എന്തെങ്കിലും ഉണ്ടെങ്കിലേ പടം ഓടൂ എന്ന് അങ്ങനെ ബോധ്യമായി; ഫാസില്‍ പറയുന്നു
Malayalam Cinema
എന്തെങ്കിലും ഉണ്ടെങ്കിലേ പടം ഓടൂ എന്ന് അങ്ങനെ ബോധ്യമായി; ഫാസില്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st May 2021, 3:23 pm

 

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലൂടെ നിര്‍മാതാവായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഫാസില്‍. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന സമയത്തൊക്കെ താന്‍ ഒരു തരം ആശയക്കുഴപ്പത്തിലായിരുന്നെന്നും ഏത് സിനിമ ഓടും ഏത് ഓടില്ല എന്ന വലിയൊരു മാറ്റം ഈ കാലത്തുണ്ടായെന്നും ഫാസില്‍ പറയുന്നു.

റിയലിസ്റ്റിക് സിനിമകളോട് ആള്‍ക്കാര്‍ക്ക് വീണ്ടും താത്പര്യമായി എന്നാണ് എനിക്ക് തോന്നുന്നത്. ഫഹദ് തന്നെ ചെയ്ത മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകള്‍ റിയലിസ്റ്റിക്ക് അപ്രോച്ച് ഉള്ള പടങ്ങളാണ്. അതു നന്നായി ഓടുകയും ചെയ്തു.

അതേസമയം പക്കാ കൊമേഴ്‌സ്യല്‍ ആയി എടുത്ത അയ്യപ്പനും കോശിയും വന്‍ ഹിറ്റായി. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലും റിയലിസ്റ്റിക്ക് അപ്രോച്ചായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ എന്തെങ്കിലും ഉണ്ടെങ്കിലേ ഓടൂ എന്നത് ബോധ്യമായി. ആ കണ്‍ഫ്യൂഷനായിരുന്നു എനിക്ക്. പിന്നെ ജഡ്ജ്‌മെന്റ് കംപ്ലീറ്റായി പോയിക്കിടക്കുകയായിരുന്നു, ഫാസില്‍ പറഞ്ഞു.

മലയന്‍കുഞ്ഞിന്റെ കഥ കേട്ടപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് ഒരു വെറൈറ്റി ഫീല്‍ ചെയ്തിരുന്നെന്നും ആരും ചിന്തിക്കാത്ത ഒരു കഥയാണിതെന്നുമായിരുന്നു ഫാസിലിന്റെ മറുപടി.

മണ്ണിടിച്ചിലും ഒരു കുട്ടിയെ രക്ഷിക്കുന്ന സെന്റിമെന്‍സുമൊക്കെ ചിത്രത്തിലുണ്ട്. മലയാള സിനിമയ്ക്ക് പറ്റിയ കഥയാണെന്ന് തോന്നി. മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ എന്നിലെ നിര്‍മാതാവ് ഉണര്‍ന്നു. മുഴുവന്‍ കഥയും കേട്ടപ്പോള്‍ ഞാന്‍ മഹേഷിനോട് പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ എന്ന്. അങ്ങനെ ഈ ചിത്രം സംഭവിച്ചു. സ്വിച്ച് ഓണ്‍ കര്‍മത്തിന് ഞാന്‍ പോയി. ബാക്കിയെല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു, ഫാസില്‍ പറഞ്ഞു.

ചിത്രത്തില്‍ ഫഹദിനെ നായകനാക്കിയതിന് പിന്നില്‍ ഒരു പൊളിറ്റിക്‌സുമില്ലെന്നും ഫഹദിന് പറ്റിയ കഥാപാത്രമാണെന്ന് കഥ കേട്ടപ്പോള്‍ തോന്നിയെന്നും അവനും എക്‌സൈറ്റഡായെന്നും ഫാസില്‍ പറഞ്ഞു. കൈയ്യെത്തും ദൂരത്തിന് ശേഷം അവന്‍ അഭിനയിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിക്കുന്ന എന്ന വിശേഷണം കൂടി ഇതിനുണ്ടെന്നും ഫാസില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Fazil About Realistic approach on Malayalam Movie