്കുന്ന വിശ്വാസികളുടെ കൂട്ടത്തിന് ഒരു മടിയും ഉണ്ടായില്ല എന്നുള്ളതാണ്. ഇത് ഒരു പ്ലോട്ട് ആയിരുന്നെങ്കില്‍ ആ പ്ലോട്ട് ഏത് വിധമാണ് ജനാധിപത്യത്തിന് ഗുണകരമായത് എന്ന് ചോദിച്ചാല്‍ ഇവരെയൊക്കെ മനസ്സിലാക്കാന്‍ നമുക്കൊരു അവസരം ഉണ്ടായി. നാം ജീവിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ നേര്‍ക്കാഴ്ച ഇതിലൂടെ കിട്ടി.
എനിക്ക് ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനോടുള്ള മതിപ്പ് ഒരു കലാപമില്ലാതെ ഇത് കൈകാര്യം ചെയ്തു എന്നതിലാണ്. പക്ഷേ, അത് അങ്ങനെയായിരുന്നോ വേണ്ടിയിരുന്നത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം, വിധി വരുമ്പോള്‍ അത് നടപ്പാക്കാനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ട് എന്ന പാഠത്തിനപ്പുറം ഇത് ഒരു കൂട്ടര്‍ക്ക് മാത്രമുള്ളതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ സാധിച്ചതെങ്ങനെ എന്നതാണ്.
ഒപ്പം തന്നെ സവര്‍ണ ഹിന്ദുക്കളുടെ ഒരു ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. അത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഏതെങ്കിലും തരത്തില്‍ എഫക്റ്റ് ഉണ്ടാക്കുമോ?
അത് കഴിഞ്ഞ തെരഞ്ഞെടുപ്പു മുതല്‍ പതുക്കെപ്പതുക്കെ വെളിച്ചത്തു വന്നിരുന്ന ധ്രുവീകരണം തന്നെയാണ്. വിശ്വാസികള്‍ എന്ന പേരില്‍ തെരുവിലിറങ്ങിയ ഈ ജനക്കൂട്ടം നിഷ്പക്ഷരായിരുന്നില്ല.ആ നിറമുള്ള ചരടുകള്‍ അവര്‍ ഉള്ളില്‍ കെട്ടിയിരുന്നു. അത് മറച്ചു പിടിച്ചിരുന്നു എന്ന് തന്നെ ഞാന്‍ കരുതുന്നു.
കുടുംബത്തിനകത്ത് ഹിന്ദുത്വത്തെ നെഞ്ചിലേറ്റിയ വിഭാഗമാണ് അവരുടേത്. അവര്‍ നേരത്തെയും അങ്ങനെത്തന്നെയായിരുന്നു. അവരുടെ എണ്ണത്തില്‍ എന്തെങ്കിലും വര്‍ധനയുണ്ടായി എന്ന് ഞാന്‍ വിചാരിക്കുന്നില്ല. ആകെ സംഭവിച്ചത് അവര്‍ കൂടുതല്‍ തെളിച്ചത്തോടെ പുറത്തുവന്നു. ആത്മവിശ്വാസത്തോടെ പുറത്തുവന്നു. അതൊരു നല്ല സൂചനയാണ്.
കാരണം പുറത്തിറങ്ങിയ സ്ത്രീകള്‍ മനുസ്മൃതി അനുസരിച്ച് അച്ഛനോ ഭര്‍ത്താവോ മകനോ ഒക്കെ പറഞ്ഞാല്‍ മാത്രം പുറത്തിറങ്ങുന്ന സ്ത്രീകളായിരുന്നു. അതിനാല്‍ ഒരിക്കല്‍ പുറത്തിറങ്ങി കഴിഞ്ഞ സ്ഥിതിക്ക് സ്വാതന്ത്ര്യം മനസ്സിലായിത്തുടങ്ങി. രണ്ടുമൂന്ന് പ്രശ്‌നങ്ങള്‍ ഇങ്ങനെ ഉണ്ടാവുകയും സ്ത്രീകളെ പുറത്തിറങ്ങാന്‍ പുരുഷന്മാര്‍ പ്രേരിപ്പിക്കുകയും ചെയ്താല്‍ പിന്നെ നമ്മള്‍ രക്ഷപ്പെട്ടു.
