ന്യൂദല്‍ഹി: ശൈത്യകാലം അവസാനിക്കുമ്പോള്‍ ഇന്ധനവിലയും കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചത് ഉപഭോക്താക്കളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശൈത്യകാലമവസാനത്തോടെ വില കുറയും. ഇതൊരു അന്താരാഷ്ട്ര സംവിധാനമാണ്. ഡിമാന്റ് കൂടിയതാണ് പെട്രോള്‍ വിലവര്‍ധനയ്ക്ക് കാരണം. ശൈത്യകാലത്ത് ഇത് സംഭവിക്കുന്നത് സാധാരണമാണ്. അതിനാല്‍ ശൈത്യകാലമവസാനിക്കുന്നതോടെ ഇന്ധനവില കുറയും’, മന്ത്രി പറഞ്ഞു.
രാജ്യത്ത് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂര്‍ പ്രതിഷേധിച്ചത്.
ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്.
അമിത ഇന്ധന വിലയും നികുതിയും കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. നൂറ് കണക്കിന് ഓട്ടോറിക്ഷകളാണ് സമരത്തില്‍ പങ്കെടുത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക