Advertisement
national news
ബാലാക്കോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചു; ദിഗ്‌വിജയ് സിങ്ങിന് മാനസിക സ്ഥിരതയില്ലെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 03, 02:02 pm
Sunday, 3rd March 2019, 7:32 pm

ഇന്‍ഡോര്‍: ബാലാക്കോട്ട് വ്യോമാക്രമണത്തിന് കേന്ദ്ര സര്‍ക്കാര്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന് മാനസിക സ്ഥിരതയില്ലെന്ന് ബി.ജെ.പി നേതാവ് വിജയ്‌വര്‍ഗീയ.

“എനിക്ക് തോന്നുന്നത് ദിഗ്‌വിജയ് സിങ്ങിന് മാനസിക സ്ഥിരതയില്ലെന്നാണ്, അതാണയാള്‍ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്. നേരത്തെ ഇയാള്‍ സാകിര്‍ നായികിനോടൊപ്പം വേദി പങ്കിട്ടിരുന്നു. സാക്കിര്‍ നായിക് മറ്റു രാജ്യങ്ങളില്‍ നിന്നും കാശു മേടിച്ച് രാജ്യത്തെ തീവ്രവാദികള്‍ക്കു കൊടുക്കുന്ന ആളാണ്. മാത്രമല്ല, അയാള്‍ ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്”-  കൈലാഷ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

“ഇതേ ആളു തന്നെയാണ് രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാവുന്ന സൈനികരുടെ കഴിവിനെ സംശയിക്കുന്നത്. ഇത് നാണം കെടുത്തുന്ന പ്രസ്താവനയാണ്. അയാള്‍ നാണിക്കേണ്ടിയിരിക്കുന്നു”- കൈലാഷ് കൂട്ടിച്ചര്‍ത്തു.

ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍  ആക്രമിച്ചു എന്നതിന് വ്യക്തമായ തെളിവ് നല്‍കണമെന്ന് ദിഗ്‌വിജയ് സിങ്ങ് കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

“ഞാന്‍ വ്യോമാക്രമണത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നതല്ല. എന്നാല്‍  ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാവുന്ന ആധുനിക   യുഗമാണിത്. ഒസാമ ബിന്‍ ലാദനെ കൊന്നതിന് അമേരിക്ക കൃത്യമായ തെളിവുകള്‍ നിരത്തിയതു പോലെ വ്യോമാക്രണത്തിന്റെ തെളിവുകള്‍ ലഭ്യമാക്കാന്‍ നമുക്കും കഴിയണം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് പിന്നിലുള്ള സത്യാവസ്ഥ അന്വേഷിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹികളെന്നു മുദ്രകുത്തുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹ്ബൂബ മുഫ്ത്തി പറഞ്ഞിരുന്നു.