വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. തിയേറ്ററില്‍ ഗംഭീര വിജയം നേടിയ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ നിരവധി വിമര്‍ശനങ്ങളേറ്റു വാങ്ങി.
എന്നാല്‍ ഒരു പ്രൊമോഷനു പോലും വര്‍ഷങ്ങള്‍ക്കു ശേഷം ഗംഭീര സിനിമയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. എല്ലാ ഇന്റര്‍വ്യൂയിലും താനും ബേസിലും പരസ്പരം കളിയാക്കലും സെറ്റിലെ തമാശകളും മറ്റും മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ധ്യാന്‍ പറഞ്ഞു.
വിനീത് സിനിമകളില്‍ ഉണ്ടാകാറുള്ള എല്ലാ ക്ലീഷേയും ക്രിഞ്ചും ഈ സിനിമയിലുമുണ്ടെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘വര്‍ഷങ്ങള്‍ക്കു ശേഷം ഗംഭീര പടമാണെന്ന് ഞാന്‍ ഒരു ഇന്റര്‍വ്യൂയിലും തള്ളിയിട്ടില്ല. എല്ലാ ഇന്റര്‍വ്യൂയിലും ഞാനും ബേസിലും പരസ്പരം കളിയാക്കുകയും സെറ്റിലെ തമാശകള്‍ പറയുകയും മാത്രമേ ചെയ്തിട്ടുള്ളൂ. ‘നീ പറഞ്ഞിട്ടല്ലേ ഞാന്‍ ഈ സിനിമക്ക് തല വെച്ചത്’ എന്ന് ചോദിച്ചുകൊണ്ട് പലരും എനിക്ക് മെസ്സേജയക്കുന്നുണ്ട്. ഈ സിനിമ അടിപൊളിയാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.
ഇതൊരു വിനീത് ശ്രീനിവാസന്‍ പടമാണ്, പുള്ളിയുടെ പടത്തിലുള്ള എല്ലാ ക്ലീഷേയും ക്രിഞ്ചും ഈ പടത്തിലുമുണ്ടെന്ന് ഞാന്‍ ഒരുവിധം എല്ലാ ഇന്റര്‍വ്യൂയിലും പറഞ്ഞതാണ്. അതൊക്കെ കണ്ടിട്ട് ഇപ്പോള്‍ എന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ഈ സിനിമ ഒ.ടി.ടിയില്‍ ഇറങ്ങുമ്പോള്‍ ഒരുപാട് വിമര്‍ശനം വരുമെന്ന് അറിയാമായിരുന്നു. നമ്മള്‍ അത്തരം വിമര്‍ശനത്തെയും ഫെയ്‌സ് ചെയ്യാന്‍ റെഡിയായിരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about the trolls facing by Varshangalkku Sesham