സ്വന്തം മണ്ണിലെ ലോകകപ്പിന് മുമ്പ് ഇന്ത്യയെ തേടി സന്തോഷവാര്‍ത്ത; ആരാധകരേ ആഹ്ലാദിപ്പിന്‍
Sports News
സ്വന്തം മണ്ണിലെ ലോകകപ്പിന് മുമ്പ് ഇന്ത്യയെ തേടി സന്തോഷവാര്‍ത്ത; ആരാധകരേ ആഹ്ലാദിപ്പിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th January 2023, 5:59 pm

രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന് അപകടം സംഭവിച്ചത്. ദല്‍ഹി – ഡെറാഡൂണ്‍ ഹൈവേയില്‍ വെച്ചായിരുന്നു താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ച് കത്തിയമര്‍ന്നത്.

അപകടത്തില്‍ പന്തിന് കാര്യമായ പരിക്കേറ്റിരുന്നു. കാലിന്റെ ലിഗമെന്റ് പൊട്ടിയതടക്കം പന്തിന്റെ നില അല്‍പം മോശമാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ താരത്തിന്റെ പുറം മുഴുവന്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

താരത്തിന്റെ പരിക്ക് മൂലം ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനവും ഐ.പി.എല്‍ 2023ഉം കളിക്കാന്‍ സാധിക്കില്ല എന്ന കാര്യം ഉറപ്പായിരുന്നു. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പും താരത്തിന് നഷ്ടപ്പെടുമെന്നും സൂചനയുണ്ടായിരുന്നു.

ആറ് മുതല്‍ എട്ട് മാസം വരെ പൂര്‍ണമായും വിശ്രമിക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ കാലിന്റെ സര്‍ജറി കഴിഞ്ഞതിന് പിന്നാലെ പോസ്റ്റീവ് റിപ്പോര്‍ട്ടുകളാണ് ആശുപത്രിയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. അപകടത്തിന് ശേഷം പന്ത് എഴുന്നേറ്റ് നിന്നു എന്നാണ് കോകില ബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം പറയുന്നത്.

‘അപകടത്തിന് ശേഷം പന്ത് ആദ്യമായി സ്വയം എഴുന്നേറ്റ് നിന്നു. രണ്ട് സെക്കന്റോളം മാത്രമാണ് അദ്ദേഹം അത് തുടര്‍ന്നത്. എന്നാല്‍ അത് വളരെ പോസിറ്റീവായ കാര്യം തന്നെയാണ്,’ ഡോക്ടര്‍മാര്‍ പറഞ്ഞു.

ലോകകപ്പിലെ താരത്തിന്റെ തിരിച്ചുവരവ് പന്തിന്റെ ഡിസ്ചാര്‍ജിന് ശേഷമുള്ള റിക്കവറി പോലെയായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

2023 ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയാണ് വേദി. 2011 ലോകകപ്പിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് ഇതാദ്യമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

2011നെ അപേക്ഷിച്ച് ഇന്ത്യ മാത്രമാണ് 2023 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2011 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും ആതിഥേയത്വം വഹിച്ചിരുന്നു.

 

Content highlight: Doctors provide positive reports on Rishabh Pant’s health