ഞാനിതില്‍ കാണുന്നത് ഇടതോ വലതോ എന്നതല്ല. ഇതിനകത്ത് ഒരു വ്യക്തിയുടെ , ഒരു സ്വാതന്ത്ര്യബോധത്തിന്റെ , വികാസത്തിന്റെ പ്രശ്‌നമാണ്. ഈ സ്വാതന്ത്ര്യബോധം പൂര്‍ണമാക്കുക എന്നത് നമ്മുടെ ജനാധിപത്യത്തില്‍ മുമ്പേ സംഭവിക്കേണ്ടിയിരുന്ന ഒന്നാണ്. സംഭവിക്കാതെ പോയതുമാണ്.
നമ്മളെല്ലാം പൂര്‍ണ്ണ പൗരന്മാരാണ് എന്ന് ബോധം നല്‍കാതെയാണ് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയേയും ഒക്കെ നാം വളര്‍ത്തിയെടുക്കുന്നത്. അതുകൊണ്ട് ഈ തരത്തിലുള്ള പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നതു പൂര്‍ണപൗരന്‍മാരാകാന്‍ സഹായിക്കും എന്ന് ഞാന്‍ കരുതുന്നു.
മാധ്യമപ്രവര്‍ത്തകയായിരുന്നു വര്‍ഷങ്ങളോളം പിന്നീട് എഴുത്തിന് വേണ്ടി മാധ്യമപ്രവര്‍ത്തനം വേണ്ടെന്ന് വെക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം വേണ്ടെന്ന് വെച്ച കാലഘട്ടം മുതല്‍ ഇപ്പോള്‍ വരെയുള്ള കഴിഞ്ഞ 10 വര്‍ഷം എന്ന് പറയുന്നത് വളരെ നിര്‍ണ്ണായകവുമായിരുന്നു ഒരേ സമയം. മലയാള മാധ്യമചരിത്രം എടുത്ത് പരിശോധിച്ചാല്‍ അത് അത്രയും വര്‍ഗീയമായും ജാതീയമായുമൊക്കെ മെയിന്‍ സ്ട്രീം മീഡിയ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയുണ്ട്.
നേരത്തെ മാധ്യമപ്രവര്‍ത്തകയായിരുന്ന വ്യക്തി എന്ന നിലയ്ക്ക് പുറത്തു നിന്ന് മീഡിയയെ നിരീക്ഷിക്കുമ്പോള്‍ എന്ത് തരത്തിലുള്ള മാറ്റമാണ് കാണുന്നത് ?
ഒരു തരത്തില്‍, ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സംഭവിച്ചവയാകട്ടെ, വളരെ സങ്കടകരമായ മാറ്റങ്ങളാണ്. ഉദാഹരണത്തിന് സ്ത്രീകളോടുള്ള നിലപാടുകളുടെ കാര്യത്തില്‍ അന്നും ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എനിക്ക് തോന്നുന്നത് ഏറ്റവും പാട്രിയാര്‍ക്കലായ, ഏറ്റവും ഫാസിസ്റ്റുകളായ പുരുഷന്മാരുള്ളത് മാധ്യമരംഗത്താണെന്നാണ്. ന്യൂസ് റൂമിലാണ്. അതിന് മാറ്റമൊന്നും വന്നിട്ടില്ല.
ഞാന്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന കാലത്ത് പത്രത്തില്‍ ഒരു സ്‌പോര്‍ട്‌സ് താരത്തെ പറ്റി വന്ന വിശേഷണമുണ്ട്. “കൊമ്പൊടിഞ്ഞാലില്‍ നിന്ന് കമ്പുപോലെയൊരു പെണ്‍കുട്ടി” എന്ന്. അന്ന് ഞാന്‍ എഡിറ്ററെ കളിയാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഞാന്‍ ഇക്കഴിഞ്ഞ ദിവസം ഒരുപത്രം നോക്കുമ്പോള്‍ കണ്ടത് റിപ്പബ്ലിക്ക് ഡേ പരേഡിന് നേതൃത്വം കൊടുക്കുന്ന ഓഫിസറെ കുറിച്ച് “മുഖശ്രീയായി അംബിക” എന്നാണ് എഴുതിയിട്ടുള്ളത് . അപ്പോള്‍ ഈ കാഴ്ചപ്പാടില്‍ വലിയ വ്യത്യാസമൊന്നുമില്ല.
നിങ്ങള്‍ ലിംഗസമത്വത്തെ കുറിച്ചും തുല്ല്യനീതിയെ കുറിച്ചും ആരാധനാ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ ഇങ്ങനെ നാടുകത്തിക്കൊണ്ടിരിക്കുമ്പോഴും ഇക്കാര്യങ്ങളിലൊന്നും ഒരു മാറ്റമില്ല. സ്ത്രീകളെ വ്യക്തികളായി കാണാന്‍ അവര്‍ക്കു സാധിക്കുന്നില്ല.
