Film News
അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത്; കല്യാണത്തിന് ശേഷവും ശാലിനിയെ നിറത്തില്‍ അഭിനയിപ്പിക്കുമെന്ന വാശിയില്‍ ആ നടനും: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 27, 09:53 am
Saturday, 27th January 2024, 3:23 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് 1999ല്‍ പുറത്തിറങ്ങിയ നിറം. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുമായിരുന്നു പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ച നാലാമത്തെയും അവസാനത്തെയും ചിത്രമായിരുന്നു നിറം.

ശാലിനിയുടെ സിനിമാ കരിയറിലെ അവസാന മലയാള ചിത്രം കൂടിയായിരുന്നു ഇത്. നിറം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു.

ഈ സിനിമ പിന്നീട് 2001ല്‍ സംവിധായകന്‍ കമല്‍ തമിഴില്‍ റീമേക്ക് ചെയ്തു. അതില്‍ ശാലിനിയും ജോമോളും അവരുടെ വേഷങ്ങള്‍ വീണ്ടും അവതരിപ്പിച്ചു.

കുഞ്ചാക്കോ ബോബന്റെ വേഷം ചെയ്തിരുന്നത് നടന്‍ പ്രശാന്തായിരുന്നു. ഇപ്പോള്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ നിറത്തിന്റെ തമിഴ് റീമേക്കിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

‘സിനിമയിലെ പാട്ടിന്റെ ഒരു പോര്‍ഷനില്‍ ശാലിനിയുണ്ടായിരുന്നില്ല . അത് വേറെ ഒന്നും കൊണ്ടായിരുന്നില്ല, അപ്പോഴേക്കും ശാലിനിയുടെ വിവാഹം കഴിഞ്ഞു. അന്ന് അജിത്ത് എന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട കാര്യമായിരുന്നു, കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന്.

വ്യക്തിപരമായി അതിന് കാരണമുണ്ട്, ഒന്നും തോന്നരുതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ട് തീര്‍ക്കണമെന്നും പറഞ്ഞു. സിനിമയിലെ ഹീറോ തമിഴ് നടന്‍ പ്രശാന്ത് ആയിരുന്നു. അവര്‍ തമ്മിലുള്ള ഈഗോ ക്ലാഷാകാം. പ്രൊഫഷണല്‍ വൈര്യമാകാം. പ്രശാന്ത് മനപൂര്‍വം ഡേറ്റ് തരാതെ നിന്നു.

അങ്ങനെ അത് വലിയ പ്രശ്‌നമായി. ശാലിനിയെ അജിത്തുമായുള്ള കല്യാണത്തിന്റെ ശേഷവും അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരിക്കണം. അങ്ങനെയാണ് എനിക്ക് തോന്നിയത്.

ശാലിനിയുടെ കല്യാണത്തിന് മുമ്പ് ഞങ്ങള്‍ ഫിക്‌സ് ചെയ്ത ഡേറ്റൊക്കെ ഇയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു മാറ്റും. വരാന്‍ പറ്റില്ലെന്നാണ് മിക്കപ്പോഴും കാരണം പറയാറ്. അതിനിടയില്‍ ശാലിനിയും അച്ഛനും എന്നെ ഇടക്കിടെ വിളിച്ച് പെട്ടെന്ന് അവരുടെ പോര്‍ഷന്‍ മാത്രം ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ പറയുന്നുണ്ടായിരുന്നു,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Prasanth And Ajith