മഞ്ഞുമ്മലിലെ ആ സീന്‍ കൊണ്ടുവന്നത് സിനിമാറ്റിക് എലമെന്റിനായി; ഇല്ലെങ്കില്‍ സിനിമക്ക് അര്‍ത്ഥമുണ്ടാകില്ല: ചിദംബരം
Film News
മഞ്ഞുമ്മലിലെ ആ സീന്‍ കൊണ്ടുവന്നത് സിനിമാറ്റിക് എലമെന്റിനായി; ഇല്ലെങ്കില്‍ സിനിമക്ക് അര്‍ത്ഥമുണ്ടാകില്ല: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th March 2024, 9:52 am

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

കേരളത്തില്‍ വലിയ വിജയമായ ഈ ചിത്രം തമിഴ് സിനിമാപ്രേമികളും ഏറ്റെടുത്തു. തമിഴ്‌നാട്ടില്‍ തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് ചാനലായ റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിദംബരം.

സിനിമയില്‍ സൗബിന്റെ കുട്ടനെന്ന കഥാപാത്രം ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ കുഴിയില്‍ നിന്ന് രക്ഷിക്കുന്നതിന്റെ ഇടയില്‍ പാറയുടെ ഇടയില്‍ കയറ് കുടുങ്ങുന്ന സീനിനെ കുറിച്ച് പറയുകയാണ് ചിദംബരം.

‘ആ സീന്‍ സിനിമാറ്റിക് എലമെന്റിന് വേണ്ടിയായിരുന്നു സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി സീനുകളൊക്കെ ഏറെക്കുറെ യഥാര്‍ത്ഥത്തില്‍ നടന്നത് തന്നെയായിരുന്നു.

സര്‍വൈവല്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ആ വ്യക്തി രക്ഷപെട്ടു പുറത്തേക്ക് വരുമ്പോള്‍ ആദ്യം എന്തെങ്കിലും തടസം ഉണ്ടാകണം. പിന്നീട് അയാള്‍ ആ തടസത്തെ മറികടന്ന് വരണം. ശേഷം വീണ്ടും എന്തെങ്കിലും തടസം ഉണ്ടാകണം, അതുകഴിഞ്ഞ് അതിനെ മറികടക്കണം.

കുറഞ്ഞത് മൂന്ന് തടസങ്ങള്‍ മറികടന്നാകണം അയാള്‍ പുറത്തേക്ക് വരുന്നത്. ആ സ്‌ക്രിപ്റ്റ് അങ്ങനെയൊന്ന് ഡിമാന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. അയാളെ രക്ഷിക്കുന്നതിന്റെ മുമ്പ് എന്തെങ്കിലും തടസങ്ങള്‍ നേരിടുകയും അതിനെ മറികടന്ന് അയാള്‍ പുറത്ത് വരികയും ചെയ്യുമ്പോഴാണ് ആ സിനിമയില്‍ അര്‍ത്ഥമുണ്ടാകുള്ളൂ.

യഥാര്‍ത്ഥത്തില്‍ റെസ്‌ക്യൂ ടീം അവരെ തടസങ്ങള്‍ ഇല്ലാതെ എളുപ്പത്തില്‍ പുറത്തെടുക്കുന്നുണ്ട്. ഞാന്‍ അങ്ങനെ ആ സിനിമയില്‍ ചെയ്താല്‍ അതില്‍ എന്റര്‍ടൈന്‍മെന്റ് ഫാക്ട് ഉണ്ടാവില്ല. സിനിമ എന്റര്‍ടൈന്‍മെന്റിന് കൂടെയുള്ളതാണ്,’ ചിദംബരം പറഞ്ഞു.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.


Content Highlight: Director Chidambaram  Talks About Manjummel  Boys’s Cinematic Elements