ഉണ്ടായിട്ടുള്ള മാറ്റമാകട്ടെ, അപകടകരവുമാണ്. അത് വസ്തുതകളുടെ കൃത്യതയോടുള്ള, സത്യസന്ധതയോടുള്ള മതിപ്പില്ലായ്മയാണ്. പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ നല്ല പാഠങ്ങളിലൊന്ന് മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ അന്നത്തെ മാനേജിങ് ഡയറക്ടര്‍ ഇന്നത്തെ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു നോട്ടീസ് ബോര്‍ഡിലിട്ട എഡിറ്റര്‍മാര്‍ക്കുള്ള കത്ത് ആണ് നമ്മുടെ സ്ഥാപനത്തില്‍ രണ്ട് കാര്യങ്ങള്‍ വളരെ പ്രധാനമാണ്. അക്കൗണ്ടബിലിറ്റിയും റെസ്‌പോണ്‍സിബിലിറ്റിയും.
ഈ അക്കൗണ്ടബിലിറ്റിയും റെസ്‌പോണ്‍സിബിലിറ്റിയുമാണ് വാസ്തവത്തില്‍ എല്ലാ നല്ല ജേണലിസത്തിന്റെയും അടിസ്ഥാനമെന്ന് ഓരോ ദിവസവും ഞാന്‍ ഓര്‍മ്മ വച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് ഈ സംഗതി മിക്കവാറും എല്ലാ മാധ്യമങ്ങളില്‍ നിന്നും പാടേ ചോര്‍ന്നതായി തോന്നുന്നു. ഇതിനെ വളരെ ഗൗരവത്തോടെ കണക്കിലെടുക്കുന്ന പത്രപ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞു വരുന്നു.
ഒരു വലിയ കൊടുങ്കാറ്റില്‍ ചുവടുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കാതെ എല്ലാ മാധ്യമങ്ങളും ഒരുപോലെ ഉലയുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വലിയ പരസ്യങ്ങള്‍ നല്‍കി , സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നിലനില്‍പ്പില്ല എന്ന് വരുത്തി തീര്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളൊന്നും അവരുടെ മുന്നിലില്ല.
ഒരു പക്ഷേ ഞാനൊരു എഡിറ്ററായിരുന്നെങ്കില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ഞാനും നിര്‍ബന്ധിതയാവുമായിരുന്നില്ലേ എന്ന് ചിലപ്പോള്‍ സ്വയം ചോദിക്കാറുണ്ട്. വലിയ പ്രയാസമാണ് മാധ്യമ പ്രവര്‍ത്തനം വ്യവസായമെന്ന രീതിയില്‍ നിലനിര്‍ത്തിപ്പോകാനും ചരിത്രബോധവും ആര്‍ജവവുമുള്ള പത്രപ്രവര്‍ത്തകരെ കണ്ടെത്താനും.
ശബരിമല വിവാദം തന്നെ എന്തുകൊണ്ടാണ് ഉണ്ടായത്. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ആര്‍ക്കൈവുകള്‍ ചികയാനുള്ള സത്യസന്ധത, ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ ഇതൊരു വിഷയമെ അല്ലാതായി പോകുമായിരുന്നു.
അമ്പതുകളിലെയും അറുപതുകളിലെയും കാലത്തെ ഫയലുകള്‍ മാത്രംഎടുത്താല്‍ മതി. ഞാന്‍ തന്നെ പല പഴയ ഫയലുകളും എടുത്തപ്പോള്‍ അവിടെ യുവതികള്‍ ധാരാളമായി കയറിയിരുന്നു എന്നു തെളിയിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് കണ്ടത്.
കാവിവല്‍ക്കരണം മാധ്യമങ്ങളില്‍ എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അരുന്ധതി റോയ് പറഞ്ഞത് സീനിയര്‍ ആയിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ അഭാവമാണ് അല്ലെങ്കില്‍ വംശനാശം സംഭവിച്ചുകൊണ്ടിരുക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇന്നത്തെ മാധ്യമങ്ങളുടെ വലിയ പ്രശ്നം എന്ന രീതിയിലാണ് സംസാരിച്ചത്.
