ദല്‍ഹിയില്‍ ബി.ജെ.പിയുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസ്; പ്രതീക്ഷിച്ചത് ഇതായിരുന്നില്ലെന്നും പ്രകാശ് ജാവ്‌ദേക്കര്‍
Delhi election 2020
ദല്‍ഹിയില്‍ ബി.ജെ.പിയുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസ്; പ്രതീക്ഷിച്ചത് ഇതായിരുന്നില്ലെന്നും പ്രകാശ് ജാവ്‌ദേക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2020, 9:43 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെ.പിയുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസിന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ദല്‍ഹിയില്‍ കോണ്‍ഗ്രസ് പിറകിലോട്ട് പോയതോടെ മത്സരം ബി.ജെ.പിയും ആംആദ്മിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിലേക്ക് വന്നെന്നായിരുന്നു പ്രകാശ് ജാവ്‌ദേക്കറുടെ വിശദീകരണം.

ദല്‍ഹിയില്‍ 70 ല്‍ 62 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ബി.ജെ.പി 8 സീറ്റിലുമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനും കഴിഞ്ഞില്ല.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26 ശതമാനം വോട്ട് ലഭിച്ചിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ട് 4 ശതമാനം വോട്ടില്‍ ഒതുങ്ങുകയായിരുന്നു.

‘ഇതിന് കാരണം കോണ്‍ഗ്രസിന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലാണ്. കാരണം അതിന് ശേഷം ദല്‍ഹിയില്‍ ആംആദ്മിയും ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണുണ്ടായത്. ഞങ്ങള്‍ പ്രതീക്ഷിച്ചത് ബി.ജെ.പിക്ക് 42 ശതമാനം വോട്ടും ആംആദ്മിക്ക് 48 ശതമാനം വോട്ടുമാണ്. എന്നാല്‍ അതല്ല സംഭവിച്ചത്. ഞങ്ങള്‍ക്ക് 39 ശതമാനം വോട്ടും ആംആദ്മി പാര്‍ട്ടിക്ക് 51 ശതമാനം വോട്ടുമാണ് ലഭിച്ചത്.’ പ്രകാശ് ജാവ്‌ദേക്കര്‍.

തെരഞ്ഞെടുപ്പില്‍ തോല്‍വിയും ജയവും സ്വാഭാവികമാണെങ്കിലും ബി.ജെ.പി ഇതിനെയെല്ലാം വിശകലനം ചെയ്യാറുണ്ടന്നും പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിചേര്‍ത്തു.

ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍.

കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പിക്ക് മൂന്ന് എം.എല്‍.എമാര്‍ മാത്രമാണുണ്ടായിരുന്നത്. അക്കാരണത്താല്‍ ബി.ജെ.പിക്ക് ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭയിലെ മൊത്തം അംഗങ്ങളില്‍ പത്ത് ശതമാനമെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രതിപക്ഷ നേതാവാകാന്‍ കഴിയൂ.

രോഹിനി എം.എല്‍.എ വിജേന്ദര്‍ ഗുപ്ത, രാംവീര്‍ സിംഗ് ബിദൂരി, മോഹന്‍സിംഗ് ബിഷ്ട് എന്നിവരുടെ പേരുകളാണ് ബി.ജെ.പി പ്രതിപക്ഷ നേതാക്കളുടെ പട്ടികയില്‍ പരിഗണനയിലുള്ളത്. വിഷയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ മൂന്ന് പേരെ കൂടാതെ മറ്റ് എം.എല്‍.എമാരുടെ പേരുകളും പരിഗണനയില്‍ ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