Kerala News
എറണാകുളത്ത് ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം; ചവിട്ടി നിലത്തിട്ട് ഉപദ്രവിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 01, 09:14 am
Saturday, 1st July 2023, 2:44 pm

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂര മര്‍ദനം. രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് ഡോക്ടര്‍മാരെ മര്‍ദിച്ചതെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. ഡോക്ടറെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീല്‍, റോബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികള്‍ വനിതാ ഡോക്ടറോട് അസഭ്യം പറയുന്നതും തുടര്‍ന്ന് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിക്കുന്നതും പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. ഡോക്ടറെ ചവിട്ടി നിലത്തിട്ട് പ്രതികള്‍ മര്‍ദിക്കുകയായിരുന്നു.

പ്രതികള്‍ വരുമ്പോള്‍ വനിതാ ഡോക്ടറും മര്‍ദനമേറ്റ ഡോക്ടറും പുറത്തിരിക്കുന്നുണ്ടായിരുന്നു. പ്രതികള്‍ വനിതാ ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ മോശമായി സംസാരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രതികള്‍ മര്‍ദിക്കുമ്പോള്‍ ഡോക്ടര്‍ പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമം തടയുന്നതിലുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Content Highlight: Doctor brutally beaten in ernakulam general hospital