എനിക്ക് തോന്നുന്നത് ജനങ്ങളുമായി ഇടപഴകാത്ത മാധ്യമപ്രവര്‍ത്തകരാണ് ഒരു ശാപമായി നില്‍ക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. വിണ്ടു കീറിയ പാദങ്ങളുള്ള മനുഷ്യരെ നേരിട്ടറിയാവുന്ന, അവരുടെ പ്രശ്നങ്ങള്‍ അറിയാവുന്ന എഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും വംശം ഏതാണ്ട് അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.
നമ്മളെല്ലാം മധ്യവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ മാത്രമെ അറിയുന്നുള്ളു. മധ്യവര്‍ഗത്തിന്റെ തന്നെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയുന്നുമില്ല. ഇതിനെ ബിസിനസായി മാത്രം കാണുന്ന, നിലനില്‍പിനായുള്ള തൊഴിലായി മാത്രം കാണുന്ന ഒരു തലമുറ വന്നതോടെ വലിയൊരു പ്രതിസന്ധിയുണ്ട്.
ജേണലിസത്തില്‍ എപ്പോഴും വേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മനുഷ്യത്വമാണ്. രണ്ട് ഇത് മറ്റൊരാളിന്റെ കഥയാണെന്നുള്ള ഓര്‍മ്മയാണ്. ജേര്‍ണലിസം എന്ന് പറയുന്നത് മനുഷ്യരുടെ ജീവിതങ്ങളെ പറ്റിയാണ്. അതുകൊണ്ടാണ് കൃത്യതയും സത്യസന്ധതയും അതിന് അനിവാര്യമാകുന്നത്.
അത്തരത്തിലുള്ള ദീര്‍ഘദര്‍ശനമോ അനുകമ്പയോ പല പത്രപ്രവര്‍ത്തകര്‍ക്കും ഇല്ലാതാകുന്നു എന്ന് തോന്നിയിട്ടുണ്ട്. പരിശീലനങ്ങളില്‍ അത് കിട്ടാതെ പോകുന്നു. അത് നിസ്സാര പരിക്കല്ല നമുക്ക് ഏല്‍പിക്കുന്നത്.
അതായത് ഫാക്ച്വല്‍ല്‍ കറക്റ്റ്‌നെസിനോട് പ്രതിബദ്ധതയില്ല. ശരിയായിഇന്‍ഫോന്‍മേഷന്‍ സമാഹരിക്കാനും അത് വിശകലനം ചെയ്യാനുള്ള ശേഷിയോ മനസ്സോ ഇല്ല. ഇക്കാലത്തെ ഇന്നലെയിലൂടെ നോക്കി കാണാനുള്ള താല്‍പര്യമില്ല.
ന്യൂസ് റൂമും മാധ്യമ പ്രവര്‍ത്തനവും മിസ്സ് ചെയ്യുന്നുണ്ടോ?
തീര്‍ച്ചയായും. പിന്നീട് സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് ആത്യന്തികമായി പുരുഷന്റെ ലോകം തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തകയായിരുന്നില്ല എങ്കില്‍ ഈ ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല.
പത്രപ്രവപര്‍ത്തനത്തില്‍ നിന്ന് കിട്ടിയിട്ടുള്ളത് ഒരുപാട് ഇന്‍സൈറ്റ് നല്‍കിയ അനുഭവങ്ങളാണ്. ഒരുപാട് തരം ആളുകളെ പരിചയപ്പെടാന്‍ പറ്റി, ഒരുപാട് സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ പറ്റി. അതൊക്കെ മിസ്സ് ചെയ്യാറുണ്ട്. രാജി വച്ചിട്ട് ഇപ്പോള്‍ 13 വര്‍ഷത്തോളമായി. എന്നാലും ചില രാത്രികളില്‍ പേജ് പ്രിന്റിങ്ങിനു വിടേണ്ട സമയം തെറ്റി എന്ന വേവലാതിയില്‍ പേടിച്ചുണരാറുണ്ട്.
പക്ഷെ ഞാന്‍ ആ ജീവിതം ഒരുപാട് ആസ്വദിച്ചിരുന്നു. എന്റെ പാഷന്‍ പത്രപ്രവര്‍ത്തനമായിരുന്നു. ഒരുപാടൊക്കെ സ്വപ്നങ്ങളും ഉണ്ടായിരുന്നു. ക്രിയേറ്റീവ് റൈറ്റിങ്ങ് വഴി തെറ്റി വന്നതോ അടിച്ചോടിക്കപ്പെട്ട് എത്തിയതോ ആയ ലോകമാണ്.
