'ഹമാസിന് നേരെ ഇസ്രഈല്‍ മിസൈല്‍ വിടും പോലെ...' എം.വി.ഡിയുടെ ഉപമക്കെതിരെ വിമര്‍ശനം, തിരുത്ത്
Kerala News
'ഹമാസിന് നേരെ ഇസ്രഈല്‍ മിസൈല്‍ വിടും പോലെ...' എം.വി.ഡിയുടെ ഉപമക്കെതിരെ വിമര്‍ശനം, തിരുത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 11:45 am

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണ വീഡിയോക്കൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച വിവരണത്തിലെ ഉപമക്കെതിരെ വിമര്‍ശനം. ‘ഹമാസിന് നേരെ ഇസ്രഈല്‍ മിസൈല്‍ വിടുന്നതുപോലെ തുരുതുരാ എ.ഐ. ക്യാമറ ചലാന്‍ വീട്ടിലേക്ക് വരുമ്പോള്‍’… എന്ന ഉപമക്കെതിരെയാണ് വിമര്‍ശനം ശക്തമായത്.

കമന്റുകളില്‍ വിമര്‍ശനം ശക്തമായതോടെ പോസ്റ്റ് തിരുത്തിയിട്ടുണ്ട്. എന്നാല്‍ എഡിറ്റ് ഹിസ്റ്ററിയില്‍ ഇപ്പോഴും പഴയ പോസ്റ്റിലെ വരികള്‍ കാണാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ പങ്കുവെച്ചാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. വില്‍പന നടത്തിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണ വീഡിയോ.

വില്‍പന നടത്തിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനാല്‍ പഴയ ഉടമക്ക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കണമെന്ന് കാണിച്ച് നോട്ടീസ് വരുന്നത് തുടര്‍ക്കഥയായതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത വീഡിയോ. കെ.എല്‍. 2 എ.എം. 7108 നമ്പറിലുള്ള സകൂട്ടറിന്റെ വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ നടപടികള്‍ ഉദാഹരണമാക്കിയായിരുന്നു പോസ്റ്റ്.

നിരവധി പേരാണ് പ്രസ്തുത പോസ്റ്റില്‍ ഇസ്രഈല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തെ പോലും ട്രോള്‍ രൂപത്തില്‍ ഉപമയാക്കി ഉപയോഗിച്ചതിനെതിരെ കമന്റ് ചെയ്ത് വിമര്‍ശിച്ചിട്ടുള്ളത്. ഗതാഗത മന്ത്രി ആന്റണി രാജുവിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ടും കമന്റുകളുണ്ട്. കുഞ്ഞുങ്ങളടക്കം മരിച്ചു വീഴുന്ന ഇസ്രാഈല്‍ ആക്രമണത്തെ എന്തിനാണ് ഈ രൂപത്തില്‍ തമാശ കലര്‍ത്തി ഉപയോഗിക്കുന്നത് എന്നും ചോദ്യങ്ങളുണ്ട്. സംഘിയാണോ പേജിന്റെ അഡ്മിന്‍ എന്നും കമന്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.

എഡിറ്റ് ചെയ്യുന്നതിന് മുമ്പ്

എഡിറ്റ് ചെയ്തതിന് ശേഷം

വിവിധ കോണുകളില്‍ നിന്ന് ഇത്തരത്തിലുള്ള വിമര്‍ശനങ്ങളും കമന്റുകളും വന്നതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് മിസൈല്‍ വിടുന്നത് പോലെ എന്ന് മാത്രമാക്കിയിട്ടുണ്ട്. പോസ്റ്റില്‍ നിന്ന് ഇസ്രഈല്‍, ഹമാസ് എന്നീ വാക്കുകള്‍ മാറ്റുകയാണ് ചെയ്തിട്ടുള്ളത്.

content highlights: discussion about reference to Israel-Palestine conflict in a Facebook post by the Department of Motor Vehicles