കോഴിക്കോട്: വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഭിക്ഷയാചിച്ച് സമരം നടത്തിയ മറിയക്കുട്ടിയുടെ പേരില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി ദിനപ്പത്രം. അടിമാലി സ്വദേശിയായ മറിയക്കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഭിക്ഷ യാചിച്ച് സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനി ദിനപ്പത്രം മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണെന്നും കാണിച്ച് വാര്‍ത്ത നല്‍കിയത്.
എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാകുകയും മറിയക്കുട്ടി വാര്‍ത്തക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ദേശാഭിമാനി തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മറിയക്കുട്ടി ഇപ്പോള്‍ താമസിക്കുന്ന വീട് അവരുടെ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രിന്‍സിയുടെ പേരിലാണ് ഈ വീടിനും പുരയിടത്തിനും കരമടക്കുന്നത്. അടിമാലി പഞ്ചായത്ത് 13ാം വാര്‍ഡ് 200ഏക്കര്‍ പൊന്നടത്തുപാറയിലുള്ള ഈ വീടിന്റെയും പുരയിടത്തിന്റെയും വിവരങ്ങളാണ് ദേശാഭിമാനി തെറ്റായി നല്‍കിയിരുന്നത്. മാത്രവുമല്ല, മറിയക്കുട്ടിയുടെ മകളല്ല സഹോദരിയാണ് വിദേശത്ത് ഉള്ളതെന്നും അതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ച പുതിയ വാര്‍ത്തയില്‍ പറയുന്നു.
ഈ വാര്‍ത്തയില്‍ തന്നെയാണ് നേരത്തെ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഖേദമറിയിച്ചിട്ടുള്ളതും. മറിയക്കുട്ടിക്ക് നേരത്തെ പഴംപള്ളിച്ചാലില്‍ ഭൂമിയുണ്ടായിരുന്നെന്നും എന്നാല്‍ അതിന് പട്ടയമുണ്ടായിരുന്നില്ലെന്നും ദേശാഭിമാനി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
ദേശാഭിമാനി നേരത്തെ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകള്‍ വിദേശത്താണെന്നും പറഞ്ഞ് കൊണ്ട് നല്‍കിയ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ഇടത് സൈബര്‍ പ്രൊഫൈലുകള്‍ മറിയക്കുട്ടിയുടെ സമരം നാടകമാണെന്ന് ആരോപിച്ചിരുന്നു. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തി എന്നായിരുന്നു ഈ വാര്‍ത്തയുടെ തലക്കെട്ട്. യൂത്ത് കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നും ഇത്തരം പ്രൊഫൈലുകള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചതും ദേശാഭിമാനി ഇപ്പോള്‍ തിരുത്ത് നല്‍കിയതും.
content highlights; Deshabhimani Daily expresses regret for publishing wrong news on Maryakutty’s name