Advertisement
Entertainment
തന്റെ ശബ്ദം ശരിയല്ലെന്ന് പറഞ്ഞ് മറ്റുള്ളവര്‍ ഡബ്ബ് ചെയ്യുന്നതില്‍ വിഷമമുണ്ടെന്ന് കാവ്യ; ആ ചിത്രത്തില്‍ കാവ്യ തന്നെ ഡബ്ബിങ് ചെയ്തു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 27, 09:19 am
Saturday, 27th April 2024, 2:49 pm

2004ല്‍ കമലിന്റെ സംവിധാനത്തില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് പെരുമഴക്കാലം. നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രത്തില്‍ മീര ജാസ്മിന്‍ – കാവ്യ മാധവന്‍ എന്നിവരായിരുന്നു ഒന്നിച്ചത്.

ഈ സിനിമയില്‍ കാവ്യ മാധവന്‍ തന്റെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘സിനിമയുടെ സ്‌ക്രീന്‍പ്ലേ ആയി കഴിഞ്ഞതും എന്നെ സംബന്ധിച്ച് റസിയയുടെ കഥാപാത്രമായി ഞാന്‍ കണ്ടത് മീര ജാസ്മിനെ ആയിരുന്നു. മീര വളരെ പ്രോമിസിങ് ആയ താരമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു പാഠം ഒന്ന്: ഒരു വിലാപത്തിന് മീരക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നത്. മീര പ്രൂവ് ചെയ്ത താരമാണ്.

കാവ്യയെ സംബന്ധിച്ച് കാവ്യക്ക് ആകെ കണ്‍ഫ്യൂഷന്‍ ആയിരുന്നു. ഞാന്‍ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ റസിയ ആണോ നല്ലത് ഗംഗയാണോ നല്ലതെന്ന കണ്‍ഫ്യൂഷന്‍ കാവ്യക്ക് ഉണ്ടായിരുന്നു. ഇടക്ക് എന്നെ വിളിച്ചിട്ട് ‘അങ്കിളേ ഞാന്‍ ഗംഗയായിട്ട് തന്നെയാണോ വേണ്ടത്. മറ്റേ റോള് എനിക്ക് ചെയ്തുകൂടെ’ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ ‘എന്റെ മനസില്‍ നീയാണ് ഗംഗ. എങ്കില്‍ മാത്രമേ ശരിയാകുള്ളൂ’ എന്ന് പറഞ്ഞു.

സ്‌ക്രീന്‍സ്പേസ് നോക്കുമ്പോള്‍ ചിലപ്പോള്‍ ഒരുപാട് സീനുകള്‍ ഉള്ളത് റസിയക്കാണ്. അതായത് മീര ജാസ്മിന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്. ഗംഗക്ക് സ്‌ക്രീന്‍സ്പേസ് കുറവായിരുന്നു. അതുകൊണ്ടാകും കാവ്യക്ക് ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ ഉണ്ടായിരുന്നു. കാരണം മീര ജാസ്മിനാകുമല്ലോ പ്രാധാന്യം എന്ന തോന്നല്‍ ഉണ്ടായിരുന്നു. ഫുട്ടേജ് കൂടുതല്‍ ഉള്ളത് കൊണ്ട് ആ കഥാപാത്രത്തിന് പ്രാധാന്യം കൂടുമോ എന്ന ചിന്ത കാവ്യക്ക് ഉണ്ടാകാം.

എന്നാല്‍ കാവ്യ അഭിനയിക്കാന്‍ വന്ന ദിവസം സ്‌ക്രീന്‍പ്ലേ വെച്ച് ഞാന്‍ കഥ പൂര്‍ണമായും പറഞ്ഞു കൊടുത്തു. അന്ന് കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു. സിനിമയില്‍ ക്ഷമിക്കുന്ന പെണ്‍കുട്ടിയാണ് ആളുകളുടെ മനസിലേക്ക് കയറുകയെന്ന് ഞാന്‍ പറഞ്ഞു. റസിയ സ്വാഭാവികമായും കരയുകയൊക്കെ ചെയ്യുമെങ്കിലും അവസാനം ഈ മാപ്പ് കൊടുക്കുന്ന പെണ്‍കുട്ടിയെയാണ് ആളുകള്‍ ശ്രദ്ധിക്കുക.

ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന പെണ്‍കുട്ടി അനുഭവിക്കുന്ന വേദന വലുതാണ്. ആ സിനിമയില്‍ വളരെ കുറച്ച് ഡയലോഗ് മാത്രമേ കാവ്യക്ക് ഉള്ളൂ. ഹൃദയസ്പര്‍ശിയായി കാവ്യ അത് അഭിനയിക്കുകയും ആ വര്‍ഷം മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങുകയും ചെയ്തു. മീരക്ക് ആ സിനിമക്ക് അവാര്‍ഡ് ഒന്നും കിട്ടിയതുമില്ല.

ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. സ്‌ക്രീന്‍ സ്‌പേസ് നോക്കിയല്ല ഒരു കഥാപാത്രം ജനങ്ങളുടെ മനസിലേക്ക് എത്തുന്നതും അംഗീകാരങ്ങള്‍ നേടുന്നതും. അങ്ങനെ നോക്കുമ്പോള്‍ ഗംഗയാണ് ആളുകളുടെ മനസില്‍ കൂടുതല്‍ കയറിയത്. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് ‘അങ്കിളേ, എന്നെ സ്ഥിരമായി ഡബ്ബിങ്ങിനായി ആരും സമ്മതിക്കില്ല. എന്റെ വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് ശബ്ദം നല്‍കുന്നത്. എനിക്ക് അത് വലിയ വിഷമമാണ്. അതുകൊണ്ട് ഇതില്‍ ഞാന്‍ ഡബ്ബ് ചെയ്യട്ടെ’ എന്ന് കാവ്യ ചോദിക്കുന്നത്.

അങ്ങോട്ട് പറയാന്‍ നില്‍ക്കുകയായിരുന്നു, പക്ഷേ നിനക്ക് ഇതില്‍ കോണ്‍ഫിഡന്‍സ് ഉണ്ടോയെന്ന് ഞാന്‍ തിരികെ ചോദിച്ചു. കുറച്ച് ഡയലോഗല്ലേ ഉള്ളൂ. അതുകൊണ്ട് ഞാന്‍ ചെയ്യാമെന്ന് കാവ്യ മറുപടിയും പറഞ്ഞു. അങ്ങനെ സ്വന്തം ശബ്ദത്തിലാണ് കാവ്യ അതില്‍ അഭിനയിച്ചത്. അതുവരെ എല്ലാവരും പറഞ്ഞത് കാവ്യയുടെ ശബ്ദം കൊള്ളില്ല എന്നായിരുന്നു. അന്ന് സിനിമയില്‍ അങ്ങനെയൊരു കുഴപ്പം ഉണ്ടായിരുന്നു. എല്ലാ നായികമാര്‍ക്കും മനോഹരമായ ശബ്ദം വേണമെന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Kavya Madhavan