ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച തമിഴ് സംവിധായകനാണ് വെങ്കട് പ്രഭു. ചെന്നൈ 600028, മങ്കാത്ത, ഗോവ, മാസ്സ്, സരോജ, മാനാട് എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ അശോക് സെല്‍വനും സംയുക്ത ഹെഗ്ഡെയും കേന്ദ്രകഥാപാത്രമാവുന്ന ‘മന്മദ ലീല’ എന്ന ചിത്രം റിലീസായിരിക്കുകയാണ്.
മലയാള സിനിമയുടെ കഥ പറയുന്ന രീതിയെ കുറിച്ചും, ആ ഒരു രീതിയില്‍ തമിഴില്‍ സിനിമ ചെയ്താല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും പറയുകയാണ് വെങ്കട് പ്രഭു. സിനിമ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മന്മദ ലീല ഞാന്‍ മലയാള സിനിമയുടെ സ്‌റ്റൈലിലാണ് പ്ലാന്‍ ചെയ്തത്. സ്ലോവായിട്ടാണ് മലയാള സിനിമയുടെ കഥകള്‍ തുടങ്ങാറുള്ളത്. അവരുടെ കഥയുടെ വിവരണവും സാവധാനമാണ്. വേഗത്തില്‍ അവര്‍ കഥ പറയാറില്ല. സിനിമയിലുള്ളവര്‍ കടയിലേക്ക് പോവുന്നതും, ഒരു ബീഡി വാങ്ങാന്‍ പോവുന്നതും, അവിടെയുള്ളവരുമായി സംസാരിക്കുന്നതുമൊക്കെ കഥയില്‍ കാണിക്കും. ഇങ്ങനെയാണ് അവരുടെ കഥ സഞ്ചരിക്കുന്നത്.
ഇവിടെ നമ്മള്‍ സിനിമ അങ്ങനെ എടുക്കാറില്ല. അത് എങ്ങനെ രസകരമായ രീതിയില്‍ പറയാം അല്ലെങ്കില്‍ അത് എങ്ങനെ വേഗത്തില്‍ പറയാം എന്നാണ് എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്.
മലയാള സിനിമകളില്‍ അവര്‍ റിയലിസ്റ്റിക്ക് വിഷയങ്ങളെ വിടാറില്ല. ഇത് മലയാളത്തിലായത് കൊണ്ടാണ് നമ്മള്‍ അത് സമ്മതിക്കുന്നത്. അത് പോലെ ഒരു കണ്ടന്റ് തമിഴില്‍ വന്നാല്‍ ആ സിനിമ അംഗീകരിക്കില്ല. എന്താണ് ഇത്ര സ്ലോവായിട്ട് കഥ പറയുന്നത് എന്ന് പറഞ്ഞ് നമ്മളെ വിമര്‍ശിക്കും. മലയാളം സിനിമയെ കുറിച്ച് അങ്ങനെ പറയില്ല.
മലയാളികളുടെ കഥ പറയുന്ന രീതി ഇങ്ങനെയാണ് എന്നൊരു മൈന്റ്‌സെറ്റ് ഇവിടെയുള്ളവര്‍ക്കുണ്ട്. സിനിമ തുടങ്ങുന്നത് മുതലുള്ള അവരുടെ കഥ പറയുന്ന രീതി അത്ഭുതകരമാണ്. അത് ഒരു ആര്‍ട്ട് ആണെന്ന് പറയും,” വെങ്കട് പ്രഭു പറഞ്ഞു.
”എന്തുകൊണ്ടാണ് അത് പോലുള്ള കഥകള്‍ മലയാളത്തില്‍ ചെയ്താല്‍ മാത്രം ഇവിടെയുള്ളവര്‍ അംഗീകരിക്കുന്നത്. തമിഴില്‍ ചെയ്താല്‍ എന്തുകൊണ്ടാണ് അവര്‍ അംഗീകരിക്കാത്തതെന്നും ഞാന്‍ ആലോചിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സല്യൂട്ട് എന്ന ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ആ സിനിമയും വളരെ സ്ലോ ത്രില്ലിംഗ് മൂഡിലാണ് കഥ കൊണ്ട് പോവുന്നത്. അത് പോലെയാണ് ഞാന്‍ എന്റെ മന്മദ ലീലയും ചെയ്തത്,” വെങ്കട്ട് പ്രഭു കൂട്ടിച്ചേര്‍ത്തു.
Content Highlight: director venkat prabhu comparing tamil cinema to malayalam cinema