അജിത് സാറുമായി വീണ്ടും വര്‍ക്ക് ചെയ്യും, പക്ഷേ.... സംവിധായകന്‍ ശിവ
Entertainment
അജിത് സാറുമായി വീണ്ടും വര്‍ക്ക് ചെയ്യും, പക്ഷേ.... സംവിധായകന്‍ ശിവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th October 2024, 6:24 pm

ഛായഗ്രഹകനായി സിനിമാജീവിതം ആരംഭിച്ചയാളാണ് ശിവ. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ശിവ 2008ല്‍ ശൗര്യം എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധാനരംഗത്ത് ചുവടുവെച്ചു. രാജമൗലിയുടെ ഹിറ്റ് ചിത്രം വിക്രമാര്‍ക്കുഡുവിന്റെ തമിഴ് റീമേക്കായ സിരുത്തൈ എന്ന ചിത്രത്തിലൂടെയാണ് ശിവ ശ്രദ്ധേയനായത്. പിന്നീട് തമിഴിലെ മികച്ച സംവിധായകരിലൊരാളായി ശിവ മാറി.

അജിത്കുമാറിനെ നായകനാക്കി തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരേയൊരു സംവിധായകന്‍ കൂടിയാണ് ശിവ. ഈ കൂട്ടുകെട്ട് ഒന്നിച്ച സിനിമകളില്‍ വിവേകം ഒഴികെ ബാക്കി മൂന്ന് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററായി മാറി. മൂന്ന് ചിത്രങ്ങളും തമിഴിലെ വമ്പന്‍ സ്റ്റാറുകളോടൊപ്പം ക്ലാഷ് വെച്ചാണ് വിജയിച്ചത്.

വിജയ് ചിത്രം ജില്ലയെ തകര്‍ത്ത് വീരം ഹിറ്റായപ്പോള്‍ കമല്‍ ഹാസന്‍ നായകനായ തൂങ്കാവനത്തെ പരാജയപ്പെടുത്തിയാണ് വേതാളം വിന്നറായത്. രജിനികാന്ത് നായകനായ പേട്ടയെ തമിഴ്‌നാട് കളക്ഷനില്‍ തകര്‍ത്ത് വിശ്വാസത്തിലൂടെ ഹിറ്റ് കോമ്പോ ഒരിക്കല്‍ കൂടി തങ്ങളുടെ റേഞ്ച് വ്യക്തമാക്കി. വന്‍ ബജറ്റില്‍ വന്ന വിവേകം മാത്രമാണ് ഈ കോമ്പോയുടെ ഒരേയൊരു പരാജയചിത്രം.

അജിത്തിനോടൊപ്പം വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ശിവ. ഉറപ്പായും താനും അജിത്കുമാറും ഒന്നിക്കുമെന്ന് ശിവ പറഞ്ഞു. എന്നാല്‍ അക്കാര്യം താനല്ല പറയേണ്ടതെന്നും അജിത് തന്നെ അക്കാര്യം പറയുമെന്നും ശിവ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പറയുന്നതാണ് ആ പ്രൊജക്ടിന്റെ ഭംഗിയെന്നും ശിവ പറഞ്ഞു.

കങ്കുവക്ക് ശേഷം അതിന്റെ സീക്വലിന്റെ വര്‍ക്ക് ഉണ്ടെന്നും അതിന് ശേഷം മാത്രമേ അജിത് കുമാറുമായുള്ള പ്രൊജക്ടിലേക്ക് കടക്കുള്ളൂവെന്നും ശിവ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അജിത് സാറുമായി ഒരു സിനിമ കൂടി എന്തായാലും ചെയ്യും. അക്കാര്യം ഉറപ്പാണ്. പക്ഷേ അത് ഞാന്‍ പറയുന്നതിനെക്കാള്‍ ഭംഗി അജിത് സാര്‍ പറയുന്നതിനാണ്. അദ്ദേഹം ഒഫിഷ്യലായി പറയുന്നതാണ് ആ പ്രൊജക്ടിന്റെ ഭംഗി. കങ്കുവക്ക് ശേഷം അതിന്റെ സീക്വലിലേക്കാണ് ഞാന്‍ കടക്കുക. അതിന് ശേഷമായിരിക്കും അജിത് സാറുമായുള്ള പ്രൊജക്ടിലേക്ക് കടക്കുക,’ ശിവ പറഞ്ഞു.

അതേസമയം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കങ്കുവ റിലീസിന് തയാറെടുക്കുകയാണ്. സൂര്യ നായകനാകുന്ന ചിത്രം പീരിയോഡിക്കല്‍ ഫാന്റസി ആക്ഷന്‍ ഴോണറില്‍ പെടുന്നതാണ്. ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. പത്ത് ഭാഷകളിലായി ത്രീ.ഡിയിലൊരുങ്ങുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുക. പല തവണ റിലീസ് മാറ്റിവെച്ച ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Director Siva says that he will join hands with Ajith Kumar after Kanguva 2