ഫിക്ഷനെഴുത്ത് ഭാവനയാണല്ലോ? കൃത്യമായി വസ്തുതകളുടെ അടിസ്ഥാനത്തില്‍ എഴുതി കൊണ്ടിരുന്ന സംഗതിയില്‍ നിന്ന് ഭാവനയിലേക്കും കഥ പറിച്ചിലിലേക്കും വരുമ്പോള്‍ അല്ലെങ്കില്‍ ഫിക്ഷനിലേക്ക് വരുമ്പോള്‍ അത് എങ്ങനെയാണ് കാണുന്നത്.? കാര്യമല്ല കഥയാണ് പറയുന്നത് എന്ന തോന്നലുണ്ടോ?
മാര്‍ക്കേസ് പറഞ്ഞ ഒരു സംഗതിയാണ്, പത്ര റിപ്പോര്‍ട്ടില്‍ ഒരു തുള്ളി കള്ളം ചേര്‍ത്താല്‍ മൊത്തം റിപ്പോര്‍ട്ട് കള്ളമായി തീരും. അതാണ് റിപ്പോര്‍ട്ടിങ്ങിന്റെ പ്രത്യേകത. പക്ഷേ കഥയില്‍ ഒരു തുള്ളി സത്യം ചേര്‍ത്താന്‍ മൊത്തം കഥയും സത്യമായി തീരും. കഥയില്‍ ഒരു തുള്ളി സത്യം ചേര്‍ക്കുക എന്നുള്ളത്, ഏത് സത്യം എത്ര തുള്ളി ചേര്‍ക്കണം എന്നുള്ളത് എത്ര നേര്‍പ്പിച്ച് ചേര്‍ക്കണം എന്നുള്ളതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ മര്‍മ്മം.
പത്രപ്രവര്‍ത്തകയായത് കൊണ്ട് എനിക്ക് കിട്ടിയ ഗുണം സത്യങ്ങളുടെ ഒരു വലിയ സ്രോതസ് കണ്ടെത്താന്‍ കഴിയുന്നു എന്നതാണ്. അതില്‍ ഒരു സത്യം ചേര്‍ത്തിട്ട് എന്റെ സങ്കല്പങ്ങളെ മുഴുവര്‍ സത്യമായി തീര്‍ക്കാനുള്ള കുനുഷ്ട് കാണിക്കാം എന്നതാണ്. എന്നാല്‍ ചില സമയത്ത് അതൊരു തടസ്സമായും തോന്നാറുണ്ട്.
ആരാച്ചാര്‍ നോവലില്‍ തൂക്കിക്കൊലയുടെ കാന്‍വാസ് ഒരുക്കുമ്പോള്‍ ബംഗാളിലേക്കു പോകേണ്ടി വന്നത് അതുകൊണ്ടാണ്. അങ്ങനെ മാത്രമെ അതിന് വിശ്വാസ്യത കിട്ടൂ.സത്യമാണെന്നു തോന്നിക്കുന്ന ഒരു പശ്ചാത്തലമില്ലാതെ ലോകത്ത് ജനിച്ചിട്ടില്ലാത്ത ജീവിച്ചിട്ടില്ലാത്ത ഒരു പെണ്‍ ആരാച്ചാരുടെ കഥ എങ്ങനെ പറയും. ഒരു ഹാങ് വുമണിന്റെ കഥ പറയണമെങ്കില്‍ വളരെ വിശ്വസനയീയമായതും നിങ്ങളുടെ ഓര്‍മ്മയില്‍ നിന്നുമുള്ളതുമായ കാര്യങ്ങള്‍ കൊണ്ട് ബാക്കി കാന്‍വാസിലെ മുഴുവന്‍ ചിത്രങ്ങളും രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.
എന്റെ മിക്കവാറും കഥകളില്‍ പത്രവും വാര്‍ത്തയും കടന്നു വരാറുമുണ്ട്. അത് എഡിറ്റ് ചെയ്തു കളയാന്‍ പിന്നീട് ശ്രമിക്കാറുണ്ട്. പത്രം, വാര്‍ത്ത, ചാനല്‍ ഇതൊക്കെ കടന്നു വരാതെ ഒരു കഥയോ നോവലോ ഒക്കെ എഴുതാന്‍ എനിക്കു സാധ്യമല്ല എന്ന് തോന്നുന്നു.
എല്ലാ എഴുത്തുകളിലും ആ ഒരു തുള്ളി സത്യത്തെ ചേര്‍ത്തുകൊണ്ട് അത് മുഴുവന്‍ സത്യമാക്കി മാറ്റാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.