‘കിരീടം’ സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ കഥാപാത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ തിലകന്‍ ആവശ്യപ്പെട്ടിരുന്നെന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമയുടെ ലൊക്കേഷന്‍ പാലക്കാടായത് കാരണമായിരുന്നു ഇത്.
പാലക്കാടിന് അടുത്തുള്ള ചിറ്റൂരിലായിരുന്നു ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാനുള്ള കവലയുടെ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നതെന്നും തിലകന്‍ തന്റെ അസൗകര്യമറിയിച്ചതോടെ തിരുവനന്തപുരത്തേക്ക് ലൊക്കേഷന്‍ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘മോഹന്‍ലാല്‍ ‘കിരീടം’ ചെയ്യാമെന്ന തീരുമാനമറിയിച്ചതോടെ ഞങ്ങള്‍ സിനിമയുടെ മറ്റുകാര്യങ്ങളുമായി മുന്നോട്ട് പോയി. സിനിമയില്‍ ലൊക്കേഷനായി വേണ്ടത് ഒരു ഗ്രാമമായിരുന്നു. പല സ്ഥലങ്ങളില്‍ പോയി അവസാനം ഞങ്ങളെത്തിയത് പാലക്കാടിന് അടുത്തുള്ള ചിറ്റൂര്‍ എന്ന സ്ഥലത്താണ്.
ആദ്യം ഞങ്ങള്‍ അന്വേഷിച്ചു തുടങ്ങിയത് ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാനുള്ള കവലയായിരുന്നു. അത് ചിറ്റൂരില്‍ കണ്ടെത്തി. കവലയും വലിയ ആല്‍മരവുമുള്ള സ്ഥലമായിരുന്നു അത്. എനിക്കും ലോഹിക്കും (ലോഹിതദാസ്) അവിടം ഒരുപോലെ ഇഷ്ടപ്പെട്ടു. മറ്റു ലൊക്കേഷനുകള്‍ പിന്നീട് കണ്ടെത്താമെന്ന് തീരുമാനിച്ചു.
മോഹന്‍ലാല്‍ ഈ സിനിമക്ക് തന്ന ഡേറ്റ് ഏപ്രില്‍ മാസം ആദ്യവാരമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ കഥാപാത്രമായി തീരുമാനിച്ചത് തിലകന്‍ ചേട്ടനെയായിരുന്നു. അങ്ങനെ ഞാനും ലോഹിയും ഉണ്ണിയും (കൃഷ്ണകുമാര്‍) തിലകന്‍ ചേട്ടനെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയി.
അദ്ദേഹത്തിന് ആ കഥ ഇഷ്ടമായി. എന്നാല്‍ കഥ കേട്ട ശേഷം, ‘ഈ കഥയെനിക്ക് ഇഷ്ടമായി, ഈ കഥാപാത്രത്തെയും ഇഷ്ടമായി. പിന്നെ സിബിയും ലോഹിയും ചെയ്യുന്ന സിനിമയായത് കൊണ്ട് ചെയ്യാന്‍ താല്‍പര്യവുമുണ്ട്. പക്ഷെ നിങ്ങളുടെ ലൊക്കേഷന്‍ പാലക്കാടാണ്. എനിക്ക് അതേസമയത്ത് രണ്ട് സിനിമകളുണ്ട്. ‘ചാണക്യ’യും ‘വര്‍ണ്ണ’വും. ചാണക്യക്ക് കൂടുതലും നൈറ്റ് സീനാണ് ഉള്ളത്. അപ്പോള്‍ രാത്രി ചാണക്യക്കും പകല്‍ വര്‍ണ്ണത്തിനും വേണ്ടി സമയം മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ ചിറ്റൂരിലെത്തി ഈ സിനിമ ചെയ്യാന്‍ പറ്റില്ല. ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രമായത് കൊണ്ട് എന്നെ ഈ സിനിമയില്‍ ഒഴിവാക്കുന്നതാകും നല്ലത്’ എന്ന് പറഞ്ഞു.
‘തിലകന്‍ ചേട്ടന്‍ ഇല്ലെങ്കില്‍ ഞങ്ങളിത് മാറ്റിവെക്കാം. തിലകന്‍ ചേട്ടനില്ലാതെ ഈ സിനിമയിപ്പോള്‍ ചെയ്യുന്നില്ല. ചേട്ടന്റെ ഡേറ്റ് കൂടെ നോക്കിയിട്ട് മോഹന്‍ലാലിനോട് സംസാരിച്ച് നമുക്ക് മറ്റൊരു ഡേറ്റ് വാങ്ങാം,’ എന്നതായിരുന്നു ഞങ്ങളുടെ മറുപടി.
തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് വരാമെന്ന് ഉടനെ തിലകന്‍ ചേട്ടന്‍ പറഞ്ഞു. ആ സമയം ഞങ്ങളെ സംബന്ധിച്ചിടത്തോളം ചിറ്റൂരിലെ ലൊക്കേഷനേക്കാള്‍ തിലകന്‍ ചേട്ടനായിരുന്നു പ്രാധാന്യം. അങ്ങനെ ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് ലൊക്കേഷന്‍ മാറ്റി,’ സിബി മലയില്‍ പറയുന്നു.
Content Highlight: Director Sibi Malayil Talks About Actor Thilakan And Kireedam Movie