വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. കഥ എന്താണെന്ന് അറിയാതെയാണ് താന്‍ കുഞ്ഞിരാമായണത്തിലെ അഭിനയിച്ചതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. ബേസില്‍ ജോസഫിന്റെ സിനിമ എന്ന് മാത്രമേ അറിയുവെന്നും താന്‍ ബ്ലൈന്‍ഡ് ആയി പോയി അഭിനയിച്ച ചിത്രമാണ് അതെന്നും ധ്യാന്‍ പറയുന്നു.
ഒട്ടുമിക്ക സിനിമയും താന്‍ സൗഹൃദത്തിന്റെ പുറത്ത് ബ്ലൈന്‍ഡ് ആയി പോയി ചെയ്യുന്ന ചിത്രങ്ങളാണെന്നും സിനിമയില്‍ തനിക്ക് വലിയ കരിയര്‍ പ്ലാനുകള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘ഞാന്‍ കുഞ്ഞിരാമായണം ഒരിക്കലും ചെയ്തത് ആ കഥ കേട്ടിട്ടല്ല. കഥ എന്താണെന്ന് പോലും എനിക്കറിയില്ല. ബേസിലിന്റെ പടം അത്ര മാത്രമേ എനിക്കറിയുകയുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ കാരംസ് കളിയും ക്രിക്കറ്റ് കളിയുമെല്ലാമായി നില്‍ക്കുകയായിരുന്നു. അങ്ങനെ ബേസില്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നു, അതിന് മുമ്പ് അവന്‍ വേറൊരു നടന്റെ അടുത്ത് കഥ പറഞ്ഞിട്ട് അദ്ദേഹം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
അവന്‍ വന്ന് ചേട്ടന്റെ അടുത്ത് കഥ പറഞ്ഞ് ചേട്ടന്‍ അത് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. അതിന് ശേഷം എന്റെടുത്തേക്ക് വന്നപ്പോള്‍ ഞാനും ചെയ്യാമെന്ന് പറഞ്ഞു. കഥ എന്താണെന്ന് പോലും കേള്‍ക്കാതെയാണ് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെ ബ്ലൈന്‍ഡ് ആയിട്ട് ഞാന്‍ പോയി അഭിനയിച്ച ചിത്രമായിരുന്നു അത്.
ഇന്നും ഞാന്‍ സുഹൃത്തുക്കളുടെ സിനിമയെല്ലാം വരുമ്പോള്‍ ബ്ലൈന്‍ഡ് ആയി തന്നെയാണ് പോയി അഭിനയിക്കുന്നത്. കാരണം എനിക്ക് വലിയ കരിയര്‍ പ്ലാന്‍ ഒന്നും ഇല്ല. 2014ല്‍ ആണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നത്. 2015ല്‍ ആണ് ഞാന്‍ കുഞ്ഞിരാമായണത്തില്‍ അഭിനയിക്കുന്നത്. അന്ന് ബേസില്‍ പറഞ്ഞതിന് അപ്പുറത്തേക്ക് ഞങ്ങള്‍ ആരും ഒന്നും ചെയ്തിട്ടില്ലായിരുന്നു. ആളുകള്‍ കുഞ്ഞിരാമായണത്തിന് ശേഷം എന്നെ തിരിച്ചറിയാന്‍ തുടങ്ങി,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമായണം. 2015ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വലിയ വിജയമായ ചിത്രമായിരുന്നു. ദീപു പ്രദീപ് തിരക്കഥ രചിച്ച ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, മാമുക്കോയ തുടങ്ങിയ വലിയ താരനിര തന്നെയായിരുന്നു ഒന്നിച്ചത്.
Content Highlight: Dhyan Sreenivasan Talks About Kunjiramayanam Movie