96 തിയേറ്ററില്‍ നൂറ് ദിവസം ഓടിയില്ലെങ്കില്‍ ഈ ഇന്‍ഡസ്ട്രി വിട്ട് ഞാന്‍ പോകുമെന്ന് അയാള്‍ക്ക് വാക്കുകൊടുത്തു: സംവിധായകന്‍ പ്രേം കുമാര്‍
Entertainment
96 തിയേറ്ററില്‍ നൂറ് ദിവസം ഓടിയില്ലെങ്കില്‍ ഈ ഇന്‍ഡസ്ട്രി വിട്ട് ഞാന്‍ പോകുമെന്ന് അയാള്‍ക്ക് വാക്കുകൊടുത്തു: സംവിധായകന്‍ പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st September 2024, 10:03 pm

തമിഴിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളിലൊന്നാണ് 2018ല്‍ റിലീസായ 96. വിജയ് സേതുപതി, തൃഷ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രേം കുമാറായിരുന്നു. റാമിന്റെയും ജാനുവിന്റെയും മനോഹരമായ പ്രണയകഥ പറഞ്ഞ ചിത്രം ഇന്നും പലരുടെയും ഫേവറിറ്റുകളിലൊന്നാണ്. ഗോവിന്ദ് വസന്ത ഈണമിട്ട പാട്ടുകളും പലരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു. ചിത്രം 100 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ സിനിമയുടെ റിലീസിന് മുമ്പ് തന്നെ 100 ദിവസം തിയേറ്ററില്‍ ഓടുമെന്ന് തനിക്ക് നല്ല കോണ്‍ഫിഡന്‍സായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ പ്രേം കുമാര്‍. എന്നാല്‍ തന്റെ സുഹൃത്തായ നിര്‍മാതാവിന് അതില്‍ വിശ്വാസമില്ലായിരുന്നെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. 100 ദിവസം ഓടിയില്ലെങ്കില്‍ താന്‍ ഈ ഇന്‍ഡസ്ട്രി തന്നെ വിട്ടുപോകുമെന്ന് അയാള്‍ക്ക് വാക്കുകൊടുത്തെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് അതിനെപ്പറ്റിയായി തന്റെ ചിന്തയെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിനിമക്ക് നല്ല റെസ്‌പോണ്‍സ് കിട്ടിയെന്നും 33ാമത്തെ ദിവസം സണ്‍ ടി.വിയില്‍ ചിത്രം ടെലികാസ്റ്റ് ചെയ്തുവെന്നും പ്രേം കുമാര്‍ പറഞ്ഞു. അതോടുകൂടെ ചിത്രം തിയേറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്ന് താന്‍ വിചാരിച്ചുവെന്നും എന്നാല്‍ പല തിയേറ്ററും ചിത്രം പ്രദര്‍ശിപ്പിച്ചുവെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

50,75 ദിവസം കഴിഞ്ഞ് 85ാം ദിവസമാകുമ്പോഴേക്ക് തനിക്ക് ടെന്‍ഷനായെന്നും എന്നാല്‍ അപ്പോഴും തിയേറ്ററില്‍ ആളുകള്‍ കാണാന്‍ വരാറുണ്ടായിരുന്നെന്നും പ്രേം കുമാര്‍ പറഞ്ഞു. ഒടുവില്‍ 100ാം ദിവസം ഷീല്‍ഡടിക്കാന്‍ പറഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിലീസിന് മുമ്പ് 96ന്റെ പ്രൊഡ്യൂസറും ഞാനും തമ്മില്‍ സംസാരിച്ചിരുന്നു. ഈ സിനിമ 100 ദിവസം തിയേറ്ററില്‍ ഓടുമെന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. ‘പടം ഹിറ്റാകുമെന്ന് പറഞ്ഞാല്‍ ഓക്കെ, 100 ദിവസം ഓടാന്‍ മാത്രം എന്താണ് ഈ സിനിമയിലുള്ളത്’ എന്നാണ് പുള്ളി ചോദിച്ചത്. ഇനി അതൊന്നും പറയാന്‍ പറ്റില്ല, സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞു എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ഓടിയില്ലെങ്കില്‍ ഞാന്‍ ഇന്‍ഡസ്ട്രി വിട്ടുപോകുമെന്ന് പുള്ളിയോട് പറഞ്ഞു. പടം റിലീസായി, നല്ല റെസ്‌പോണ്‍സ് കിട്ടി. 33ാമത്തെ ദിവസം സണ്‍ ടി.വിയില്‍ പടം ടെലികാസ്റ്റ് ചെയ്തു.

അതോടെ എല്ലാം അവസാനിച്ചെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് പല തിയേറ്ററുകാരും എന്നെ വിളിച്ച് ഇപ്പോഴും പടം കാണാന്‍ ആളുകള്‍ വരുന്നുണ്ട്. അവര്‍ പടം മാറ്റുന്നില്ലെന്ന് പറഞ്ഞു. പിന്നീട് 50,75 ദിവസങ്ങള്‍ കഴിഞ്ഞു. അതോടെ ടെന്‍ഷന്‍ കൂടി. അപ്പോഴും പടം കാണാന്‍ ആളുകളുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് 100ാമത്തെ ദിവസമായപ്പോള്‍ ഷീല്‍ഡടിക്കാന്‍ ഞാന്‍ പറഞ്ഞു. വല്ലാത്ത കോണ്‍ഫിഡന്‍സായിരുന്നു എനിക്ക് അപ്പോള്‍,’ പ്രേം കുമാര്‍ പറഞ്ഞു.

Content Highlight: Director Prem Kumar about 96